റായ്പുർ: ഛത്തീസ്ഗഢിലെ ബിജാപുരിൽ മാവോദികൾ രണ്ട് ഗ്രാമീണരെ വെട്ടിക്കൊലപ്പെടുത്തി. പോലീസിന് വിവരം ചോർത്തിനൽകുന്നുവെന്നാരോപിച്ചാണ് ഇവരെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരിൽ ഒരാൾ സൈന്യത്തിലെ ജവാന്റെ സഹോദരനും മറ്റൊരാൾ പോലീസിൽ ചേരാനുള്ള പരിശീലനത്തിലിരിക്കുന്നയാളുമായിരുന്നു. രവി കട്ടം (25), തിരുപ്പതി സോദി (38) എന്നിവരെയാണ് മാവോവാദികൾ കൊലപ്പെടുത്തിയത്.

To advertise here,

ബിജാപുർ ജില്ലാ ആസ്ഥാനത്ത് നിന്ന് 80 കിലോമീറ്റർ അകലെയുള്ള നെലകാങ്കർ എന്ന വിദൂര ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് കൊലപാതകങ്ങൾ നടന്നത്. ഏകദേശം 10-15 മാവോവാദികളടങ്ങുന്ന ഒരു സംഘം ഇരുവരുടെയും വീട് വളഞ്ഞ് വാതിലിൽ മുട്ടി പുറത്തുവരാൻ ആവശ്യപ്പെടുകയും വീടുകൾക്ക് മുന്നിൽ വെച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

രവി കട്ടം ഒരു പോലീസ് ഉദ്യോഗാർത്ഥിയായിരുന്നു. പോലീസ് റിക്രൂട്ട്മെന്റ് പരീക്ഷകൾക്കായി തയ്യാറെടുക്കുന്നതിന് വേണ്ടി ഇയാൾ ഗ്രാമം വിട്ട് ബസ്തർ ടൗണിലേക്ക് പോകാറുണ്ടായിരുന്നു. ഇയാൾ പോലീസിന് വിവരം ചോർത്തിക്കൊടുക്കുന്നതിന് വേണ്ടിയാണ് ഈ യാത്രകൾ നടത്തുന്നതെന്ന് മാവോവാദികൾ സംശയിച്ചു.

കൊലപാതകങ്ങളുടെ ഉത്തരവാദിത്തം നിരോധിത സംഘടനയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്)യുടെ സൗത്ത് ബസ്തർ ഡിവിഷന്റെ പാമേഡ് ഏരിയ കമ്മിറ്റി ഏറ്റെടുത്തു. മാവോവാദികൾ കൂട്ടത്തോടെ പോലീസിന് കീഴടങ്ങുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിനിടെയാണ് കൊലപാതകം. സാധാരണ ഗതിയിൽ ഇത്തരം വധശിക്ഷ നടപ്പിലാക്കുന്നതിന് മുമ്പ് 'ജനതാ അദാലത്ത്' എന്നപേരിൽ പരസ്യ വിചാരണ നടപ്പിലാക്കാറുണ്ട്. എന്നാൽ ഇവരുടെ കാര്യത്തിൽ ഇത്തരമൊരു കീഴ്‌വഴക്കം മാവോവാദികൾ പുലർത്തിയില്ല.

ഒരുവശത്ത് മാവോവാദികളെ സുരക്ഷാ ഉദ്യോഗസ്ഥർ ഉന്മൂലനം ചെയ്യുമ്പോൾ മറുവശത്ത് സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ മാവോവാദികളുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. ഈ വർഷം ഇതുവരെ 41 സാധാരണക്കാർ ഇത്തരത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

ദിവസങ്ങൾക്കുമുമ്പ് ഛത്തീസ്ഗഢിൽ 170 മാവോവാദികൾ കീഴടങ്ങിയിരുന്നു. ഇതിൽ സംഘടനയുടെ ബോംബ് നിർമ്മാതാവ് എന്നറിയപ്പെടുന്ന തക്കലപ്പള്ളി വാസുദേവ റാവു എന്ന രൂപേഷ് (59) ഉൾപ്പെടുന്നു. 2000 ഡിസംബർ 2-ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനെതിരായ ആക്രമണത്തിന്റെ സൂത്രധാരൻ ഇയാളാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിന് മുമ്പ് ഒക്ടോബർ 14-ന് മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ വെച്ച് സിപിഐ (മാവോയിസ്റ്റ്) പൊളിറ്റ് ബ്യൂറോ അംഗമായ മല്ലോജുള വേണുഗോപാൽ റാവു എന്ന സോനു (70) മറ്റ് 60 കേഡർമാർക്കൊപ്പം കീഴടങ്ങിയിരുന്നു. സോനു കീഴടങ്ങിയതിന് ശേഷം, ഇപ്പോൾ പ്രസ്ഥാനത്തിന്റെ ഭാരം തിപ്പിരി തിരുപ്പതി എന്ന ദേവുജി (62), മാദ്വി ഹിഡ്മ എന്ന സന്തോഷ് (51) എന്നിവരിലാണ്.