
ഡൽഹിയിൽ വിദ്യാർഥികളുടെ പ്രതിഷേധം | Photo:mathrubhumi
ന്യൂഡൽഹി: വായുമലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഭരണാധികാരികളുടെ കെടുകാര്യസ്ഥതയ്ക്കെതിരെ സമരവുമായി വിദ്യാർഥികൾ. ‘കോർഡിനേഷൻ കമ്മിറ്റി ഫോർ ക്ലീൻ എയർ’ എന്ന സംഘടനയിലെ പ്രവർത്തകരാണ് ഡൽഹിയിലെ ഇന്ത്യാഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഡൽഹി സർവകലാശാലയിലെയും ജെഎൻയുവിലെയും വിദ്യാർഥികളാണിവർ.
ഇന്ത്യാഗേറ്റിന് സമീപമുള്ള സീ ഹെക്സഗൺ റോഡിന് കുറുകെ ഗതാഗതം മുടക്കി, സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചാണ് ഇവർ പ്രതിഷേധം രേഖപ്പെടുത്തിയത്. ആംബുലൻസടക്കമുള്ള അവശ്യസർവ്വീസുകൾ തടസപ്പെട്ടതോടെ പോലീസെത്തി ഇവരെ സ്ഥലത്തുനിന്ന് മാറ്റി.
വായുമലിനീകരണം രൂക്ഷമായതോടെ ഡൽഹിയിലെ ജീവിതം ദുസ്സഹമായി തുടരുകയാണ്. സാഹചര്യം വഷളായതോടെ എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മിഷൻ, ഗ്രേഡഡ് റെസ്പോൺസ് ആക്‌ഷൻപ്ലാൻ (ഗ്രാപ്) ഘട്ടങ്ങൾ ശനിയാഴ്ച കടുപ്പിച്ചു. വായു ഗുണനിലവാരസൂചിക നിശ്ചിതപരിധി കടക്കുമ്പോൾ സ്വീകരിക്കേണ്ട നടപടികളാണിവ.
ഇതുപ്രകാരം സൂചിക 400 കടന്ന് ഗുരുതര വിഭാഗത്തിലെത്തിയാൽ ഓഫീസുകളിലെ പകുതി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകാൻ വ്യവസ്ഥചെയ്തിട്ടുണ്ട്. സൂചിക 301 മുതൽ 400 വരെയുള്ള ‘വളരെ മോശം’ വിഭാഗത്തിലുള്ളപ്പോൾ സർക്കാർ, മുനിസിപ്പൽ ഓഫീസുകളുടെ സമയക്രമം മാറ്റുന്നതിൽ തീരുമാനമെടുക്കണമെന്നാണ് വ്യവസ്ഥ. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കാൻ നടപടികൾ വേണമെന്നും നിർദേശത്തിലുണ്ട്. നേരത്തേ, രണ്ടാംഘട്ടത്തിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ ഇനിമുതൽ സൂചിക 201-ലെത്തുമ്പോഴേ നടപ്പാക്കുമെന്നും കേന്ദ്ര പരിസ്ഥിതിമന്ത്രാലയം അറിയിച്ചു. ശനിയാഴ്ച ഡൽഹിയിൽ വായുനിലവാരം ‘വളരെ മോശം’ വിഭാഗത്തിലായിരുന്നു.
നിലവിൽ ഗ്രാപ് -3 (ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ) നിയന്ത്രണങ്ങളാണ് നടപ്പാക്കിയിട്ടുള്ളത്. ഇതോടൊപ്പം ഗ്രാപ്-4 നിയന്ത്രണങ്ങൾ കൂടി നടപ്പാക്കാനാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് സർക്കാരിന് നിർദേശം നൽകിയത്. എ.ക്യു.ഐ 400 കടക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഗ്രാപ്-4 നിയന്ത്രണങ്ങൾ നടപ്പാക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്.
Content Highlights: Students in Delhi protest worsening air pollution and government inaction.
Published: 23 Nov 2025, 07:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented