ന്യൂഡൽഹി: പുതുക്കിയ കീം റാങ്ക് പട്ടികയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കേരള സിലബസ് വിദ്യാർഥികൾ. പുതിയ പട്ടിക കേരള സിലബസ് വിദ്യാർഥികളോടുള്ള നീതിനിഷേധം ആണെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഞായറാഴ്ച ഓൺലൈനായി ഹർജി ഫയൽ ചെയ്തു. തിങ്കളാഴ്ച ഹർജി കോടതിയിൽ മെൻഷൻ ചെയ്യാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പ്രശാന്ത് ഭൂഷൺ വിദ്യാർഥികൾക്കായി കോടതിയിൽ ഹാജരായേക്കും.

To advertise here,

15 പേരാണ് ഹർജിയിൽ കക്ഷി ചേർന്നിരിക്കുന്നത്. കൂടുതൽ കേരള സിലബസ് വിദ്യാർഥികൾ ഹർജിയിൽ കക്ഷി ചേരാനുള്ള സാധ്യതയുമുണ്ട്. പുതുക്കിയ റാങ്ക് പട്ടിക സ്റ്റേ ചെയ്യണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. കേരള സിലബസിലെ വിദ്യാർഥികളുടെ പ്ലസ് ടു മാർക്കിൽ നിന്നും ഏകദേശം 27 മാർക്ക് കുറച്ച് അതിനുശേഷം റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്ന രീതിയാണ്  12 വർഷമായി തുടർന്നു വരുന്നത്. ഇത് വിദ്യാർഥികളോടുള്ള നീതി നിഷേധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. 

ഓഗസ്റ്റ് 18 നകം പ്രവേശനവുമായി ബന്ധപ്പെട്ടിട്ടുള്ള അലോട്ട്മെന്റ് നടപടികൾ അടക്കം പൂർത്തീകരിക്കേണ്ട സ്ഥിതിയുള്ളതിനാലാണ് കേരള സർക്കാർ നേരിട്ട് സുപ്രീം കോടതിയെ സമീപിക്കേണ്ട, വിദ്യാർഥികൾക്ക് നേരിട്ട് കോടതിയിൽ പോകാമെന്നുള്ള ഒരു തീരുമാനം എടുക്കുകയും ചെയ്തത്. കേരള സർക്കാർ ഒപ്പം നിൽക്കുമെന്ന പ്രതീക്ഷയാണ് വിദ്യാർഥികൾ പങ്കുവെക്കുന്നത്.

അതേസമയം പഴയ ഫോർമുല വെച്ച് റാങ്ക് പട്ടിക പരിഷ്കരിക്കുന്നത് കേരള സിലബസിലെ വിദ്യാർഥികൾക്ക് ബുദ്ധിമുട്ടാവില്ലേ എന്ന ചോദ്യത്തിന് ഇനി വിഷമിച്ചിട്ട് എന്ത് കാര്യമാണുള്ളതെന്നായിരുന്നു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ ബിന്ദുവിന്റെ പ്രതികരണം. സർക്കാർ തലത്തിൽ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ആവർത്തിക്കുകയാണ് മന്ത്രി.