ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് മന്ത്രിസഭയിലെ ഒരു സീനിയർ മന്ത്രിക്കെതിരെ രണ്ടു തവണ പരാജയപ്പെട്ട ഹണിട്രാപ്പ് ഒരുക്കിയതായി റിപ്പോർട്ട്. ഇന്നലെ കർണാടക നിയമസഭയിൽ വിവാദത്തിന് തിരികൊളുത്തി  48 എം.എല്‍.എമാരെ ഹണി ട്രാപ്പില്‍ കുടുക്കിയിട്ടുണ്ടെന്ന കര്‍ണാടക സഹകരണ മന്ത്രി കെ.എന്‍. രാജണ്ണ ആരോപിച്ചതിനു പിന്നാലെയാണ് ഇതു പുറത്തുവന്നത്. മന്ത്രിയോട് പരാതിപ്പെടാൻ താൻ ആവശ്യപ്പെട്ടതായി പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കോളി പറഞ്ഞു.

To advertise here,

മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് നിയമസഭാംഗങ്ങളെ ആരോ ഹണി ട്രാപ്പില്‍ കുടുക്കിയിട്ടുണ്ടെന്ന് ബി.ജെ.പി. എം.എല്‍.എ. ബസന്‍ഗൗഡ പാട്ടീല്‍ സഭയില്‍ ആരോപണം  ഉന്നയിച്ചതിന് പിന്നാലെയാണ് രാജണ്ണയുടെ പരാമര്‍ശം. പലരുടെയും കണ്ണില്‍ കര്‍ണാടക  സി.ഡി., പെന്‍ഡ്രൈവുകള്‍ എന്നിവയുടെ ഫാക്ടറിയായി മാറിയിരിക്കുന്നുവെന്നും മന്ത്രി രാജണ്ണ പരിഹസിച്ചു.

ഹണി ട്രാപ്പിന് രണ്ട് ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രതിപക്ഷത്തിന്റെ ആരോപണത്തിന് രാജണ്ണ ഇങ്ങനെ മറുപടി പറഞ്ഞു, 'നിങ്ങളുടെ ഭാഗത്തും മറ്റൊന്ന് ഞങ്ങളുടെ ഭാഗത്തും ഉണ്ടോ? നിങ്ങളുടെ ഫാക്ടറി ആരാണ് നടത്തുന്നതെന്ന് പറഞ്ഞാല്‍, ഞങ്ങളുടെ ഫാക്ടറി ആരാണ് നടത്തുന്നതെന്ന് ഞങ്ങള്‍ക്ക് വെളിപ്പെടുത്താന്‍ കഴിയും.

ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണം. ഇതിനായി സംസ്ഥാന ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കും. ഈ നീക്കത്തിന് പിന്നില്‍ ആരാണെന്ന് ജനം അറിയണം. എന്റെ പക്കല്‍ തെളിവുകളുണ്ട്. രണ്ട് പാര്‍ട്ടികളില്‍ നിന്നായി 48 പേര്‍ കുടുങ്ങിയത് ഗൗരവകരമായ കാര്യമാണ്. തന്റെ പരാതിയില്‍ ആഭ്യന്തരമന്ത്രി ജി പരമേശ്വര ഉടന്‍ നടപടിയെടുക്കണം. തന്നെ ഹണി ട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചതിന് തെളിവുണ്ടെന്ന് രാജണ്ണ പറഞ്ഞു. ആരോപണങ്ങളില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുമെന്ന് ആഭ്യന്തരമന്ത്രി മറുപടി നല്‍കി.

ഹണി ട്രാപ്പ് വിഷയം രണ്ട് പാര്‍ട്ടികളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന വിഷയമല്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ദേശീയ നേതാക്കളടക്കം കുടുങ്ങിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.