
ന്യൂഡൽഹി: യു.പി.ഐ. ഇടപാടുകൾക്ക് സീറോ എം.ഡി.ആർ. (മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്) ഒഴിവാക്കി നിരക്ക് ഈടാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത് അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന ആരോപണവുമായി കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയ്ക്ക് മുന്നിൽ വീണ്ടും കീഴടങ്ങുകയാണെന്നും ‘നോട്ട’ എന്നാൽ ‘Narendra's Ongoing Trump Appeasement’ ആണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പരിഹസിച്ചു.
സൗജന്യ യു.പി.ഐ. സംവിധാനം മൂലം വിസ, മാസ്റ്റർകാർഡ് തുടങ്ങിയ അമേരിക്കൻ കമ്പനികൾക്ക് തിരിച്ചടിയുണ്ടായതായി അമേരിക്കൻ ട്രേഡ് പ്രതിനിധി വിമർശിച്ചിരുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഡെബിറ്റ് കാർഡുകൾക്കുള്ളതുപോലെ 0.4 ശതമാനം എം.ഡി.ആർ. യു.പി.ഐക്കും ഏർപ്പെടുത്തിയത് അമേരിക്കൻ കാർഡ് കമ്പനികൾക്ക് മത്സര അന്തരീക്ഷം ഒരുക്കാനാണോ എന്നും അദ്ദേഹം ചോദിച്ചു.
യു.പി.ഐ. സംവിധാനം നടത്താൻ പ്രതിവർഷം ഏകദേശം 20,000 കോടി രൂപ മാത്രമാണ് ചെലവാകുന്നതെന്നും ഇത് റിസർവ് ബാങ്ക് കേന്ദ്ര സർക്കാരിന് നൽകുന്ന തുകയുടെ 10 ശതമാനത്തിലും കുറവാണെന്നും അദ്ദേഹം വാദിച്ചു. മുൻപ് ജി.എസ്.ടി. നടപ്പിലാക്കിയതിന്റെ പുനരാവിഷ്കാരമാണ് സർക്കാരിന്റെ ഈ നടപടിയെന്ന് ജയറാം രമേശ് ആരോപിച്ചു.
അമേരിക്കൻ സമ്മർദ്ദത്തിന് മുന്നിൽ നിലപാട് മയപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കൽക്കൂടി കീഴടങ്ങിയിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. യുപിഐ ഇടപാടുകൾക്ക് നിരക്ക് ഈടാക്കുന്നത് കീഴടങ്ങലാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ഉപയോക്താക്കളിൽനിന്ന് എം.ഡി.ആർ. നിരക്കുകൾ ഈടാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയതാണെന്നും കോൺഗ്രസ് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും ബി.ജെ.പിയും തിരിച്ചടിച്ചു.
യു.പി.ഐ. നയങ്ങളിൽ വിദേശ സമ്മർദ്ദമുണ്ടെന്ന ആരോപണങ്ങൾ പൂർണമായും തെറ്റാണെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രാലയവും രംഗത്തെത്തി. ഡിജിറ്റൽ പേയ്‌മെന്റ് നയങ്ങൾ ഇന്ത്യ സ്വതന്ത്രമായാണ് തീരുമാനിക്കുന്നതെന്നും വിദേശ ശക്തികളുടെ സ്വാധീനമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. സാമ്പത്തികമായി നിലനിൽക്കുന്നതും ഏവർക്കും ലഭ്യമാകുന്നതുമായ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം കെട്ടിപ്പടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രാലയം വിശദീകരിച്ചു.
2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേഴ്‌സൺ ടു മർച്ചന്റ് (P2M) ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആർ) ഈടാക്കാനാണ് തീരുമാനം. അതേസമയം, സാധാരണക്കാരായ ഉപഭോക്താക്കൾക്ക് യുപിഐ സേവനങ്ങൾ പൂർണമായും സൗജന്യമായിത്തന്നെ തുടരും. 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.4 ശതമാനം നിരക്കിലാണ് എംഡിആർ ഈടാക്കുക. എന്നാൽ, 75,000 രൂപയോ അതിനു മുകളിലോ ഉള്ള തുകയുടെ ഇടപാടുകൾക്ക് ഈടാക്കാവുന്ന പരമാവധി എംഡിആർ തുക 300 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
Content Highlights: Congress has accused Prime Minister Narendra Modi of surrendering to US pressure regarding UPI fee changes, while the central government and BJP strongly denied external influence, asserting that digital payment policies are decided independently.
Published: 16 Sept 2026, 03:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented