
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഒബിസിക്കാരുടെ ഏക വിമോചകന് രാഹുല്‍ ഗാന്ധിയാണെന്നും അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ വിമോചകനായ മാര്ട്ടിന് ലൂഥര്‍ കിങ്ങിനെപ്പോലാണ് അദ്ദേഹമെന്നും പ്രമുഖ എഴുത്തുകാരനും ചിന്തകനും സാമൂഹിക പ്രവര്‍ത്തകനുമായ കാഞ്ച ഏലയ്യ. ബിജെപിക്കും ആര്‍എസ്എസ്സിനും ഒരിക്കലും ചിന്തിക്കാന്‍ കഴിയാതിരുന്നത്, മോത്തിലാല്‍ നെഹ്രുവിന്റെയും ജവഹര്‍ലാല്‍ നെഹ്രുവിന്റെയും കുടുംബത്തില്‍പ്പിറന്ന ഒരാള്‍ നമുക്ക് 'ജയ് ബാപ്പു, ജയ് ഭീം, ജയ് ഭരണഘടന' എന്ന മുദ്രാവാക്യം തരില്ലെന്നായിരുന്നുവെന്നും അതാണ് രാഹുല്‍ ഗാന്ധി തന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയും ആര്‍എസ്എസ്സും എന്നും അധിക്ഷേപിച്ച ജവഹര്‍ലാല്‍ നെഹ്രുവിന്റെയും രാജീവ് ഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും കുടുംബമാണ് രാഹുല്‍ ഗാന്ധിയെയും ഒബിസിയുടെ വിമോചനത്തിനായി സൃഷ്ടിച്ചത്. ഒബിസിയെ മോചിപ്പിച്ചാല്‍ ബിജെപി പിന്നെ ഒരിക്കലും ഭരണത്തില്‍ വരില്ല. ഒബിസിയുടെയും ദളിതരുടെയും ആദിവാസികളുടെയും ശക്തി അതാണ്. രാഹുല്‍ ഗാന്ധിക്കായി എടുക്കുന്ന കേസുകളിലെല്ലാം രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള എല്ലാ ഒബിസി അഭിഭാഷകരും വാദിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ കോണ്‍ഗ്രസ് ഒബിസി വിഭാഗത്തിന്റെ പ്രാതിനിധ്യ നീതി മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ വിപ്ലവകരമായ മുന്നേറ്റമായി സമ്മേളനത്തെ കാഞ്ച ഏലയ്യ വിശേഷിപ്പിച്ചു. കോണ്‍ഗ്രസ്സാണ് രാജ്യത്തിന്, പ്രത്യേകിച്ച്, ഒബിസി, ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്ക് ബ്രിട്ടീഷുകാരില്‍നിന്ന് സ്വാതന്ത്ര്യം നേടിത്തന്നതെന്ന് കാഞ്ച പറഞ്ഞു. ''മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്രു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, അംബേദ്കര്‍ എന്നിവര്‍ നമ്മെ അടിച്ചമര്‍ത്തുന്ന ബ്രിട്ടീഷുകാരില്‍നിന്ന് മോചിപ്പിച്ചു. എന്നാല്‍, ആര്‍എസ്എസ്-ബിജെപി കാലത്ത് ജാതി അടിച്ചമര്‍ത്തലില്‍നിന്ന് നമ്മെ രക്ഷിക്കാന്‍ നമുക്ക് അന്താരാഷ്ട്രപ്രതിച്ഛായയുള്ള നേതാവുണ്ടായിരുന്നില്ല. അവര്‍ അധികാരത്തില്‍ വന്ന് 11 വര്‍ഷം കഴിയുമ്പോള്‍ ഒബിസി വിഭാഗം കൂടുതല്‍ കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടു, അടിമകളെപ്പോലെ. ഞാന്‍ കട്ടിലില്‍ കിടന്ന് കരഞ്ഞു. അപ്പോഴാണ് രാജ്യത്തെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ സംസാരം ശ്രദ്ധിക്കുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഞങ്ങളെ നശിപ്പിച്ച ജാതിയില്‍നിന്ന് ഒരു രാഷ്ട്രീയ നേതാവിനും ഞങ്ങളെ സ്വതന്ത്രമാക്കാന്‍ പറ്റുന്നില്ലെങ്കില്‍ മോദിയെപ്പോലെ നമ്മെ നശിപ്പിക്കാന്‍ വരുന്നവരില്‍ നിന്ന് ആര്‍ക്കും പിന്നെ നമ്മെ സ്വതന്ത്രമാക്കാന്‍ പറ്റില്ല. രാഹുല്‍ ഗാന്ധിക്ക് മാത്രമാണ്, നമ്മെ അടിച്ചമര്‍ത്തുന്ന, നശിപ്പിക്കുന്ന ജാതി സമ്പ്രദായത്തില്‍നിന്ന് നമ്മെ രക്ഷിക്കാന്‍ പറ്റൂ. അതിനുള്ള അദ്ദേഹത്തിന്റെ ആദ്യ ചുവടായിരുന്നു ഭാരത് ജോഡോ യാത്ര. രണ്ടാം ചുവട് ഭാരത് ജോഡോ ന്യായ് യാത്രയും. മൂന്നാം ചുവട് എവിടെ കോണ്‍ഗ്രസ് ഭരിക്കുന്നുണ്ടെങ്കിലും അവിടെ ജാതിസെന്‍സസ് നടത്തിക്കാണിക്കുന്നു എന്നതാണ്. തെലങ്കാനയിലെ ജാതിസെന്സസ്സിന്റെ വിദഗ്ധ സമിതിയില്‍ ഞാനുണ്ട്. അവിടെ 56 ശതമാനം ഒബിസിയാണ്. അവര്‍ക്ക് 46 ശതമാനം സംവരണത്തിന് തെലങ്കാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നു''. ഇത് ശരിയല്ലേയെന്നും ഞങ്ങളത് നേടിയില്ലേയെന്നും കാഞ്ച ചോദിച്ചു.
തെലങ്കാനയില്‍ ഒമ്പതു ശതമാനം മാത്രമാണ് മുന്നാക്കക്കാര്‍. അവര്‍ക്ക് 10 ശതമാനമാണ് സംവരണം ലഭിക്കുന്നത്. ആ ദുരന്തത്തിലേക്ക് നോക്കുക രാഹുല്‍ ഗാന്ധി അത് മാറ്റാനായി വന്നു. അതാണ് വിപ്ലവം. അതാണ് അംബേദ്കറും മഹാത്മാഗാന്ധിയും കൊണ്ടുവന്ന വിപ്ലവം. കോണ്‍ഗ്രസ്സിന്റെ പുതിയ ഓഫീസായ ഇന്ദിരാഭവനില്‍ ചെന്നപ്പോള്‍ അംബേദ്കറിന്റെയും പട്ടേലിന്റെയും ഗാന്ധിയുടെയും നെഹ്രുവിന്റെയും ഫോട്ടോ കണ്ടു. ഗാന്ധി ബനിയ ജാതിയില്‍ നിന്നും അംബേദ്കര്‍ ദളിത് ജാതിയില്‍ നിന്നും പട്ടേല്‍ ഒബിസിയില്‍ നിന്നും നെഹ്രു ബ്രാഹ്മണ ജാതിയില്‍ നിന്നും ആണ്. രാഹുല്‍ എല്ലാ ജാതികളുടെയും സങ്കരമാണിന്ന്. അദ്ദേഹം എല്ലാ ജാതികളുടെയും സങ്കരമാണ്. അദ്ദേഹമാണ് നമ്മുടെ വിമോചകന്. അദ്ദേഹം അമേരിക്കയിലെ മാര്ട്ടിന് ലൂഥര്‍ കിങ്ങിനെപ്പോലെയാണ്. ഞാന്‍ ചിന്തകനും എഴുത്തുകാരനുമാണ്, കോണ്‍ഗ്രസ്സുകാരനല്ല. പക്ഷേ, ഞാന്‍ ജീവിക്കുന്നിടത്തോളം അദ്ദേഹത്തിന് വേണ്ടി എഴുതുകയും രാജ്യത്തിന്റെ വിമോചനത്തിനായി നിലകൊള്ളുകയും ചെയ്യുമെന്ന് കാഞ്ച ഏലയ്യ വ്യക്തമാക്കി.
Content Highlights: Kancha Ilaiah compares Rahul Gandhi to Martin Luther King Jr.,saying he`s the liberator of India obC
Published: 26 Jul 2025, 04:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented