
മുപ്പതുവര്ഷംമുന്പ്, 1995 ഓഗസ്റ്റ് 13-ന് പഹല്‍ഗാമിലെ പുല്മേട്ടില് തലയറ്റ ഒരു മൃതദേഹം കിടന്നു. അതിന്റെ നെഞ്ചില്‍ 'അല്‍ ഫറാന്‍' എന്ന് ചെത്തിവെച്ചിരുന്നു. നോര്വേക്കാരന് ഹാന്‍സ് ക്രിസ്റ്റ്യന്‍ ഓസ്ട്രോയുടേതായിരുന്നു ആ ശരീരം. അന്ന് ഓസ്ട്രോയ്ക്ക് വയസ്സ് 27. കേരളത്തിന്റെ ദത്തുപുത്രനായിരുന്നു ഓസ്ട്രോ. പാലക്കാട് ശ്രീകൃഷ്ണപുരം ഗ്രാമത്തില്‍ താമസിച്ച് കഥകളിയും കര്‍ണാടകസംഗീതവും പഠിച്ച കലാകാരന്. അദ്ദേഹം കല്യാണസൗഗന്ധികം കഥകളിയിലെ ഭീമനായി. 'ഹംസം നമ്പൂതിരി'യെന്ന് സ്വയംവിളിച്ചു.
കശ്മീരിനെ വിഘടനവാദത്തിന്റെ മണ്ണാക്കാന്‍ ഒരുമ്പെട്ടിറങ്ങിയ ഹര്‍ക്കത്തുല്‍ അന്‍സാര്‍ ഭീകരര്‍ക്ക് കവിയും കലാകാരനും ഒന്നുമല്ലായിരുന്നു. അവര്‍ക്ക് ഓസ്ട്രോ ഒരു വിദേശിമാത്രമായിരുന്നു. ഇന്ത്യന്‍ ജയിലുകളിലുണ്ടായിരുന്ന 21 ഭീകരരുടെ മോചനം സാധ്യമാക്കാന്‍ തട്ടിയെടുത്ത ആറുവിദേശികളില് ഒരാള്‍. ആ 21-ല്‍ പ്രധാനി പാകിസ്താനില്‍നിന്നുള്ള പുരോഹിതന് മസൂദ് അസ്ഹറും. അന്ന് അയാള്‍ ജെയ്ഷെ മുഹമ്മദ് സ്ഥാപിച്ചിട്ടില്ലായിരുന്നു. വ്യാജരേഖകളുപയോഗിച്ച് ഇന്ത്യയില്ക്കടന്ന് കശ്മീരില്‍ വിഘടനവാദത്തിന്റെയും കലാപത്തിന്റെയും വിത്തുവിതച്ചുനടക്കുകയായിരുന്നു. അതിനിടയിലാണ് ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയിലായതും ജയിലിലായതും.

വിദേശികളുടെ ജീവന്‍വെച്ച് വിലപേശി മസൂദിനെ പുറത്തിറക്കുകയായിരുന്നു പാകിസ്താന്റെ പിന്തുണയുള്ള ഭീകരസംഘടനയായ ഹര്‍ക്കത്തുല്‍ അന്‍സാറിന്റെ ലക്ഷ്യം. ആധുനികഭീകരതയുടെ ആഗമനമായാണ് ഈ സംഭവത്തെ പലരും വിലയിരുത്തുന്നത്. 'ദ മെഡോ: കശ്മീര്‍ 1995-വേര് ദ ടെററര്‍ ബിഗാന്‍' എന്ന പുസ്തകത്തില്‍ ബ്രിട്ടീഷ് ജേണലിസ്റ്റുകളായ അഡ്രിന്‍ ലീവീയും കാത്തി സ്കോട്ട് ക്ലാര്‍ക്കും പറയുന്നത് കശ്മീരിലെ ഭീകരര്‍ ആദ്യമായി വിദേശികളെ തുറുപ്പുചീട്ടാക്കി ഇന്ത്യയോടുവിലപേശിയ ഈ സംഭവത്തെക്കുറിച്ചാണ്; അത് പില്ക്കാല ഭീകരപ്രവര്‍ത്തനത്തെ എങ്ങനെ മാറ്റിത്തീര്‍ത്തു എന്നാണ്.
മസൂദിനുവേണ്ടി
അന്ന് ഹര്‍ക്കത്തുല്‍ അന്‍സാറിന്റെ (ഹര്‍ക്കത്തുല്‍ മുജാഹിദീന്‍) ജനറല്‍ സെക്രട്ടറിയായിരുന്നു മസൂദ്. അയാളെ മോചിപ്പിക്കാന്‍ ഭീകരര്‍ ഒരുമ്പെട്ടിറങ്ങി. 1980-കളിലെ സോവിയറ്റ്-അഫ്ഗാന് യുദ്ധകാലത്ത് അഫ്ഗാനിസ്താനിലുണ്ടായിരുന്ന സിക്കന്ദര്‍ എന്ന കശ്മീരിയുടെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു ഇതിന്റെ ചുമതല. കിം ഹൗസെഗോ, ഡേവിഡ് മക്കീ എന്നീ ബ്രിട്ടീഷുകാരെ 1994-ല്‍ പഹല്‍ഗാമില്‍നിന്ന് സിക്കന്ദറും സംഘവും തട്ടിക്കൊണ്ടുപോയെങ്കിലും ദൗത്യം പരാജയത്തിലൊടുങ്ങി. അന്താരാഷ്ട്രസമ്മര്‍ദം മുറുകിയപ്പോള്‍ സംഘം ബന്ദികളെ കൈയൊഴിഞ്ഞു. 'അല്‍ ഫറാന്‍' എന്ന നിഴല്സംഘമുണ്ടാക്കിയായിരുന്നു രണ്ടാം ശ്രമം. സംഘത്തിന് ഈ പേരിട്ടത് ഇസ്ലാമാബാദില്നിന്നാണെന്ന് 'ദ മെഡോ' പറയുന്നു.
1995 ജൂലായില്‍ പഹല്‍ഗാമിനു പരിസരത്തെ പ്രശസ്തമായ പുല്‍മേട്ടില്‍നിന്ന് കണ്ണില്‍ക്കണ്ട വിദേശ വിനോദസഞ്ചാരികളെ അവര്‍ പിടികൂടി. അവരില്‍ രണ്ടുപേര്‍ ബ്രിട്ടീഷുകാര്‍ (പോള്‍ വെല്‍സ്, കീത്ത് മാന്‍ഗന്‍), രണ്ടുപേര്‍ അമേരിക്കക്കാര്‍ (ജോണ്‍ ചൈല്‍ഡ്സ്, ഡോണ്‍ ഹച്ചിങ്സ്), ഒരാള്‍ നോര്വേക്കാരന് (ഹാന്‍സ് ക്രിസ്റ്റ്യന്‍ ഓസ്ട്രോ), ഒരാള്‍ ജര്മന്കാരന് (ഡിര്‍ക് ഹസ്റ്റേര്ട്ട്). അവിടെയുണ്ടായിരുന്ന സ്ത്രീകളെ കുറിപ്പുംകൊടുത്ത് താഴ്വാരത്തേക്കയച്ചു. മസൂദ് അസ്ഹറിനെയും മറ്റുള്ളവരെയും മോചിപ്പിക്കണമെന്നായിരുന്നു ആ കുറിപ്പില്‍. ബന്ദികളില്‍ ജോണ്‍ ചൈല്‍ഡ്സ് എങ്ങനെയോ രക്ഷപ്പെട്ടു. ഓസ്ട്രോയെ ഭീകരര്‍ വധിച്ചു. മറ്റുള്ളവരെക്കുറിച്ച് ഇന്നോളം ഒരു വിവരവുമില്ല. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപയാണ് അന്ന് ജമ്മു-കശ്മീര്‍ സര്‍ക്കാര്‍ പ്രതിഫലം പ്രഖ്യാപിച്ചത്.
ഭീകരതയുടെ വളര്‍ച്ച
ഉദ്ദേശ്യം നടന്നില്ലെങ്കിലും ഇന്ത്യയുടെ ശ്രമങ്ങളെയും പാശ്ചാത്യസമ്മര്ദത്തെയും ഹര്‍ക്കത്തുല്‍ അന്‍സാര്‍ ചെറുത്തുനിന്നു. ഈ സംഭവം മസൂദിനും സംഘത്തിനും വേറിട്ട ഛായനല്കി. അവര്‍ തന്ത്രങ്ങള്‍ രാകിമിനുക്കി. പിന്നെ അവര്‍ ഉസാമ ബിന്‍ ലാദന്റെ അല്‍ ഖായിദയുമായി കൈകോര്‍ത്തു. വൈകാതെ (1996) അഫ്ഗാനിസ്താനില്‍ താലിബാന് ഭരണം പിടിച്ചു. അവരുടെ പിന്തുണയും മസൂദിനും സംഘത്തിനും കിട്ടി. 1999-ല്‍ മറ്റൊരു തട്ടിയെടുക്കലിലൂടെ-കാണ്ഡഹാര്‍ വിമാനറാഞ്ചല്‍-മസൂദിനെ ഭീകരര്‍ പുറത്തെത്തിച്ചു. അയാള്‍ പാകിസ്താനിലൊളിച്ചു. ജയ്ഷെ മുഹമ്മദുണ്ടാക്കി. ലഷ്കറെ തൊയ്ബയുടെ സഹായത്തോടെ 2001-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിച്ചു. 2008-ല്‍ മുംബൈയില്‍ ഭീകരാക്രമണപരമ്പരനടത്തി. പഠാന്‍കോട്ടും പുല്‍വാമയും സംഭവിച്ചത് അതിനുശേഷം. അല്‍ ഫറാന്‍, ഹര്‍ക്കത്തുല്‍ അന്‍സാറിന്റെ നിഴല്സംഘമായപോലെ ഇത്തവണ ടിആര്‍എഫ് ലഷ്കറെ തൊയ്ബയ്ക്കുവേണ്ടിയിറങ്ങി. പുല്മേട്ടില് വീണ്ടും ചോരപുരണ്ടിരിക്കുന്നു.
Content Highlights: kidnapping and murder of hans christian ostro from pahalgam
Published: 24 Apr 2025, 03:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented