ന്യൂഡൽഹി: വോട്ട് ചോരിക്ക് ശേഷം രാജ്യത്ത് ഇപ്പോൾ നടക്കുന്നത് സീറ്റ് ചോരിയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മീനാക്ഷി നടരാജന്റെ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ കേന്ദ്രം ഇപ്പോഴും മൗനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

'മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട വിഷയം ജനറൽ സെക്രട്ടറിമാരുടേയും പിസിസി അധ്യക്ഷന്മാരുടേയും യോഗത്തിൽ വിശദമായി ചർച്ചചെയ്തു. ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും. ഭൂരിപക്ഷം ലഭിക്കാൻ വേണ്ടി മറ്റു പാർട്ടികളിൽനിന്നും എംപിമാരെ രാജിവെപ്പിച്ച് പിന്നീട് ബിജെപി എംപിമാരാക്കി മാറ്റുകയാണ്. വോട്ട് ചോരിക്ക് ശേഷം ഇപ്പോൾ സീറ്റ് ചോരിയാണ് നടക്കുന്നത്. ഇതിനെതിരേ നിയമപരമായും രാഷ്ട്രീയമായും പോരാടും.

രാജ്യത്തിന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യം പാർട്ടി ചർച്ചചെയ്തു. പെട്രോൾ, ഡീസൽ, എൽപിജി വില ദിനംപ്രതി വർധിക്കുകയാണ്. ജനം പൊറുതിമുട്ടിയിരിക്കുകയാണ്. സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു തരത്തിലുള്ള നടപടികളും ഉണ്ടാകുന്നില്ല. യുവാക്കൾ അവരുടെ ഭാവി ഓർത്ത് ആകെ ആശങ്കാകുലരാണ്. എവിടേയും തൊഴിൽ ഇല്ല', കെ.സി. വേണു ഗോപാൽ പറഞ്ഞു.