കോട്ടയ്ക്കൽ: പുതിയ ഷർട്ടിന് ഓൺലൈനായി ഓർഡർ ചെയ്തയാൾക്കു കിട്ടിയത് പഴയ ഷർട്ട്. ടാഗ് ഇല്ലെന്ന കാരണത്താൽ ഇത് മടക്കാനും കഴിയാതായതോടെ ഉപഭോക്താവ് ഉപഭോക്തൃകോടതിയെ സമീപിച്ചു. വിലയും നഷ്ടപരിഹാരവുമുൾപ്പെടെ 15,159 രൂപ 45 ദിവസത്തിനുള്ളിൽ നൽകാൻ കോടതി വിധിച്ചു. ഷർട്ടിന്റെ വിലയായി 2159 രൂപ, നഷ്ടപരിഹാരമായി 10,000 രൂപ, കേസ് ചെലവ് 3000 രൂപ എന്നിങ്ങനെയാണ് 15,159 രൂപ നൽകാൻ കമ്പനിയോട് ആവശ്യപ്പെട്ടത്.

To advertise here,

കുണ്ടൂർ നന്നമ്പ്രയിലെ അഡ്വ. പി.പി. മുനീർ ആണ് ഷർട്ടിന് ഓർഡർചെയ്ത് കബളിപ്പിക്കപ്പെട്ടത്. ഇക്കഴിഞ്ഞ മാർച്ച് എട്ടിന് കോഴിക്കോട്ടെ മാളിൽ പോയ സമയത്ത് വാൻഹ്യൂസൻ ഷോറൂമിൽ കയറി ഇഷ്‌ടപ്പെട്ട ഡിസൈനിലുള്ള ഒരു ഷർട്ട് ആവശ്യപ്പെട്ടു. എന്നാൽ ആ മോഡൽ അവിടെയില്ലെന്നുപറഞ്ഞ് അവിടെയുള്ള സെയിൽസ്‌മാൻ വാൻഹ്യൂസൻ കമ്പനിയുടെ ആപ്പ് ഡൗൺലോഡുചെയ്ത്‌ ഷർട്ട് ബുക്ക്ചെയ്തു. രണ്ടുദിവസം കഴിഞ്ഞപ്പോൾ ആ ഓർഡർ കാൻസലായി പണം തിരിച്ചുകിട്ടി.

കാൻസൽ ചെയ്തതിനു കാരണമൊന്നും പറയാതെയിരുന്നതിനാൽ മുനീർ രണ്ടാമതും അതേ ഷർട്ടിന് ഓർഡർചെയ്തു. നാലുദിവസം കഴിഞ്ഞ്‌ സാധനം വന്നപ്പോൾ പഴയ അലക്കാത്ത ഷർട്ടായിരുന്നു കവറിനുള്ളിൽ. പിന്നീട് ഓൺലൈൻ വഴി മടക്കാൻ ശ്രമിച്ചെങ്കിലും ഷർട്ടിൽ ടാഗില്ലാത്തതിനാൽ അതു സാധ്യമല്ലെന്നാണു പറഞ്ഞത്. അങ്ങനെയാണ് മഞ്ചേരി കോടതിയിൽ അഭിഭാഷകനായ മുനീർ ഉപഭോക്തൃകോടതിയെ സമീപിക്കുന്നത്. അഡ്വ. മുഹമ്മദ് സൽമാൻ സഖാഫിയാണ്‌ മുനീറിനുവേണ്ടി കോടതിയിൽ ഹാജരായത്.