ചെന്നൈ: ബി.ജെ.പി. വിട്ട കെ. അണ്ണാമലൈയുടെ പുതിയ രാഷ്ട്രീയ നീക്കത്തിന് തമിഴ്‌നാട്ടിൽ ജനപിന്തുണയേറുന്നതായി റിപ്പോർട്ടുകൾ. 'വി ദ ലീഡേഴ്‌സ്' എന്ന ഓൺലൈൻ ലിങ്ക് വഴി ആരംഭിച്ച വളണ്ടിയർ രജിസ്‌ട്രേഷന്റെ ആദ്യ മണിക്കൂറിൽതന്നെ എട്ടു ലക്ഷത്തോളം പേരാണ് അണ്ണാമലൈയ്ക്ക് പിന്തുണയുമായെത്തിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 8,68,676 പേർ ഇതിനോടകം ഈ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ഭാഗമായിക്കഴിഞ്ഞു.

To advertise here,

പുറമേ, താഴെത്തട്ടിൽ സജീവമായി പ്രവർത്തിക്കുന്ന അൻപതോളം പ്രാദേശിക നേതാക്കളും അണ്ണാമലൈക്കൊപ്പം അണിനിരന്നിട്ടുണ്ട്. സാധാരണക്കാരെ രാഷ്ട്രീയത്തിൽ സജീവമാക്കാനും അഴിമതിരഹിതമായ ഒരു രാഷ്ട്രീയ സാഹചര്യം തമിഴ്‌നാട്ടിൽ ഒരുക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് അണ്ണാമലൈ വ്യക്തമാക്കുന്നു.

നിലവിൽ ഒരു സംഘടന എന്ന നിലയിൽ പ്രവർത്തനം ആരംഭിക്കുന്ന സംഘം വൈകാതെതന്നെ ഒരു രാഷ്ട്രീയ പാർട്ടിയായി രൂപാന്തരപ്പെട്ടേക്കും. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ച് കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കുക എന്നതാണ് അണ്ണാമലൈയുടെ ലക്ഷ്യം. തമിഴ് സിനിമാ താരം രജനികാന്തിന്റെ ആശീർവാദത്തോടെയാണ് പുതിയ രാഷ്ട്രീയ പരീക്ഷണത്തിനിറങ്ങുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇതിന് സമാന്തരമായി രജനികാന്തിന്റെ ഭാര്യ ലതാ രജനികാന്ത് 'മക്കൾ മേട' എന്ന പേരിൽ ഒരു സാമൂഹ്യ പോരാട്ട വേദിക്ക് രൂപം നൽകിയതും തമിഴ് രാഷ്ട്രീയത്തിൽ പുതിയ മാറ്റങ്ങളുടെ സൂചനയായി കണക്കാക്കപ്പെടുന്നു.

ദ്രാവിഡ രാഷ്ട്രീയത്തിന് മാത്രം മേൽക്കൈയുണ്ടായിരുന്ന തമിഴ്‌നാട്ടിൽ നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം വലിയ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു. ബി.ജെ.പി. എന്ന പരീക്ഷണം തമിഴ്‌നാട്ടിൽ വേണ്ടത്ര വിജയിക്കില്ലെന്ന് വീണ്ടും തെളിയിക്കപ്പെട്ട പശ്ചാത്തലത്തിലാണ് അണ്ണാമലൈ സ്വന്തം നിലയിലുള്ള പുതിയ രാഷ്ട്രീയ നീക്കവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.