ന്യൂഡല്‍ഹി: രാവണ ദഹന പരിപാടിയെ ചൊല്ലി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ (ജെഎന്‍യു) സംഘര്‍ഷം. ഘോഷയാത്രയെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ആക്രമിച്ചതായി എബിവിപി ആരോപിച്ചു. രാവണ ദഹന പരിപാടിയിലൂടെ മതപരമായ ആചാരങ്ങളെ രാഷ്ട്രീയ സന്ദേശങ്ങള്‍ക്കായി എബിവിപി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് ഇടതുപക്ഷ സംഘടനകളും രംഗത്തെത്തി.

To advertise here,

എബിവിപിയുടെ വാദമനുസരിച്ച്, വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിയോടെ സബര്‍മതി ടി-പോയിന്റിന് സമീപമാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഓള്‍ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്‍ (എഐഎസ്എ), സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ്എഫ്‌ഐ), ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷന്‍ (ഡിഎസ്എഫ്) എന്നീ സംഘടനകളിലെ അംഗങ്ങള്‍ ഘോഷയാത്ര തടസ്സപ്പെടുത്തുകയും കല്ലെറിയുകയും പങ്കെടുത്തവരെ അസഭ്യം പറയുകയും ചെയ്തെന്നാണ് ആരോപണം. വനിതകള്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായും എബിവിപി ആരോപിച്ചു.

എന്നാല്‍ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചു.

എബിവിപി സംഘടിപ്പിച്ചുവെന്ന് പറയപ്പെടുന്ന രാവണ ദഹന ചടങ്ങിനെക്കുറിച്ച് ഐസ ആരോപണമുന്നയിച്ചു. മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദിനെയും ഷര്‍ജീല്‍ ഇമാമിനെയും രാവണനായി എബിവിപി ചിത്രീകരിച്ചുവെന്നാണ് ഇവര്‍ പറയുന്നത്. സിഎഎ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിലും ഡല്‍ഹി കലാപ ഗൂഢാലോചന കേസിലും ഖാലിദും ഷര്‍ജീല്‍ ഇമാമും നിലവില്‍ വിചാരണ നേരിടുകയാണ്.

'രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യുന്നതിനായി മതവികാരങ്ങളെ ചൂഷണം ചെയ്യുന്ന, ഇസ്ലാമോഫോബിയയുടെ നഗ്‌നവും നിന്ദ്യവുമായ പ്രകടനമാണിത്' ഐസ പ്രസ്താവനയില്‍ പറഞ്ഞു.