
ന്യൂഡൽഹി: സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും ധരിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാനത്തിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ സഹകരണവും തേടി. ദേശീയപാതാ വികസനത്തിനായി ഭൂമിയേറ്റെടുക്കുന്നതിന് നൽകിയ തുക കടമെടുപ്പുപരിധിയിൽനിന്ന് ഒഴിവാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളും ഉന്നയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനുമായും ചർച്ചനടത്തി. മുഖ്യമന്ത്രിയായശേഷം നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിലക്കയറ്റസാധ്യതയടക്കമുള്ള സാമ്പത്തികസമ്മർദം ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്നത് കേരളമാണെന്നും ഇത് മറികടക്കാൻ കേന്ദ്രസമീപനം ഉദാരമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തുറമുഖവികസനം, ദേശീയപാതാ വികസനം അടക്കമുള്ള സ്വപ്നപദ്ധതികളിൽ കേന്ദ്രസഹകരണം തേടി. ആശാവഹമായ പ്രതികരണമാണ് ഉണ്ടായതെന്നാണ് സൂചന.
സാമ്പത്തികസ്ഥിതി സംബന്ധിച്ച ധവളപത്രം ജൂൺ ആദ്യവാരം ഉണ്ടാകുമെന്ന് പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തണമെന്നതും സ്വപ്നപദ്ധതികൾക്ക് സഹായവുമാണ് പ്രധാനമായും ഉന്നയിച്ചത്. ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് 25 ശതമാനം തുക, ഏതാണ്ട് 5580 കോടിയോളം കേരളം ദേശീയപാതാ അതോറിറ്റിക്ക് നൽകിയിട്ടുണ്ട്. ആ തുക കടമെടുപ്പിന്റെ പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയോടും ധനമന്ത്രിയോടും ആവശ്യപ്പെട്ടു. കിഫ്ബി, പെൻഷൻഫണ്ട് എന്നിവ വരുത്തിയ ബാധ്യതകൾകൂടി കടമെടുപ്പിന്റെ പരിധിയിൽ വരുന്നുണ്ട്. ധവളപത്രം പുറത്തിറക്കിയശേഷം സാമ്പത്തികസ്ഥിതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കേന്ദ്രത്തെ അറിയിക്കും.
വിവിധ പദ്ധതികളിൽ സംസ്ഥാനത്തിന് അവകാശപ്പെട്ട തുക കുടിശ്ശികതീർത്ത് കിട്ടുന്നതിനെക്കുറിച്ചും ചർച്ചയായി. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട യൂട്ടിലിറ്റി സർട്ടിഫിക്കറ്റും ഓഡിറ്റ് ചെയ്ത കണക്കുകളും സമർപ്പിക്കാനുണ്ടോയെന്നത് പരിശോധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന് കിട്ടേണ്ട നികുതിവിഹിതം വർധിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചു. കിഫ്ബിയോട് അവരുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് തേടിയിരിക്കയാണെന്നും അത് പഠിച്ചശേഷമായിരിക്കും കിഫ്ബിയുമായി മുന്നോട്ടുപോകണമോയെന്ന കാര്യത്തിൽ തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു.
പ്രധാനമന്ത്രിക്ക് കഥകളിരൂപം മുഖ്യമന്ത്രി ഉപഹാരമായി സമ്മാനിച്ചു. ഉച്ചയ്ക്കുശേഷം കർത്തവ്യഭവനിൽവെച്ചായിരുന്നു ധനമന്ത്രി നിർമലാ സീതാരാമനുമായുള്ള കൂടിക്കാഴ്ച. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.ബുധനാഴ്ച മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണും.
Content Highlights: Kerala CM discussed the state's financial crisis with PM Modi and FM Nirmala Sitharaman., Requested exemption of NH land acquisition costs from the state's borrowing limit., Highlighted the impact of West Asia conflict on inflation and state economy., Announced the release of a White Paper on state finances in early June., Discussed pending tax shares and central assistance for infrastructure projects.
Published: 27 May 2026, 06:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented