റാഞ്ചി: ഝാർഖണ്ഡിൽ യുവാക്കളുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. റിക്രൂട്ട്മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ഉദ്യോഗാർത്ഥികൾ തെരുവിലിറങ്ങിയത്. ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. നിയമന പരീക്ഷ റദ്ദാക്കണമെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നുമായിരുന്നു ആവശ്യം.

To advertise here,

ദേശീയ പതാകകളും പ്ലക്കാർഡുകളും വഹിച്ചുകൊണ്ട് പ്രതിഷേധക്കാർ പോലീസ് ബാരിക്കേഡുകൾ തകർത്തു. നിരവധി പ്രതിഷേധക്കാർക്ക് സംഘർഷത്തിൽ പരിക്കേറ്റതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

നിയമസഭാ സമ്മേളനം നടക്കുന്ന സമയത്തായിരുന്നു പ്രതിഷേധവുമായി ഉദ്യോഗാർത്ഥികൾ രംഗത്തെത്തിയത്. രാവിലെ 10.30 ഓടെ പഴയ നിമസഭാ മന്ദിരത്തിന് പുറന്ന് നിന്നായിരുന്നു മാർച്ച് ആരംഭിച്ചത്. തുടർന്ന് നിയമസഭാ സമുച്ചയത്തിലേക്ക് നീങ്ങി. സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ തടഞ്ഞു. തുടർന്ന് ഉന്തും തള്ളും ഉണ്ടാവുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. പ്രതിഷേധക്കാർ ബാരിക്കേഡുകൾ ഒന്നിനു പിറകെ ഒന്നായി മറികടന്നു. ജഗന്നാഥപൂർ ക്ഷേത്രത്തിന് സമീപത്തെ അവസാന ബാരിക്കേഡും പ്രതിഷേധക്കാർ കടക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

ജലപീരങ്കി പ്രയോഗിക്കുന്ന ഘട്ടത്തിൽ ദേശീയ പതാക ഉയർത്തിയും നൃത്തം ചെയ്തും പ്രതിഷേധക്കാർ പ്രതിരോധിച്ചു. തുടർന്ന് വീണ്ടും നിയമസഭ ലക്ഷ്യം വെച്ച് പ്രതിഷേധക്കാർ നീങ്ങിയെങ്കിലും സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. നിയമസഭയിൽ നിന്ന് 200 മീറ്റർ അകലെ പ്രതിഷേധക്കാർ എത്തിയപ്പോൾ പോലീസ് ലാത്തിചാർജ്ജ് നടത്തുകയും കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്തു. പോലീസ് അടിയേറ്റ് പലർക്കും പരിക്കേറ്റതായി പ്രതിഷേധക്കാർ അറിയിച്ചു.

ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ (ജെ.പി.എസ്.സി.), ഝാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (ജെ.എസ്.എസ്.സി.) പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ രണ്ടാഴ്ചയിലേറെയായി ജെ.പി.എസ്.സി. -ജെ.എസ്.എസ്.സി. റിഫോംസ് മഞ്ചിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം നടന്നു വരികയാണ്. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ 51-ാം ജന്മദിനമായിരുന്നു ഇന്ന്. രണ്ടാഴ്ചത്തോളമായി തുടരുന്ന ഉദ്യോഗാർത്ഥി സമരത്തിലെ ഏറ്റവും വലിയ പ്രക്ഷോഭമായി ഇന്നത്തേത് മാറി.

വിഷയത്തിൽ കഴിഞ്ഞ ഒമ്പത് ദിവസമായി നിരാഹാരമിരിക്കുന്ന ജെഎൽകെഎം നേതാവ് ദേവേന്ദ്ര നാഥ് മഹ്തോ ആംബുലൻസിൽ പ്രതിഷേധത്തിൽ പങ്കെടുത്തു. സ്ട്രെച്ചറിൽ ആയിരുന്നു പ്രതിഷേധത്തിനെത്തിയത്. പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നത് വരെ പ്രക്ഷോഭം തുടരുമെന്നാണ് മഹ്തോ മാധ്യമങ്ങളോട് പറഞ്ഞത്.

പരീക്ഷ ക്രമക്കേടുകളിൽ സി.ബി.ഐ (CBI) അന്വേഷണം പ്രഖ്യാപിക്കുക, ബ്ലാക്ക് ലിസ്റ്റ് ചെയ്ത ഏജൻസികളുമായി ബന്ധപ്പെട്ട എല്ലാ പരീക്ഷകളും റദ്ദാക്കുക, പരീക്ഷാ നടത്തിപ്പിൽ സുതാര്യത ഉറപ്പാക്കാൻ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വിരമിച്ച ഹൈക്കോടതി ജഡ്ജിമാരുടെ പാനൽ അല്ലെങ്കിൽ സി.ബി.ഐ അന്വേഷണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്.