
കൊല്‍ക്കത്ത: യു.എസ്. മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ജെ. ട്രംപിനെ വധശ്രമത്തില്‍ നിന്ന് രക്ഷിച്ചത് 'ഭഗവാൻ ജഗന്നാഥ'നാണെന്ന വാദവുമായി കൃഷ്ണഭക്തരുടെ അന്താരാഷ്ട്ര സംഘടനയായ ഇസ്കോണ്‍. കൊല്‍ക്കത്ത ഇസ്കോണ്‍ വൈസ് പ്രസിഡന്റ് രാധാറാം ദാസാണ് ഇക്കാര്യം പറഞ്ഞത്. വധശ്രമത്തില്‍നിന്ന് ട്രംപ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിനെ 'ദൈവീകമായ ഇടപെടല്‍' എന്ന് വിശേഷിപ്പിച്ച അദ്ദേഹം 1976 ജൂലായില്‍ ന്യൂയോര്‍ക്കില്‍ നടന്ന രഥയാത്രയെ സഹായിച്ചതിന് പ്രത്യുപകാരമായാണ് ഭഗവാന്, ട്രംപിന്റെ ജീവന് രക്ഷിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.
'1976 ജൂലായില്‍ ന്യൂയോര്‍ക്കില്‍ നടന്ന രഥയാത്രയ്ക്കായി രഥം നിര്‍മ്മിക്കാന്‍ വലിയൊരു സ്ഥലം അന്വേഷിക്കുകയായിരുന്ന ഇസ്കോണ്‍ ഭക്തര്‍ക്ക്, ഡൊണാള്‍ഡ് ട്രംപ് തന്റെ ട്രെയിന്‍ യാര്‍ഡ് സൗജന്യമായി നല്കി. ഇന്ന്, രഥയാത്രാ ഉത്സവത്തിന്റെ വേളയില്‍ ഭഗവാന് ജഗന്നാഥന് ട്രംപിന് പ്രത്യുപകാരം ചെയ്തു.' -രാധാറാം ദാസ് പറഞ്ഞു.
ട്രംപിന് 30 വയസുണ്ടായിരുന്നപ്പോഴാണ് പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ന്യൂയോര്‍ക്കില്‍ ഇസ്കോണ്‍ രഥയാത്ര നടത്തിയത്. ന്യൂയോര്‍ക്കിലെ ഫിഫ്ത്ത് അവന്യൂവിലായിരുന്നു ഇത്. യാത്രയ്ക്കായി കൂറ്റന്‍ രഥങ്ങളുണ്ടാക്കാന് പാകത്തിന് വലിയ സ്ഥലം ന്യൂയോര്‍ക്ക് നഗരത്തില്‍ കണ്ടെത്തുക എളുപ്പമായിരുന്നില്ല. ഇസ്കോണ്‍ പ്രതിനിധികള്‍ പലവാതിലുകളും മുട്ടിയെങ്കിലും അവര്‍ക്ക് സ്ഥലം ലഭ്യമായില്ല.
ഒടുവിലാണ് അവര്‍ ഡൊണാള്‍ഡ് ട്രംപ് എന്ന യുവ വ്യവസായി പഴയൊരു റെയില്‍വേ യാര്‍ഡ് വാങ്ങിയതായി അറിഞ്ഞത്. തുടര്‍ന്ന് ഇസ്കോണ്‍ സംഘം പ്രസാദവും സമ്മാനങ്ങളുമായി ട്രംപിന്റെ ഓഫീസിലെത്തി. ഇത്തരം കാര്യങ്ങള്‍ ട്രംപ് അനുവദിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ സെക്രട്ടറി അവരോട് പറഞ്ഞത്. എന്നാല്‍ മൂന്നുദിവസത്തിനുശേഷം സെക്രട്ടറി ഇസ്കോണുമായി ബന്ധപ്പെടുകയും സ്ഥലം നല്കാന് അനുവദിച്ചുവെന്നും അവരെ അറിയിക്കുകയായിരുന്നു.
Content Highlights: Lord Jagannath's 'divine intervention' saved Donald Trump, says ISKCON
Published: 15 Jul 2024, 06:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented