ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച തര്‍ക്കം തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിര്‍ണായകയോഗം. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും ഒരുമിച്ചിരുത്തിയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ചര്‍ച്ച നടത്തുന്നത്. ഹൈക്കമാന്‍ഡ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
'എല്ലാവരെയും ചര്‍ച്ചകള്‍ക്കായി ഞാന്‍ ക്ഷണിക്കുകയാണ്, രാഹുല്‍ ഗാന്ധിയും ആ യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അവിടെ ഉണ്ടാകും. എല്ലാവരുമായും ചര്‍ച്ച ചെയ്തതിനുശേഷം മാത്രമേ തീരുമാനമെടുക്കൂ'-ഖാര്‍ഗെ പറഞ്ഞു. ഹൈക്കമാന്‍ഡ് എന്നാല്‍ ടീം ആണ്, ഹൈക്കമാന്‍ഡ് ടീം ഒരുമിച്ച് ഇരുന്നു അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ചകള്‍ നടക്കുന്നതിനിടെ സിദ്ധരാമയ്യയുടെ അടുത്ത അനുയായിയും ആഭ്യന്തരമന്ത്രിയുമായ ജി.പരമേശ്വര സുപ്രധാന പ്രസ്താവന നടത്തി. 'കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഡി.കെ.ശിവകുമാറിനെ മുഖ്യമന്ത്രിയാക്കിയാല്‍ ഞങ്ങള്‍ അത് അംഗീകരിക്കും'-ജി.പരമേശ്വര പറഞ്ഞു.
രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രിസ്ഥാനം പങ്കിടാമെന്ന ധാരണ പാലിക്കണമെന്നാണ് ശിവകുമാറിന്റെ ആവശ്യം. വാക്ക് പാലിക്കുന്നതാണ് ഏറ്റവും വലിയ ശേഷിയെന്ന് ഹൈക്കമാന്‍ഡിനെ ഉന്നമിട്ടുകൊണ്ട് ഡി.കെ.ശിവകുമാര്‍ ചര്‍ച്ചകള്‍ക്ക് മുമ്പ് പ്രസ്താവന നടത്തുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍, അത്തരം ഒരു ധാരണയില്ലെന്നാണ് സിദ്ധരാമയ്യ പക്ഷം വാദിക്കുന്നത്. എംഎല്‍എമാരുടെ പൊതുതാത്പര്യം അനുസരിച്ച് തീരുമാനിക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെടുന്നു. എംഎല്‍എമാരില്‍ കൂടുതല്‍ പേരും തന്നെയാണ് പിന്തുണയ്ക്കുന്നതെന്നാണ് സിദ്ധരാമയ്യ അവകാശപ്പെടുന്നത്.
പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭാ പുനഃസംഘടന ഉടന്‍ നടപ്പാക്കണമെന്ന നിലപാടിലാണ് സിദ്ധരാമയ്യ. എന്നാല്‍, മുഖ്യമന്ത്രിസ്ഥാനത്തില്‍ തീരുമാനമെടുത്തതിനുശേഷം മതി മന്ത്രിസഭാ പുനഃസംഘടനയെന്നാണ് ശിവകുമാര്‍ ആവശ്യപ്പെടുന്നത്. കെപിസിസി അധ്യക്ഷസ്ഥാനത്തും മാറ്റത്തിന് നീക്കം തുടങ്ങിയിട്ടുണ്ട്. അഞ്ചു വര്‍ഷത്തിലേറെയായി കെപിസിസി അധ്യക്ഷനായി തുടരുന്ന ശിവകുമാര്‍ പദവി ഒഴിയാന്‍ സന്നദ്ധനാണെന്ന് അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമാക്കിയാണ് ശിവകുമാര്‍ കെപിസിസി അധ്യക്ഷപദവി ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരിക്കുന്നത്. പൊതുമരാമത്ത് മന്ത്രി സതീഷ് ജാര്‍ക്കിഹോളി തുടങ്ങിയ നേതാക്കള്‍ കെപിസിസി അധ്യക്ഷസ്ഥാനത്തിനായി കാത്തിരിക്കുകയാണ്. ഇതിനിടെ ദളിത് മുഖ്യമന്ത്രി വേണമെന്ന ആവശ്യം ഒരു കോണില്‍നിന്ന് ഉയരുന്നുണ്ട്.
ശിവകുമാര്‍ മുഖ്യമന്ത്രിയാകുന്നത് തടയുന്നതിനുവേണ്ടിയാണ് ഈ ആവശ്യം വീണ്ടും പൊടിതട്ടിയെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ചില ദളിത് സംഘടനകള്‍ ഈ ആവശ്യം ഉന്നയിച്ച് പ്രകടനം നടത്തിയിരുന്നു. ജി. പരമേശ്വരയുടെ പേരാണ് ഇവര്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്. തനിക്ക് മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടെന്ന് അദ്ദേഹം തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്.
തനിക്കും മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടെന്ന് ആവര്‍ത്തിച്ച ജി.പരമേശ്വര പാര്‍ട്ടിക്ക് താന്‍ നല്‍കിയ സംഭാവനകളെക്കുറിച്ച് ഹൈക്കമാന്‍ഡിന് പൂര്‍ണ ബോധ്യമുണ്ടെന്നും വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ അന്തിമ തീരുമാനം അവരുടേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Karnataka CM Race: Crucial Congress Meet in Delhi Amidst Leadership Tensions
Published: 27 Nov 2025, 11:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented