ന്യൂഡൽഹി: അപ്രതീക്ഷിതമായാണ് കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ചത്. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ജയിലിൽ പോയപ്പോൾ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. എന്നാൽ ജയിലിൽ വെച്ച് ഭരണം നടത്താനുള്ള സാധ്യതകളായിരുന്നു കെജ്‌രിവാള്‍ തേടിയത്.

To advertise here,

ഇപ്പോൾ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ പാർട്ടിപ്രവർത്തകരെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹം രാജിക്കാര്യം വ്യക്തമാക്കിയത്. എന്നാൽ രണ്ട് ദിവസത്തിന് ശേഷമാണ് രാജിവെക്കുക എന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്തുകൊണ്ട് കെജ്‌രിവാള്‍ ഇപ്പോൾ തന്നെ രാജിവെക്കുന്നില്ല, 48 മണിക്കൂർ നേരത്തേക്ക് എന്തിന് കാത്തിരിക്കുന്നു എന്ന ചോദ്യങ്ങളും വിവിധ ഭാഗത്ത് നിന്ന് ഉയരുന്നുണ്ട്. ബിജെപി അടക്കം ഇത് ഉന്നയിക്കുന്നുണ്ട്. 

കെജ്‌രിവാളിന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനത്തിന് പിന്നാലെ ഡല്‍ഹിയില്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുമെന്ന് സ്പീക്കര്‍ റാം നിവാസ് ഗോയല്‍ അറിയിച്ചിട്ടുണ്ട്. കെജ്‌രിവാളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സ്പീക്കര്‍ ഇക്കാര്യം അറിയിച്ചത്.

മനീഷ് സിസോദിയയുടെ വീട്ടിൽ വെച്ച് ചേർന്ന പാർട്ടി ഉന്നതതല യോഗത്തിലാണ് കെജ്‌രിവാള്‍ രാജിക്കാര്യം അറിയിക്കുന്നത്. എന്നാൽ ആരായിരിക്കും അടുത്ത മുഖ്യമന്ത്രി എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. അടുത്ത വർഷം ഫെബ്രുവരിയിലാണ് ഡൽഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പ്. അത് നേരത്തെ ആക്കണമെന്നാണ് എഎപി ആവശ്യം. നവംബറിൽ നടക്കുന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനൊപ്പം തന്നെ ഡൽഹിയേയും പരിഗണിക്കണമെന്നാണ് എഎപിയുടെ ആവശ്യം. രണ്ട് ദിവസത്തിനകം കെജ്‌രിവാള്‍ രാജിവെച്ചാൽ നവംബർ വരേയോ അടുത്ത തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും വരേയോ പുതിയ മുഖ്യമന്ത്രിയെ പാർട്ടിക്ക് കണ്ടെത്തേണ്ടിത് വരും. അതാരാകും എന്നാണ് ഇപ്പോൾ പാർട്ടി പ്രവർത്തകരടക്കം ഉറ്റു നോക്കുന്നത്. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രി അതിഷി അടക്കമുള്ളവരുടെ ലിസ്റ്റ് മുമ്പിലുണ്ട്.

കെജ്‌രിവാള്‍ കഴിഞ്ഞാല്‍ നിലവില്‍ പാര്‍ട്ടിയില്‍ രണ്ടാമന്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആണ്. എന്നാല്‍ ജനകീയ വിധി വന്ന ശേഷമേ താനും സ്ഥാനം ഏറ്റെടുക്കൂവെന്ന് മനീഷ് സോസിദിയയും വ്യക്തമാക്കിയിട്ടുണ്ട്. കെജ്‌രിവാള്‍ തന്നെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഇവർ രണ്ടുപേരും ഇല്ലെങ്കിൽ, ഇനി ആര് എന്ന ചോദ്യമാണ് ഉയരുന്നത്.

സാധ്യത കല്പിക്കപ്പെടുന്നവർ:

സുനിതാ കെജ്‌രിവാള്‍

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെജ്‌രിവാളിന്റെ ഭാര്യ എത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങളും നിലനില്ക്കുന്നുണ്ട്. കെജ്‌രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്തപ്പോൾ വളരെ നിർണായക നീക്കങ്ങളായിരുന്നു സുനിതയുടെ ഭാഗത്തുനിന്നുണ്ടായത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ ഡൽഹി, ഗുജറാത്ത്, ഹരിയാണ അടക്കമുള്ളിടങ്ങളിലെ പ്രചാരണം സുനിത ഏറ്റെടുത്തിരുന്നു. മുൻ ഐ.ആർ.എസ്. ഉദ്യോഗസ്ഥ കൂടിയാണ സുനിത. കെജ്‌രിവാളിന്റെ അറസ്റ്റിന് പിന്നാലെ പത്രസമ്മേളനങ്ങളിലടക്കം സുനിതയുടെ സാന്നിധ്യം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇന്ത്യ സഖ്യ പരിപാടികളിൽ സുനിതയുടെ സാന്നിധ്യം ഏറെ ചർച്ചയായിരുന്നു. 

കെജ്‌രിവാൾ ജലിയിലിൽ പോയതിന് പിന്നാലെ അദ്ദേഹത്തിന്റെ ഇരിപ്പിടത്തിൽ തന്നെ ഇരുന്ന് വീഡിയോ വഴി സന്ദേശങ്ങൾ നൽകുകയും പൊതുജനങ്ങളോട് സംവദിക്കുകയും ചെയ്തിരുന്നു. സുനിത നിലവിൽ ഡൽഹിയിൽ നിന്നുള്ള എം.എൽ.എയോട എഎപി അംഗമോ അല്ല. അതേസമയം സുനിത അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് എഎപിയുടെ പരിഗണനയിലുള്ള ആളെന്നാണ് പാര്‍ട്ടിവൃത്തങ്ങളെ അടക്കം ഉദ്ധരിച്ച് പി.ടി. ഐ. റിപ്പോർട്ട് ചെയ്യുന്നത്. 

അതിഷി

കെജ്‌രിവാൾ മന്ത്രിസഭയിലെ ആദ്യ വനിതാ മന്ത്രിയാണ് എഎപി മുതിർന്ന നേതാവായ അതിഷി. കൽക്കാജി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അതിഷി, രാജ്യതലസ്ഥാനത്ത് പാർട്ടിയുടെ വിദ്യാഭ്യാസ നയപരിഷ്കരണം നടപ്പാക്കാൻ ചുമതലപ്പെടുത്തിയ ടീമിലെ പ്രധാനിയാണ്. കെജ്‌രിവാവാളിന്റെ വിശ്വസ്തരായിരുന്ന മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും മദ്യനയ അഴിമതിക്കേസിൽ ജയിലിലായതോടെയാണ് അതിഷി മന്ത്രി സഭയിൽ എത്തുന്നത്. പിന്നീട് സുപ്രധാന വകുപ്പുകൾ അതിഷിക്ക് കൈകാര്യം ചെയ്യേണ്ടതായി വന്നു. വിദ്യാഭ്യാസം, ടൂറിസം, കല, സാംസ്കാരികം, ഭാഷ, പൊതുമരാമത്ത് വകുപ്പ്, വൈദ്യുതി എന്നീ വകുപ്പുകൾ നിലവിൽ അതിഷി കൈകാര്യം ചെയ്യുന്നുണ്ട്.

കെജ്‌രിവാൾ ജയിലിയാതോടെ സർക്കാരിന്റെ പ്രധാനമുഖമായി അതിഷി മാറി. കെജ്‌രിവാളിന്റെ സന്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കാനും ഭരണകാര്യങ്ങളിൽ മേൽനോട്ടം വഹിക്കാനും അതിഷി മുന്നിട്ടിറങ്ങി. നിലവിൽ സിസോദിയ കഴിഞ്ഞാൽ പാർട്ടിയിൽ ഏറ്റവും സുപ്രധാന സ്ഥാനത്തിരിക്കുന്നയാളാണ് അതിഷി. സിസോദിയ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന് അറിയിച്ചു കഴിഞ്ഞു. 

കൈലാഷ് ഗെഹ്ലോത്

നിലവിലുള്ള മന്ത്രിമാരിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ടിച്ചയാളാണ് കൈലാഷ് ഗെഹ്ലോത്. 2020 മുതൽ അദ്ദേഹം കെജ്‌രിവാൾ മന്ത്രിസഭയിൽ ഉണ്ട്. നിലവിൽ ഗതാഗതം, പരിസ്ഥിതി തുടങ്ങിയ വകുപ്പുകളാണ്  കൈകാര്യം ചെയ്യുന്നത്. നജാഫ്ഗഢിൽ നിന്നാണ് നിയമസഭയിൽ എത്തുന്നത്. 2015-മുതൽ അദ്ദേഹം നിയമസഭയിൽ ഉണ്ട്. 

അതിഷിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന പേരുകളിൽ ഒന്നാണ് കൈലാഷിന്റേത്.

സൗരഭ് ഭരദ്വാജ്

നിലവിലുള്ള കെജ്‌രിവാൾ മന്ത്രിസഭയിൽ അവസാനമായെത്തിയ ആളാണ് സൗരഭ് ഭരദ്വാജ്. എങ്കിലും പാർട്ടിയിൽ ഏറെ സ്വാധീനമുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. പത്ര സമ്മേളനങ്ങളിലും പൊതു ചർച്ചകളിലും സൗരഭ് ഭരദ്വാജ് സ്ഥിര സാന്നിധ്യമായിരുന്നു. ജനങ്ങൾക്കിടയിൽ ഇത് അദ്ദേഹത്തിന് ഏറെ പിരിചിതത്വം നേടിക്കൊടുത്തുവെന്ന് മാത്രമല്ല, കെജ്‌രിവാൾ ജയിലിലായതോടെ അതിഷിക്കൊപ്പം ചേർന്ന് നിന്ന് പ്രവർത്തിച്ചു കൊണ്ടിരുന്നു.

കെജ്‌രിവാളിന്റെ വിശ്വസ്തരായിരുന്ന മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും മദ്യനയ അഴിമതിക്കേസിൽ ജയിലിലായതോടെയാണ് സൗരഭ് ഭരദ്വാജ് മന്ത്രിസഭയിൽ എത്തുന്നത്. അതിഷിക്ക് ശേഷമായിരുന്നു അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഗ്രേറ്റർ കൈലാഷിൽ നിന്നാണ് അദ്ദേഹം നിയമസഭയിൽ എത്തുന്നത്. ഡൽഹി ആരോഗ്യവകുപ്പിന്റേയും ജലവകുപ്പിന്റേയും ചെയർമാനായിരുന്നു അദ്ദേഹം. നിലവിൽ അതിഷിയുടെ പേരിനൊപ്പം തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സൗരഭ് ഭരദ്വാജിന്റെ  പേരും ഉയരുന്നുണ്ട്. 

ഗോപാൽ റായ്

2013 മുതലാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. രാജ്യതലസ്ഥാനത്ത് എഎപി അധികാരം പിടിച്ച 2013-ൽ എഎപി സ്ഥാനാർഥിയായി ബാബർപുരിൽ നിന്ന് മത്സരിച്ചെങ്കിലും ബിജെപിയുടെ നരേശ് ഗൌരിനോട് പരാജയപ്പെട്ടു. തുടർന്ന് 2015ൽ വീണ്ടും അതേ മണ്ഡലത്തിൽ തന്നെ മത്സരിച്ച് നിയമസഭയിൽ എത്തുകയായിരുന്നു. 2020ലും അദ്ദേഹം ബാബർപുരിൽ നിന്ന് മത്സരിച്ച് നിയമസഭയിൽ എത്തി. 

നിലവിൽ വികസനം, പരിസ്ഥിതി, വനം, പൊതുകാര്യം അടക്കമുള്ള വകുപ്പുകൾ കൈകാര്യം ചെയ്യുന്നുണ്ട്. ആംആദ്മി പാർട്ടി മുതിർന്ന നേതാവായതുകൊണ്ട് തന്നെ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഗോപാൽ റായിയുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. 

ഇമ്രാൻ ഹുസൈൻ

2013-ൽ ബി.എസ്.പിയിൽ ആയിരുന്ന ഇമ്രാൻ, 2015-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി സ്ഥാനാർഥി ആയാണ് മത്സരിക്കുന്നത്. ബിജെപിയുടെ ശ്യാം ലാൽ മൊർവാളിനെ തോൽപ്പിച്ചാണ് നിയമസഭയിലെത്തുന്നത്. ഭക്ഷ്യവിതരണവകുപ്പ്, ഡൽഹിയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാധ്യതകല്പിക്കുന്നവരിൽ ഇമ്രാൻ ഹുസൈന്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്.

കെജ്‌രിവാളിന്റെ രാജി പ്രഖ്യാപനത്തെ കോൺഗ്രസ് സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ, പി.ആർ. സ്റ്റണ്ട് ആണെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം.