ന്യൂഡൽഹി: കേരള ഹൈക്കോടതിയിലെ ഏഴ് അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരാക്കാനുള്ള നടപടികൾ തുടങ്ങി. സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ ലഭിച്ചാലുടൻ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.  അഡീഷണൽ ജഡ്ജിമാരായ എം എ അബ്ദുൾ ഹക്കീം, വി എം ശ്യാംകുമാർ, ഹരിശങ്കർ വി മേനോൻ, എസ് മനു, എസ് ഈശ്വരൻ, പിഎം മനോജ്, എം ബി സ്‌നേഹലത എന്നിവരെ സ്ഥിരം ജഡ്ജിമാരാക്കാനുള്ള നടപടികളാണ് ആരംഭിച്ചത്.

To advertise here,

2024 മാർച്ച് 23 ന് ആണ് ഇതിൽ എം ബി സ്‌നേഹലത ഒഴികെയുള്ളവർ അഡീഷണൽ ജഡ്ജിമാരായി ചുമതലയേറ്റത്. എം ബി സ്‌നേഹലത അഡീഷണൽ ജഡ്ജിയായി ചുമതലയേറ്റത് 2024 ഏപ്രിൽ 25 ന് ആണ്. രണ്ട് വർഷത്തേക്ക് ആയിരുന്നു അഡീഷണൽ ജഡ്ജിയായുള്ള നിയമനം.

എം ബി സ്‌നേഹലത ഒഴികെയുള്ളവരുടെ അഡീഷണൽ ജഡ്ജി കാലാവധി മാർച്ച് 21 ന് അവസാനിക്കും. സ്‌നേഹലതയുടെ കാലാവധി ഏപ്രിൽ 24 ന് ആണ് അവസാനിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഈ ആറ് അഡീഷണൽ ജഡ്ജിമാരെയും സ്ഥിരം ജഡ്ജിമാരായി നിയമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശകൾ ലഭിച്ചാലുടൻ തുടർ ഉത്തരവുകൾ ഉടൻ പുറത്തിറക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

കേരള ഹൈക്കോടതിയിൽ ജഡ്ജിമാരുടെ ഏഴ് ഒഴിവുകൾ

കേരള ഹൈക്കോടതിയിൽ ജഡ്ജിമാരുടെ ഏഴ് ഒഴിവുകൾ ആണ് നിലവിൽ ഉള്ളതെന്ന് കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്വാൾ അറിയിച്ചു. രാജ്യസഭയിൽ കഴിഞ്ഞ ദിവസം ഒരു ചോദ്യത്തിന് നൽകിയ ഉത്തരത്തിലാണ് ഇക്കാര്യം കേന്ദ്ര നിയമ മന്ത്രി അറിയിച്ചത്. സ്ഥിരം ജഡ്ജിമാരുടെ 35 ഉം, അഡീഷണൽ ജഡ്ജിമാരുടെ 12 തസ്തികളുമാണ് കേരള ഹൈക്കോടതിയിൽ ഉള്ളത്.

അഭിഭാഷക ശ്രീജ വിജയലക്ഷ്മിയെ കേരള ഹൈക്കോടതി ജഡ്ജിയായി ഉയർത്താൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ഇപ്പോഴും കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ ആണ്. 2023 ഡിസംബർ അഞ്ചിനാണ് ശ്രീജ വിജയലക്ഷ്മിയെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ആദ്യം ശുപാർശ നൽകിയത്. കേന്ദ്ര സർക്കാർ ഈ ശുപാർശ മടക്കിയെങ്കിലും 2024 ഏപ്രിലിൽ കൊളീജിയം വീണ്ടും ശുപാർശ ആവർത്തിച്ചു. ഇതിൽ സർക്കാർ തീരുമാനം ആയിട്ടില്ലെന്നാണ് സുപ്രീം കോടതി വൃത്തങ്ങൾ നൽകുന്ന സൂചന.

സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷക ലിസ് മാത്യു, കേരള ഹൈക്കോടതിയിലെ അഭിഭാഷക എ.കെ. പ്രീത എന്നിവരെ ജഡ്ജിമാരാക്കാൻ കേരള ഹൈക്കോടതി കൊളീജിയം ശുപാർശ നൽകിയിരുന്നു. ബാക്കിയുള്ള നാല് ഒഴിവുകളിലേക്ക് കേരള ഹൈക്കോടതി കൊളീജിയം ശുപാർശ വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര നിയമ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.