
ന്യൂഡല്‍ഹി: പഞ്ചാബിലെ ശൗര്യചക്ര പുരസ്‌കാര ജേതാവായ അധ്യാപകന്റെ കൊലപാതകത്തിന് പിന്നില്‍ നിരോധിത ഭീകര സംഘടനയായ ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സിന്റെ (കെഎല്‍എഫ്) കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അംഗങ്ങളാണെന്ന് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ). ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതക അന്വേഷണവുമായി ബന്ധപ്പെട്ട് കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ഈ വിവരം പുറത്തുവരുന്നത്.
2020 ഒക്ടോബറില്‍ തരണ്‍ താരണ്‍ ജില്ലയിലെ ഭിഖീവിണ്ടിലെ വീടിന് പുറത്തുവെച്ചാണ് അധ്യാപകനായ ബല്‍വിന്ദര്‍ സിങ് സന്ധു വെടിയേറ്റ് മരിച്ചത്. 1990 കളില്‍ സംസ്ഥാനത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാടിയതിനാണ് അദ്ദേഹത്തിന് ശൗര്യചക്ര പുരസ്‌കാരം നല്‍കിയത്.
കാനഡയില്‍ നിന്നുള്ള ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സ് പ്രവര്‍ത്തകനായ സുഖ്മീത് പാല്‍ സിങ് എന്ന സണ്ണി ടൊറോന്റോയും അന്തരിച്ച ഖലിസ്ഥാന്‍ വിഘടനവാദി ജര്‍നയ്ല്‍ സിങ് ഭിന്ദ്രന്‍വാലയുടെ സഹോദരപുത്രനായ ലഖ്‌വീര്‍ സിങ് എന്ന റോഡും ചേര്‍ന്നാണ് കൊലപാതകത്തിനുള്ള നിര്‍ദേശം നല്‍കിയതെന്നാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികള്‍ നല്‍കിയ മൊഴിയെന്ന് എന്‍ഐഎ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയതായി ഇന്ത്യടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്‍ഐഎയുടെ കുറ്റപത്രത്തില്‍ സണ്ണി ടൊറന്റോയെയും ലഖ്വീര്‍ സിങ്ങിനെയും പ്രതികളാക്കുകയും ഒളിവില്‍പ്പോയവരായി കാണിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ഖലിസ്ഥാന്‍ വിരുദ്ധ സംഘടനകളെ ഉന്മൂലനം ചെയ്യാന്‍ ഇരുവരും ഗൂഢാലോചന നടത്തിയതായി എന്‍ഐഎ പറയുന്നു. സന്ധുവിനെ കൊലപ്പെടുത്താന്‍ ഇന്ദര്‍ എന്നറിയപ്പെടുന്ന ഇന്ദര്‍ജിത് സിങിനെ പോലെയുള്ള പഞ്ചാബിലെ തീവ്രവാദികളായ യുവാക്കളെയും സണ്ണി ടൊറന്റോ ബന്ധപ്പെട്ടിരുന്നുവെന്നും എന്‍എഐ പറയുന്നു.
സായുധ പോരാട്ടത്തിലൂടെ ഖലിസ്ഥാന്‍ സ്ഥാപിക്കുകയാണ് ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സിന്റെ പ്രധാന ലക്ഷ്യമെന്ന് എന്‍ഐഎ പറയുന്നു. പഞ്ചാബില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി ഖലിസ്ഥാന്‍ പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്ന് കെഎല്‍എഫ് നേതൃത്വം കരുതുന്നുവെന്നും എന്‍ഐഎ പറഞ്ഞു.
ജര്‍നയ്ല്‍ സിങ് ഭിന്ദ്രന്‍വാലയുടെ പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുന്ന സംഘടനകളും വ്യക്തികളുമാണ് കെഎല്‍എഫിന്റെ പ്രധാന ലക്ഷ്യമെന്നും എന്‍ഐഎ വ്യക്തമാക്കി. അതില്‍ ഒന്നായിരുന്നു ബല്‍വീന്ദര്‍ സിങ് സന്ധു.
Content Highlights: The NIA alleges Khalistan Liberation Force members based in Canada killed Balwinder Singh Sandhu
Published: 16 Oct 2024, 08:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented