
ന്യൂഡല്‍ഹി: കുത്തനെ പറന്നുയരാനും നിലത്തിറങ്ങാനും കഴിയുന്ന (വെര്‍ട്ടിക്കല്‍ ടേക്ക്-ഓഫ് ആന്‍ഡ് ലാന്‍ഡിങ്-വി.ടി.ഒ.എല്‍) എയര്‍ ആംബുലന്‍സുകളുള്ള രാജ്യമാകാന്‍ ഇന്ത്യ . ഇതിനായി മദ്രാസ് ഐ.ഐ.ടിയില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പായ ഇ പ്ലെയ്ൻ കമ്പനിയുമായി 100 കോടി ഡോളറിന്റെ കരാര്‍ ഒപ്പുവെച്ചു. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന 788 എയര്‍ ആംബുലന്‍സുകളാണ് ഇ പ്ലെയ്ൻ നല്‍കുക.
ഇന്ത്യയിലെ മുന്‍നിര എയര്‍ ആംബുലന്‍സ് കമ്പനിയായ ഐ.സി.എ.എ.ടിക്കാണ് ഇ പ്ലെയ്ൻ 788 ഇ-വി.ടി.ഒ.എല്‍. എയര്‍ ആംബുലന്‍സുകള്‍ നല്‍കുക. പിന്നീട് ഐ.സി.എ.എ.ടി. രാജ്യത്തെ എല്ലാ ജില്ലകളിലും എയര്‍ ആംബുലന്‍സുകള്‍ വിന്യസിക്കും. ഓരോ ഇന്ത്യന്‍ നഗരങ്ങളിലും പ്രതിദിനം വര്‍ധിക്കുന്ന വാഹനപ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍ വലിയ പ്രാധാന്യമാണ് ഈ കരാറിനുള്ളത്. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ എയര്‍ ആംബുലന്‍സുകള്‍ പരിസ്ഥിതിയെ ഹാനികരമായി ബാധിക്കില്ല എന്നും ഉറപ്പാക്കാന്‍ കഴിയും.
വ്യത്യസ്ത ഇടങ്ങളിലെ ഭൂപ്രകൃതികള്‍ക്കും ജനസാന്ദ്രതയ്ക്കും അനുസരിച്ചുള്ള എയര്‍ ആംബുലന്‍സ് മാതൃകകളാണ് ഇ പ്ലെയ്ൻ രൂപകല്‍പ്പന ചെയ്യുക. പൈലറ്റിന് പുറമെ ഒരു രോഗി, ഒരു ആരോഗ്യപ്രവര്‍ത്തക(ന്), സ്ട്രക്ചര്‍, ജീവന്‍രക്ഷാ ഉപകരണങ്ങള്‍, മെഡിക്കല്‍ കിറ്റുകള്‍ എന്നിവ വഹിക്കാന്‍ എയര്‍ ആംബുലന്‍സിന് കഴിയും. മണിക്കൂറില്‍ 200 കിലോമീറ്റര്‍ പരമാവധി വേഗതയില്‍ പറക്കാന്‍ കഴിയുന്ന ഇതിന്റെ ബാറ്ററി ഒരു തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 110 മുതല്‍ 200 കിലോമീറ്റര്‍ വരെ പറക്കാന്‍ കഴിയും.
എയര്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ 2026-ന്റെ അവസാനപാദത്തോടെ ആരംഭിക്കാനാണ് ഇ പ്ലെയ്ൻ കമ്പനി ലക്ഷ്യമിടുന്നത്. പ്രതിവര്‍ഷം 100 യൂണിറ്റുകള്‍ നിര്‍മ്മിക്കാനുള്ള ശേഷി ഇ പ്ലെയ്ൻ കമ്പനിക്കുണ്ടെന്ന് സ്ഥാപകനായ സത്യ ചക്രവര്‍ത്തി പറഞ്ഞു. എയര്‍ ആംബുലന്‍സുകള്‍ക്കായി 100 കോടി ഡോളറിന്റെ കരാറുണ്ടാക്കിയെങ്കിലും പുതിയ തരം ഇ-വി.ടി.ഒ.എല്‍. എയര്‍ക്രാഫ്റ്റുകള്‍ നിര്‍മ്മിക്കാനും പരീക്ഷണപ്പറക്കല്‍ നടത്താനുമായി 10 കോടി ഡോളര്‍ കൂടി കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. നിക്ഷേപകരില്‍ നിന്ന് ഇതുവരെ രണ്ട് കോടി ഡോളര്‍ സമാഹരിച്ചുവെന്നും മദ്രാസ് ഐ.ഐ.ടിയിലെ പ്രൊഫസര്‍ കൂടിയായ സത്യ ചക്രവര്‍ത്തി വ്യക്തമാക്കി.
Content Highlights: India Plans Vertical Take-Off Air Ambulances, IIT Startup Gets $1 Billion Deal
Published: 17 Feb 2025, 08:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented