ന്യൂഡൽഹി: ഹിൻഡെൻബർഗ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ​ഗാന്ധിക്കെതിരേ ​പൊതുവേദിയിൽ പരോക്ഷവിമർശനവുമായി ഉപരാഷ്ട്രപതി ജഗദീപ് ധന്‍കർ. ഭരണഘടനാപരമായ പദവി വഹിക്കുന്ന വ്യക്തി, ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കുകയാണ് എന്ന ​ഗുരുതരമായ ആരോപണമാണ് ധന്‍കർ ഉന്നയിച്ചത്. അമേരിക്കൻ ഷോർട്ട് സെല്ലിങ് കമ്പനിയായ ഹിൻഡെൻബർഗ് റിസർച്ചിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിനെ കുറിച്ച് രാഹുലിന്റെ ​ പ്രതികരണത്തിനെതിരേയാണ് ജഗദീപ് ധന്‍കർ രം​ഗത്തുവന്നത്. നാഷ്ണൽ ലോ യൂണിവേഴ്സിറ്റിയിലെ നിയമവിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി. 

To advertise here,

'ഇന്ത്യൻ സബദ് വ്യവസ്ഥയെ തകർക്കുന്ന ഒരു വിവരണത്തിൽ ഞാൻ വളരെ ഏറെ അസ്വസ്ഥനാണെന്ന് ആയിരുന്നു ഹിൻഡൻബർ​ഗ് റിപ്പോർട്ടിനെ പേരെടുത്ത് പരാമർശിക്കാതെ ജഗദീപ് ധന്‍കർ പറഞ്ഞത്. ഭരണഘടനാപരമായ സ്ഥാനം വഹിക്കുന്ന വ്യക്തി ഈ വിവരണത്തിന് ചിറകുനൽകുകയാണ് ചെയ്തത്. രാഷ്ട്രത്തേക്കാൾ പക്ഷപാതവും സ്വാർത്ഥ താൽപര്യവും നിലനിർത്തുന്ന ശക്തികളെ യുവാക്കൾ നിർവീര്യമാക്കണം, അദ്ദേഹം കൂട്ടിച്ചേർത്തു.  

അദാനിഗ്രൂപ്പുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരിക്രമക്കേടുമായി ബന്ധപ്പെട്ട് സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനുനേരേ വന്ന ഹിൻഡെൻബർഗ് റിപ്പോർട്ടിനെ കുറിച്ച്  സംസാരിക്കവെ, വിഷയത്തിൽ സുപ്രീം കോടതി ഇടപെടൽ രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടിരുന്നു. സാമൂഹിക മാധ്യമമായ എക്‌സില്‍ അദ്ദേഹം ചോദ്യശരങ്ങളുമായി വീഡിയോയും പോസ്റ്റ് ചെയ്തു. 

'കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വലിയതോതിലുള്ള ആളുകളാണ് ഇന്ത്യന്‍ ഓഹരിവിപണിയില്‍ നിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. അവര്‍ കഠിനാധ്വാനത്തിലൂടെ സത്യസന്ധമായി സമ്പാദിച്ച പണമാണ് നിക്ഷേപിക്കുന്നത്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ വലിയ അപകടസാധ്യതയുണ്ട് എന്ന് നിങ്ങളുടെ ശ്രദ്ധയില്‍പെടുത്തുന്നത് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ എന്റെ കടമയാണ്. ഓഹരിവിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനം പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നു എന്നതിനാലാണ് അത്', രാഹുല്‍ തുടര്‍ന്നു. 

അദാനി ഗ്രൂപ്പ് കമ്പനികളിൽ വിദേശത്തുനിന്ന് വൻതോതിലുള്ള നിക്ഷേപത്തിന് ഉപയോഗിച്ച വിദേശനിക്ഷേപകസ്ഥാപനങ്ങളിൽ മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും നിക്ഷേപമുണ്ടായിരുന്നുവെന്നാണ് ഹിൻഡെൻബർഗ് വെളിപ്പെടുത്തൽ. ഇവർക്ക് നിക്ഷേപമുണ്ടായിരുന്നതിന്റെ തെളിവായി വിസിൽബ്ലോവർ രേഖകളും പുറത്തുവിട്ടു.

ബെർമുഡയിലും മൗറീഷ്യസിലും പ്രവർത്തിക്കുന്ന ഫണ്ട് കമ്പനികളിലാണ് ബുച്ചിനും ഭർത്താവിനും ഓഹരികളുള്ളതായി വ്യക്തമായത്. ഈ ഫണ്ടുകളിലൂടെയാണ് ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി ഗ്രൂപ്പ് കമ്പനികളിലേക്ക് നിക്ഷേപം നടത്തിയിട്ടുള്ളതെന്നും ഹിൻഡെൻബർഗ് റിസർച്ച് പറയുന്നു.

അതേസമയം, ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് തള്ളി സെബി രംഗത്തെത്തിയിരുന്നു. വ്യാജപ്രചാരണങ്ങളില്‍ നിക്ഷേപകര്‍ ആശങ്കപ്പെടരുതെന്ന് സെബി പ്രസ്താവനയില്‍ വ്യക്തമാക്കി. അദാനി ഗ്രൂപ്പിനെതിരേ കൃത്യമായ അന്വേഷണം നടത്തിയിരുന്നു. സെബി ചെയര്‍പേഴ്‌സണും അദാനിഗ്രൂപ്പും തമ്മില്‍ ഇടപാടുകള്‍ ഇല്ലെന്നും സെബി വ്യക്തമാക്കി.