ബെംഗളൂരൂ: കർണാടകയിൽ ഭവനനിർമ്മണ പദ്ധതിയിൽ അഴിമതി ആരോപണവുമായി ഭരണകക്ഷി എംഎൽഎ.കോൺഗ്രസ് എംഎൽഎയായ ബി ആർ പാട്ടീലാണ് രാജീവ് ഗാന്ധി ഹൗസിങ് കോർപ്പറേഷനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരെ ആരോപണം ഉന്നയിച്ചത്. ഇതിന്റെ ഓഡിയോ സന്ദേശം വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്.
ഭവന നിർമ്മാണ വകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാന്റെ പേഴ്സണൽ അസിസ്റ്റന്റ് സർഫറാസ് ഖാനും എംഎൽഎ ബി ആർ പാട്ടീലും തമ്മിലുള്ള സംഭാഷണമെന്ന രീതിയിലാണ് ഓഡിയോ പ്രചരിക്കുന്നത്. പദ്ധതിപ്രകാരമുള്ള വീടുകൾ കൈക്കൂലി നൽകിയവർക്ക് മാത്രമാണ് അനുവദിച്ചതെന്നും തന്നെപ്പോലുള്ള ജനപ്രതിനിധികളുടെ ശുപാർശ കത്തുകൾ അവഗണിക്കപ്പെട്ടുവെന്നും കർണാടക സംസ്ഥാന നയ രൂപീകരണ ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ കൂടിയായ പാട്ടീൽ അവകാശപ്പെടുന്നു.
പണം കൊടുത്തവർക്കെല്ലാം വീട് കിട്ടി, ഇതെന്താ കച്ചവടമാണോ? എന്നും പാട്ടീൽ ദേഷ്യത്തോടെ ചോദിക്കുന്നുണ്ട്. തന്റെ മണ്ഡലമായ ആൾഡിൽ 950 വീടുകളുടെ വിതരണത്തിൽ കൈക്കൂലി വാങ്ങി എന്നാണ് പാട്ടീൽ ആരോപിക്കുന്നത്. ഇങ്ങനെ സംഭവിച്ചാൽ തനിക്കെന്ത് വിലയുണ്ടാകും. ഗുണഭോക്താക്കളുടെ ലിസ്റ്റ് പരസ്യപ്പെടുത്തിയാൽ സർക്കാർ 'ഉലയും'. പ്രചരിക്കുന്ന ഓഡിയോയിൽ അദ്ദേഹം പറയുന്നു.
അതേസമയം, സർഫറാസ് ഖാൻ ആരോപണങ്ങൾ നിഷേധിക്കുകയും വിശദാംശങ്ങൾ തനിക്ക് നൽകിയാൽ കൈക്കൂലി വാങ്ങിയവരെ ജയിലിൽ അടയ്ക്കും എന്ന് പറയുകയും ചെയ്യുന്നുണ്ട്.
ഓഡിയോ വ്യാപകമായി പ്രചരിച്ചതോടെ ബിജെപിയും ആരോപണം ഏറ്റെടുത്തു. 'ബി ആർ പാട്ടീൽ പറഞ്ഞത് നൂറു ശതമാനം സത്യമാണ്. ഈ സർക്കാരിൽ കൈക്കൂലി നൽകാതെ ഒരു ജോലിയും നടക്കില്ല. അവരുടെ സ്വന്തം എംഎൽഎയാണ് ഇത് പറയുന്നത്. സർക്കാർ ഇത് അംഗീകരിച്ച് തെറ്റ് തിരുത്തണം.' മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ പറഞ്ഞു.
മുതിർന്ന കോൺഗ്രസ് നേതാവ് നാഗരാജ് യാദവ് പാട്ടീലിന്റെ ആരോപണങ്ങൾ തള്ളി. താൻ ഈ കാര്യങ്ങളോട് യോജിക്കുന്നില്ലെന്നും കർണാടക സർക്കാർ അഴിമതിക്കെതിരെ ശക്തമായി പോരാടാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. 'അഴിമതി നടത്തുന്നത് ബിജെപിയാണ്. രാഷ്ട്രീയ ആരോപണങ്ങൾ നിലനിൽക്കില്ല. ഗ്രാമപഞ്ചായത്ത് തലത്തിലായാലും മന്ത്രിതലത്തിലായാലും ഒരു അഴിമതിയും അനുവദിക്കില്ലെന്ന് സിദ്ധരാമയ്യ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ബി ആർ പാട്ടീൽ ഏത് സാഹചര്യത്തിലാണ് ഈ പരാമർശങ്ങൾ നടത്തിയതെന്നറിയില്ല. അദ്ദേഹത്തിന് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ ഇത്തരം പരിഹാസ്യവും അടിസ്ഥാനരഹിതവുമായ പ്രസ്താവനകൾ നടത്തുന്നതിന് പകരം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യണം.' യാദവ് പറഞ്ഞു.
Content Highlights: Congress MLA BR Patil alleges corruption in Karnataka`s housing scheme
Published: 20 Jun 2025, 07:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented