ന്യൂഡൽഹി: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഭരണകക്ഷിയായ കോൺഗ്രസിനുള്ളിൽ തർക്കം മുറുകുന്നതിനിടെ, തനിക്ക് സംസ്ഥാനത്തെ 136 എംഎൽഎമാരുടെയും പിന്തുണയുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് നിലവിൽ അവ്യക്തതകളില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയുമായുള്ള ഭരണപരമായ ക്രമീകരണങ്ങൾ നേരത്തെ തന്നെ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
അസം നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കർണാടകയിൽ കോൺഗ്രസിന് ആകെ 136 എംഎൽഎമാരാണുള്ളത്.
പാർട്ടിയിലെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് പരസ്യപ്രസ്താവനകൾ നടത്തുന്നത് പാർട്ടിയെ ദോഷകരമായി ബാധിക്കുമെന്ന് ശിവകുമാർ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രസ്താവനകൾ നടത്തുന്നവരോട് വായ അടച്ചിരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നിർദ്ദേശിച്ചിട്ടുണ്ടെന്നും അത് എല്ലാവരും പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ അനുകൂലിച്ചായാലും പ്രതികൂലിച്ചായാലും ഇത്തരം പരസ്യ പ്രതികരണങ്ങൾ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്നാണ് ശിവകുമാറിന്റെ പക്ഷം.
2025 നവംബറിൽ കോൺഗ്രസ് സർക്കാർ പകുതി കാലാവധി പൂർത്തിയാക്കിയതോടെയാണ് അധികാര പങ്കിടൽ കരാറിനെക്കുറിച്ചുള്ള ചർച്ചകൾ കർണാടക രാഷ്ട്രീയത്തിൽ വീണ്ടും സജീവമായത്. 2023-ൽ സർക്കാർ രൂപീകരണ വേളയിൽ സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ രണ്ടര വർഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കിടാൻ ധാരണയുണ്ടായിരുന്നു എന്ന അഭ്യൂഹങ്ങളാണ് പുതിയ രാഷ്ട്രീയ നീക്കങ്ങൾക്ക് വഴിതുറന്നിരിക്കുന്നത്. അതേസമയം, അസം തിരഞ്ഞെടുപ്പിന്റെ മുതിർന്ന നിരീക്ഷകനായി നിയമിക്കപ്പെട്ട ശിവകുമാർ, തന്റെ ഡൽഹി സന്ദർശനം പൂർണ്ണമായും തിരഞ്ഞെടുപ്പ് സംബന്ധമായ ചർച്ചകൾക്ക് വേണ്ടിയുള്ളതാണെന്നും വ്യക്തമാക്കി.
Published: 10 Feb 2026, 09:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented