ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ ആക്രമണത്തില്‍ പാകിസ്താന് 10 യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിങ്‌. പാകിസ്താന്റെ അഞ്ച് യുദ്ധവിമാനങ്ങളെ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വെടിവെച്ച് വീഴ്ത്തിയെന്നും ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ പാകിസ്താന്റെ എഫ്-16 ഉള്‍പ്പെടെ വ്യോമതാവളങ്ങളില്‍ സൂക്ഷിച്ചിരുന്ന അഞ്ച് യുദ്ധവിമാനങ്ങള്‍ തകര്‍ത്തുവെന്നും എ.പി. സിങ് പറഞ്ഞു. 93-ാമത് വ്യോമസേന ദിനാഘോഷത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

'കര, നാവിക, വ്യോമ സേനകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും യു.എ.വി പ്രതിരോധ സംവിധാനങ്ങളും എല്ലാം വ്യോമസേനയുടെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിന്റെ സംയുക്ത നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചപ്പോള്‍ അതൊരു നിര്‍ണ്ണായക വഴിത്തിരിവായി. അതിന് കീഴില്‍, അവര്‍ക്ക് ഒന്നും ചെയ്യാന്‍ ഒരു സ്വാതന്ത്ര്യവും അനുവദിച്ചിരുന്നില്ല.'

ഇന്ത്യയുടെ ദീര്‍ഘദൂര സര്‍ഫസ്-ടു-എയര്‍ മിസൈലുകള്‍ (എസ്.എ.എം) ഇന്ത്യക്ക് അനുകൂലമായി സാഹചര്യങ്ങളെ മാറ്റിമറിച്ചുവെന്നും എയര്‍ മാര്‍ഷല്‍ സിങ് പറഞ്ഞു. 'ഞങ്ങള്‍ ലക്ഷ്യം ഭേദിച്ചത് ഉപഗ്രഹ ചിത്രങ്ങള്‍ കാണിച്ചുതന്നു. പാകിസ്താന് സ്വന്തം അതിര്‍ത്തിക്കുള്ളില്‍ പോലും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'വെടിനിര്‍ത്തലിനും ശത്രുത അവസാനിപ്പിക്കാനും അവര്‍ ആവശ്യപ്പെടുന്ന ഒരു ഘട്ടത്തിലേക്ക് അവരെ എത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. നമ്മുടെ ലക്ഷ്യങ്ങള്‍ നിറവേറിയതിനാല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരു രാജ്യമെന്ന നിലയില്‍ ഞങ്ങള്‍ തീരുമാനമെടുക്കുകയും ചെയ്തു.' നാല് ദിവസത്തെ അതിര്‍ത്തി കടന്നുള്ള വെടിവെപ്പിന് ശേഷം മെയ് 10-ന് താല്‍ക്കാലികമായി വെടിനിര്‍ത്തല്‍ കൊണ്ടുവരാന്‍ ഉണ്ടാക്കിയ ധാരണയെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

പാകിസ്താന്റെ 300 കിലോമീറ്ററിലധികം ഉള്ളിലായി സ്ഥിതി ചെയ്തിരുന്ന കുറഞ്ഞത് അഞ്ച് ഹൈ-ടെക് യുദ്ധവിമാനങ്ങളും ഒരു അവാക്‌സും (എയര്‍ബോണ്‍ വാണിസിങ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം) വെടിവെച്ചിടാന്‍ ഇന്ത്യക്ക് കഴിഞ്ഞുവെന്ന് എയര്‍ മാര്‍ഷല്‍ എ.പി. സിങ് വെളിപ്പെടുത്തി. മിക്കവാറും എഫ്-16 വിമാനങ്ങളായേക്കാവുന്ന 4-5 ശത്രു വിമാനങ്ങള്‍ക്ക് നിലത്ത് വെച്ച് കേടുപാടുകള്‍ സംഭവിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

നാല് റഡാറുകള്‍, രണ്ട് കമാന്‍ഡ് സെന്ററുകള്‍, ഒരു ഹാംഗര്‍, ഒരു സി-130 ക്ലാസ് ഗതാഗത വിമാനം, മൂന്നോ നാലോ യുദ്ധവിമാനങ്ങള്‍, ഒരു എസ്.എ.എം സംവിധാനം എന്നിവയും ഇന്ത്യ തകര്‍ത്തുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

300 കിലോമീറ്ററില്‍ കൂടുതലുള്ള, ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ 'കില്‍' (ശത്രുവിനെ തകര്‍ക്കല്‍) ഇന്ത്യക്ക് നേടാനായി. കരസേന, നാവികസേന, വ്യോമസേന എന്നീ മൂന്ന് സേനകളുടെ ആസ്തികള്‍ സംയോജിപ്പിച്ചതും വ്യോമ പ്രതിരോധ സംവിധാനങ്ങളും കൗണ്ടര്‍ യുഎവി സംവിധാനങ്ങളും എല്ലാം വ്യോമസേനയുടെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിന്റെ സംയോജിത നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചത് കളി മാറ്റുന്ന ഒന്നായി മാറി. സ്വന്തം ഭൂപ്രദേശത്തില്‍ പോലും പാകിസ്താന് ഒന്നും ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ് നമ്മളുണ്ടാക്കിയത്.

ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം വ്യോമസേനയുടെ പ്രസക്തി മുന്നോട്ട് വന്നതായി വ്യോമസേന മേധാവി പറഞ്ഞു. 'യുദ്ധത്തിന്റെ സ്വഭാവം എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു. അടുത്ത യുദ്ധം മുന്‍പത്തേത് പോലെയാവില്ല നമ്മള്‍ ഭാവിക്കായി തയ്യാറെടുക്കണം,' വ്യോമസേനയുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 15-ന് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ ആദ്യമായി സൂചിപ്പിച്ച സുദര്‍ശന്‍ ചക്ര വ്യോമ പ്രതിരോധ സംവിധാനത്തില്‍ മൂന്ന് സേനകളും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ 22-ന് നടന്ന ദാരുണമായ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പിലാക്കിയത്. മെയ് ഏഴിന് നടത്തിയ ആക്രമണത്തില്‍ പാകിസ്താനിലെയും പാക് അധിനിവേശ കാശ്മീരിലെയും ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഇന്ത്യ തകര്‍ത്തു. ഒമ്പത് ഭീകരവാദ ക്യാമ്പുകളില്‍ ആക്രമണം നടത്തുകയും നൂറിലധികം ഭീകരരെ വധിക്കുകയും ചെയ്തു.

പിന്നാലെ പാകിസ്താന്‍ ഇന്ത്യയെ ആക്രമിക്കാന്‍ ശ്രമിച്ചതോടെയാണ് പാക് വ്യോതാവളങ്ങളുള്‍പ്പെടെ ഇന്ത്യ ആക്രമിച്ച് തകര്‍ത്തത്.