കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായി വിമത എം.എൽ.എ. ഋതബ്രത ബാനർജിയെ അംഗീകരിച്ച സ്പീക്കറുടെ നടപടിക്ക് കൊൽക്കത്ത ഹൈക്കോടതിയുടെ അനുമതി. സ്പീക്കർ രതീന്ദ്ര ബോസിന്റെ തീരുമാനത്തിന് സ്റ്റേ അനുവദിക്കണമെന്ന തൃണമൂൽ കോൺഗ്രസിന്റെ ആവശ്യം കോടതി നിരസിച്ചു. ഇതോടെ മുൻ മുഖ്യമന്ത്രിയും ടി.എം.സി. അധ്യക്ഷയുമായ മമത ബാനർജിക്ക് കനത്ത തിരിച്ചടി നേരിട്ടു. ഈ ഘട്ടത്തിൽ സ്പീക്കറുടെ ഉത്തരവിൽ ഇടപെടാൻ കോടതി വിസമ്മതിച്ചതോടെ, കേസിൽ തുടനടപടികളുണ്ടാകുന്നതുവരെ ഋതബ്രതയ്ക്ക് പ്രതിപക്ഷ നേതാവായി തുടരാം.
മമതയുടെ അടുത്ത അനുയായിയും മുതിർന്ന തൃണമൂൽ നേതാവുമായ ശോഭൻദേബ് ചട്ടോപാധ്യായ സമർപ്പിച്ച ഹർജി ജസ്റ്റിസ് കൃഷ്ണ റാവുവാണ് പരിഗണിച്ചത്. തൃണമൂലിന് ഇടക്കാല ആശ്വാസം നൽകാൻ വിസമ്മതിച്ച കോടതി, പ്രഥമദൃഷ്ട്യാ ഹർജിക്കാരന് അനുകൂലമായ തെളിവുകളില്ലെന്ന് നിരീക്ഷിച്ചു. ഹർജിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ കക്ഷികൾക്ക് മൂന്നാഴ്ചത്തെ സമയം അനുവദിച്ച കോടതി, കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ജൂലായ് 28-ലേക്ക് മാറ്റി.
പരാജയത്തെത്തുടർന്ന് ടി.എം.സി.യിൽ ആഭ്യന്തര ഭിന്നത നിലനിൽക്കുന്നതിനിടെയാണ് ഈ തീരുമാനം. മേയ് ആറിന് ശോഭൻദേവ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവായി ടി.എം.സി. തിരഞ്ഞെടുത്തിരുന്നു. പാർട്ടി പിന്നീട് സ്പീക്കറെ ഈ തീരുമാനമറിയിച്ചു. സ്പീക്കർ ഔദ്യോഗിക പ്രമേയവും യോഗത്തിന്റെ മിനിറ്റ്‌സും ആവശ്യപ്പെട്ടതിനെത്തുടർന്ന് മേയ് 19-ന് ടി.എം.സി. വീണ്ടും യോഗംചേരുകയും ആവശ്യപ്പെട്ട രേഖകൾ സ്പീക്കറുടെ ഓഫീസിന് കൈമാറുകയും ചെയ്തു. എന്നാൽ, ആവശ്യമായ എല്ലാ രേഖകളും നൽകിയിട്ടും സ്പീക്കർ തങ്ങളുടെ അവകാശവാദത്തിൽ നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് തൃണമൂലിന്റെ ഹർജിയിൽ ആരോപിക്കുന്നു.
Content Highlights: Calcutta High Court denies interim relief to TMC regarding the LoP post., Speaker Rathindra Bose's decision to recognize Ritabrata Banerjee as LoP remains in effect., The court found no prima facie case for the petitioner, Sobhandeb Chattopadhyay., Next hearing scheduled for July 28 after affidavit filings.
Published: 18 Jun 2026, 12:39 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented