ന്യുഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടക്കുന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. പാകിസ്താനും ചൈനയും ചേര്‍ന്ന് ഇന്ത്യയ്‌ക്കെതിരേ പ്രവര്‍ത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു ജയ്ശങ്കര്‍. മുന്‍കാല കോണ്‍ഗ്രസ് ഭരണകാലത്ത് എടുത്തിരുന്ന തീരുമാനങ്ങളുടെ അനന്തരഫലമാണ് ചൈനയും പാകിസ്താനും ഇന്ന് ഒരുമിച്ച് ഇന്ത്യയ്‌ക്കെതിരേ നില്‍ക്കുന്നതിന് കാരണമെന്ന് ജയ്ശങ്കര്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശിനെ ചൈന ഗുരു എന്ന് വിളിച്ച് പരിഹസിക്കാനും ജയ്ശങ്കര്‍ മറന്നില്ല.

To advertise here,

'കുറേ ചൈന ഗുരുക്കന്മാരുണ്ട്, അവരിലൊരാള്‍ ഇന്ന് സഭയില്‍ എന്റെ മുന്നിലിരിപ്പുണ്ട് (ജയ്‌റാം രമേശിനെ ഉദ്ദേശിച്ച്) അദ്ദേഹത്തിന് ചൈനയോട് ഭയങ്കര പ്രതിപത്തിയാണ്. ചിന്ത്യ എന്ന പദം പോലും അദ്ദേഹം സൃഷ്ടിച്ചു. എനിക്ക് ചൈനയേപ്പറ്റി വലിയ ധാരണയൊന്നുമില്ലായിരിക്കാം, കാരണം ഞാന്‍ ഒളിമ്പിക്‌സിലൂടെയല്ല ചൈനയേപ്പറ്റി പഠിച്ചത്. ചിലര്‍ ഒളിമ്പിക്‌സ് കാലത്ത് ചൈന സന്ദര്‍ശിച്ചാണ് ആ രാജ്യത്തേപ്പറ്റിയുള്ള അറിവുകള്‍ സമ്പാദിച്ചത്. അവര്‍ ആരെയൊക്കെയാണ് കണ്ടതെന്നോ, എന്തിലൊക്കെയാണ് ഒപ്പിട്ടതെന്നോ ഒന്നും ചര്‍ച്ച ചെയ്യാനില്ല'.   

'അവര്‍ ചൈനിസ് അംബാസഡറില്‍ നിന്ന് സ്വന്തം വീട്ടില്‍ വെച്ച് സ്വകാര്യ ഉപദേശം പോലും സ്വീകരിക്കാറുണ്ട്. ചൈനയും പാകിസ്താനും ഒരുമിച്ചാണെന്നാണ് ഇപ്പോള്‍ ചൈന ഗുരുക്കന്മാര്‍ പറയുന്നത്. അതിനേപ്പറ്റി ഞങ്ങള്‍ക്ക് വ്യക്തമായ ധാരണയുമുണ്ട്, ആവശ്യമായ നടപടികളെടുക്കുന്നുമുണ്ട്. എന്നിരുന്നാലും ഈ സൗഹൃദം ഒറ്റരാത്രികൊണ്ടാണ് ഉടലെടുത്തത് എന്ന് പറയുന്നവര്‍ ചരിത്രം പഠിപ്പിക്കുന്ന സമയത്ത് ക്ലാസിലിരുന്ന് ഉറങ്ങുകയായിരുന്നിരിക്കണം-അദ്ദേഹം പറഞ്ഞു.

2014ല്‍ ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസിനോട് സംസാരിക്കവേയാണ് ജയ്‌റാം രമേഷ് ചിന്ത്യ എന്ന പദം ഉപയോഗിച്ചത്. ഇന്ത്യയ്ക്കും ചൈനയ്ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാനാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. 

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ നിലവിലെ സാഹചര്യങ്ങള്‍ പരാമര്‍ശിച്ചാണ് അദ്ദേഹം ചൈനയും പാകിസ്താനും തമ്മില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് പറഞ്ഞത്. കേന്ദ്രത്തിന് ഇതിനെ നേരിടാനുള്ള തന്ത്രങ്ങളില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഈ വിമര്‍ശനങ്ങളോട് പ്രതികരിക്കവേയാണ് പഴയ ചിന്ത്യ പ്രയോഗം എടുത്തിട്ട് ജയ്ശങ്കറിന്റെ വിമര്‍ശനം.