ബെംഗളൂരു: തന്നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവർണറുടെ അനുമതി നിയമപരവും ഭരണഘടനാപരവുമല്ലെന്ന് കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ഗവർണർ തവർചന്ദ് ഗെഹ്ലോത് കേന്ദ്ര സർക്കാരിൻ്റെ പ്രതിനിധിയായി പ്രവർത്തിക്കുന്നതിനെ സംസ്ഥാന മന്ത്രിസഭ ശക്തമായി അപലപിച്ചതായും അദ്ദേഹം പറഞ്ഞു.
കർണാടക സർക്കാർ വിഷയം രാഷ്ട്രപതിയുടെ മുമ്പാകെ ഉന്നയിക്കുമോ എന്ന ചോദ്യത്തിന്, മന്ത്രിസഭ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും, അതിന് മുമ്പ് ഇന്ത്യ മുന്നണിയുമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞതായി ഇന്ത്യൻ എക്സപ്രസ് റിപ്പോർട്ട് ചെയ്തു.
താൻ എന്തിന് രാജിവെക്കണമെന്ന് ചോദിച്ച സിദ്ധരാമയ്യ തന്റെ അഭിപ്രായത്തിൽ ഗവർണണറാണ് രാജിവെക്കേണ്ടതെന്നും പറഞ്ഞു. സമ്മർദത്തിന് വഴങ്ങി മുഖ്യമന്ത്രി രാജിവെക്കില്ലെന്നും മുഴുവൻ മന്ത്രിസഭയും കോൺഗ്രസ് എംഎൽഎമാരും പാർട്ടി നേതൃത്വവും മുഖ്യമന്ത്രിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ വ്യക്തമാക്കി.
അഴിമതി നിരോധന നിയമപ്രകാരം സിദ്ധരാമയ്യയെ വിചാരണചെയ്യാൻ ഗവർണർ തവർചന്ദ് ഗെഹ്ലോത് അനുമതി നൽകിയതാണ് സംസ്ഥാനത്ത് ഗവർണർ സർക്കാർ പോരിലേക്ക് നയിച്ചത്. മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി (എംയുഡിഎ)യ്ക്ക് സ്ഥലം അനുവദിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണിത്.
സിദ്ധരാമയ്യയുടെ ഭാര്യയുടെ ഭൂമി എംയുഡിഎ ഏറ്റെടുത്തതിന് പകരമായി മൈസൂരുവിലെ കണ്ണായ സ്ഥലത്ത് വിലകൂടിയഭൂമി അവർക്ക് അനുവദിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം. 3.16 ഏക്കർ ഏറ്റെടുത്തതിന് പകരമായാണ് പാർവതിക്ക് ഭൂമി അനുവദിച്ചത്. ഏറ്റെടുത്ത ഭൂമിയിൽ പാർവതിക്ക് നിയമപരമായ അവകാശമില്ലെന്ന ആരോപണവും പ്രതിപക്ഷം അടക്കമുള്ളവർ ഉന്നയിക്കുന്നുണ്ട്. വിഷയത്തിൽ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാതിരിക്കാൻ മതിയായ കാരണമുണ്ടെങ്കിൽ ബോധ്യപ്പെടുത്തണമെന്ന് നിർദേശിച്ച് ഗവർണർ നേരത്തെ നോട്ടീസ് നൽകിയിരുന്നു. നടപടിയിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയ മന്ത്രിസഭായോഗം നോട്ടീസ് ഉടൻ പിൻവലിക്കണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടിരുന്നു.
Content Highlights: Karnataka CM Siddaramaiah on governor’s sanction for prosecution
Published: 17 Aug 2024, 09:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented