കൊൽക്കത്ത: പട്ടികജാതി/പട്ടിക വർഗം ഒഴികെയുള്ള മറ്റു പിന്നാക്ക വിഭാഗങ്ങൾ (ഒബിസി) ക്കായി പശ്ചിമബംഗാളിൽ 2010 മുതൽ നൽകിയ സർട്ടിഫിക്കറ്റുകൾ കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കി. ഒബിസി സർട്ടിഫിക്കറ്റുകൾ നൽകിയ പ്രക്രിയ ചോദ്യംചെയ്തുകൊണ്ടുള്ള പൊതുതാൽപര്യ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന വിധി.
2010-ന് ശേഷം തയ്യാറാക്കിയ ഒബിസി പട്ടിക നിയമവിരുദ്ധമാണെന്ന് നിരീക്ഷിച്ച കോടതി, പശ്ചിമ ബംഗാൾ പിന്നാക്ക വിഭാഗ കമ്മീഷന്റെ 1993-ലെ നിയമം അടിസ്ഥാനപ്പെടുത്തി പുതിയ ഒബിസി പട്ടിക തയ്യാറാക്കാനും നിർദേശിച്ചു. 2010-ന് മുമ്പ് സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് കോടതി ഉത്തരവ് ബാധകമായിരിക്കില്ല.
പിന്നാക്ക വിഭാഗ കമ്മീഷന്റെ 1993-ലെ നിയമത്തെ മറികടന്നാണ് 2010-ന് ശേഷം എല്ലാ ഒബിസി സർട്ടിഫിക്കറ്റുകളും നൽകിയതെന്നാണ് 2011-ൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലെ ആരോപണം. യഥാർഥത്തിൽ അർഹരായ പിന്നാക്ക വിഭാഗക്കാർക്ക് സർട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നാണ് ഹർജിയിൽ പറയുന്നത്.
2010 മുതൽ 2024 വരെ നൽകിയ ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയെങ്കിലും സർട്ടിഫിക്കറ്റ് ഉടമകൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ നിലവിൽ ലഭിക്കുമെന്നും കോടതി വ്യക്തമാക്കി. സർട്ടിഫിക്കറ്റ് പ്രയോജനപ്പെടുത്തി ആനുകൂല്യങ്ങളോ സേവനങ്ങളോ ലഭിച്ചവരെയോ സംസ്ഥാനത്തെ വിവിധ സെലക്ഷൻ പ്രക്രിയകളിൽ വിജയിച്ചവരെയോ കോടതി ഉത്തരവ് ബാധിക്കില്ല.
അതേസമയം, കോടതി വിധി അംഗീകരിക്കില്ലെന്നും ഒബിസി സംവരണം തുടരുമെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. ഒബിസി സംവരണം നടപ്പാക്കുന്നതിന് മുൻപ് സർവ്വേകൾ നടത്തിയിരുന്നുവെന്നും എന്തുകൊണ്ട് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നയങ്ങൾ സംബന്ധിച്ച് ഇത്തരം ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നും അവർ ചോദിച്ചു.
Content Highlights: kolkata high court canceled OBC certificates issued in Bengal since 2010
Published: 22 May 2024, 06:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented