ന്യൂഡല്‍ഹി: സിപിഐ നേതാവും ജെഎന്‍യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റുമായി കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. കനയ്യ കുമാര്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കാര്യങ്ങള്‍ ശരിയായ രീതിയില്‍ മുന്നോട്ട് പോയാല്‍ രാഹുല്‍ ഗാന്ധിയുമായി കനയ്യ കുമാര്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചനകള്‍. തീരുമാനം വരുംദിവസങ്ങളില്‍ തന്നെ ഉണ്ടാകുമെന്നാണ് വിവരം. കനയ്യ കുമാറിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ഉന്നത തലത്തില്‍ പാര്‍ട്ടി ഗൗരവകരമായി പരിഗണിക്കുകയാണെന്നും എന്നാല്‍, എന്ന്, എങ്ങനെ അദ്ദേഹം പാര്‍ട്ടിയില്‍ ചേരുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിയില്ലെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. 

ആള്‍ക്കൂട്ടത്തെ അകര്‍ഷിക്കുന്ന മികച്ച നേതാക്കളുടെ ദൗര്‍ലഭ്യം ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന ഘട്ടത്തിലാണ് കനയ്യ കുമാറുമായുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. കനയ്യ കുമാര്‍ പാര്‍ട്ടിയിലേക്ക് എത്തുന്നത് യുവാക്കള്‍ക്കിടയില്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. പക്ഷേ സഖ്യകക്ഷിയായ രാഷ്ടീയ ജനതാദള്‍ തീരുമാനത്തെ എങ്ങനെ സ്വീകരിക്കുമെന്ന കാര്യത്തിലും കോണ്‍ഗ്രസിന് ആശങ്കയുണ്ട്.

Content Highlights: Kanhaiya Kumar to meet Rahul Gandhi and join Congress?