ന്യൂഡൽഹി: ഇറാന്റെ പുനർനിർമാണത്തിനായി പണവും ആഭരണങ്ങളും സംഭാവന ചെയ്ത കശ്മീർ ജനതയുടെ സ്നേഹത്തിനും മനുഷ്യത്വത്തിനും നന്ദിയറിയിച്ച് ഇന്ത്യയിലെ ഇറാനിയൻ എംബസി. ഔദ്യോഗിക എസ്ക് പ്ലാറ്റ്ഫോമിലൂടെയാണ് നന്ദിയറിയിച്ചിരിക്കുന്നത്.

To advertise here,

കശ്മീരിലെ ജനങ്ങൾ, പ്രത്യേകിച്ച് ബുഡ്‌ഗാം, ബാരാമുള്ള ജില്ലകളിലുള്ളവർ പശ്ചിമേഷ്യയിലെ തുടർച്ചയായുള്ള സംഘർഷത്താൽ ദുരിതമനുഭവിക്കുന്ന ഇറാനിലെ ജനങ്ങളെ സഹായിക്കാൻ ധനസമാഹരണം നടത്തി. സമീപകാല സൈനിക ആക്രമണങ്ങളിൽ നിന്ന് നാശനഷ്ടം സംഭവിച്ചവർക്കായി ഈദുൽ ഫിത്തർ ആഘോഷങ്ങൾക്ക് ശേഷമാണ് വീടുതോറും ധനസമാഹരണം നടത്തിയത്. പണത്തോടൊപ്പം സ്വർണ്ണവും വെള്ളിയും കന്നുകാലികളും പരമ്പരാഗത ചെമ്പുപാത്രങ്ങളും വരെ ആളുകൾ സംഭാവന നൽകി.

"ഹൃദയം നിറയെ നന്ദിയോടെ... കശ്മീരിലെ ദയയുള്ള ജനങ്ങൾ അവരുടെ മാനുഷിക പിന്തുണയിലൂടെയും ഹൃദയംഗമമായ ഐക്യദാർഢ്യത്തിലൂടെയും ഇറാനിയൻ ജനതയോടൊപ്പം നിന്നതിന് ഞങ്ങൾ ഹൃദ്യമായി നന്ദി പറയുന്നു; ഈ ദയ ഒരിക്കലും മറക്കില്ല. നന്ദി, ഇന്ത്യ," എംബസി ചിത്രങ്ങൾക്കൊപ്പം എക്സിൽ കുറിച്ചു.

സമൂഹത്തിലെ എല്ലാ വിഭാഗക്കാരും ഈ ദുരിതാശ്വാസസമാഹരണത്തിൽ പങ്കെടുത്തു. പല സ്ത്രീകളും അവരുടെ സ്വർണ്ണാഭരണങ്ങളും വിലപ്പെട്ട ഗാർഹിക വസ്തുക്കളും സംഭാവന ചെയ്തു. കശ്മീരിലെ ഒരു വിധവ തന്റെ ഭർത്താവിന്റെ ഓർമ്മയ്ക്കായി 28 വർഷമായി സൂക്ഷിച്ച സ്വർണത്തിലുള്ള സമ്മാനം സംഭാവന ചെയ്തു."28 വർഷം മുമ്പ് മരിച്ച തന്റെ ഭർത്താവിന്റെ ഓർമ്മയ്ക്കായി സൂക്ഷിച്ച സ്വർണ്ണം, ഇറാനിയൻ ജനതയോടുള്ള സ്നേഹവും ഐക്യദാർഢ്യവും ഹൃദയം നിറയെ കശ്മീരിലെ ഒരു ബഹുമാനപ്പെട്ട സഹോദരി സംഭാവന ചെയ്തു. നിങ്ങളുടെ കണ്ണുനീരും നിഷ്കളങ്കമായ സനേഹവും ഇറാനിയൻ ജനതയ്ക്ക് ഏറ്റവും വലിയ ആശ്വാസമാണ്, അവ ഒരിക്കലും മറക്കില്ല," പോസ്റ്റിൽ പറയുന്നു.

ചിലർ കന്നുകാലികളെ പോലും നൽകി. കുട്ടികളും അവരുടെ സമ്പാദ്യവും ഈദുൽ ഫിത്തറിന് ലഭിച്ച പണവും സംഭാവന ചെയ്തുകൊണ്ട് ഇതിൽ പങ്കുചേർന്നു. ബഡ്ഗാം എം‌എൽ‌എ മുന്ദാസിർ മെഹ്ദി ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വാഗ്ദാനം ചെയ്തു.

ഇന്ത്യൻ എംബസി സാമൂഹിക മാധ്യമങ്ങളിൽ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ പങ്കുവെച്ച് ഏകദേശം ഒരു ആഴ്ചയ്ക്ക് ശേഷമാണ് സംഭാവനകൾ പ്രവഹിക്കാൻ തുടങ്ങിയത്. സംഭാവനകൾ ഇറാനിയൻ എംബസി ഉൾപ്പെടെയുള്ള ഔദ്യോഗിക ദുരിതാശ്വാസ സംഘടനകൾ വഴി ആവശ്യമുള്ളവരിലേക്ക് എത്തുമെന്ന് അധികൃതർ പറഞ്ഞു.