ശ്രീഹരിക്കോട്ട: പിഎസ്എല്‍വി-സി49 വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ ശനിയാഴ്ച വൈകീട്ട് 3.02 ന് നടക്കും. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് - 1നെയും ഒന്‍പത് വിദേശ ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. 

To advertise here,

കൗണ്ട്ഡൗണ്‍ വെള്ളിയാഴ്ച തുടങ്ങിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. ന്യൂ സ്‌പെയ്‌സ് ഇന്ത്യ ലിമിറ്റഡ്, ബഹിരാകാശ വകുപ്പ് എന്നിവയുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഒന്‍പത് വിദേശ ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ ഭ്രമണപഥത്തില്‍ എത്തിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.02 ന് കൗണ്ട്ഡൗണ്‍ തുടങ്ങിയതായി ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്തു. കൃഷി, വനസംരക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകളില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതാണ് ശനിയാഴ്ച വിക്ഷേപിക്കുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹം. റിസാറ്റ് -2ബിആര്‍2 എന്നപേരിലും ഇത് അറിയപ്പെടും. 

ശ്രീഹരിക്കോട്ടയില്‍നിന്നുള്ള 76-ാമത്തെ വിക്ഷേപണവും പിഎസ്എല്‍വിയുടെ 51-ാം വിക്ഷേപണവുമാണ് ശനിയാഴ്ച നടക്കുന്നത്. എന്നാല്‍ കോവിഡ് സാഹചര്യം കണക്കിലെടുത്ത് സന്ദര്‍ശക ഗാലറി അന്ന് അടച്ചിടുമെന്ന് ഐഎസ്ആര്‍ഒ ഔദ്യോഗിക വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

2020 ല്‍ പത്ത് ബഹിരാകാശ ദൗത്യങ്ങളാണ് നിശ്ചയിച്ചിരുന്നതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ കഴിഞ്ഞ ജൂണില്‍ ചോദ്യത്തിന് മറുപടിയായി അറിയിച്ചിരുന്നു. എന്നാല്‍, കോവിഡ് മഹാമാരി അവയെല്ലാം തടസപ്പെടുത്തി. കോവിസ് സ്ഥിതിഗതികള്‍ക്ക് മാറ്റംവന്ന ശേഷമെ ദൗത്യങ്ങള്‍ പുനരാരംഭിക്കുന്ന കാര്യം ആലോചിക്കൂവെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ജൂണില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Content Highlights: ISRO to launch PSLV - C49 carrying EOS-01