ന്യൂഡൽഹി: ജഗ്‌ദീപ് ധൻകർ രാജിവെച്ച ഒഴിവിൽ നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി ബിജെപിയിൽനിന്നായിരിക്കും. രാജ്യസഭാ അധ്യക്ഷപദവികൂടി വഹിക്കുന്ന ഉപരാഷ്ട്രപതിസ്ഥാനത്ത് മുതിർന്ന പാർട്ടി നേതാവ് എത്തുന്നതാണ് അഭികാമ്യമെന്ന് ബിജെപി കരുതുന്നു. മറ്റ് പാർട്ടിയിൽനിന്ന് ബിജെപിയിലെത്തിയ ധൻകറിന്റെ ഉദാഹരണവും മുന്നിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശപര്യടനംകഴിഞ്ഞ് തിരിച്ചെത്തിയാൽ തീരുമാനമുണ്ടാകും.
പിന്നാക്ക, ദളിത് വിഭാഗത്തിലെ മുതിർന്ന പാർട്ടി നേതാവിനാണ് കൂടുതൽ സാധ്യത. മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയും ഇപ്പോൾ കർണാടക ഗവർണറുമായ തവർചന്ദ് ഗെഹ്‌ലോത്തിന്റെ പേര് ശക്തമായി ഉയരുന്നു. മധ്യപ്രദേശിലെ മുതിർന്ന നേതാവായ അദ്ദേഹം ദളിത് വിഭാഗക്കാരനാണ്. കേന്ദ്രമന്ത്രിയും രാജ്യസഭാ നേതാവുമായിരുന്നു.
മോദി താത്പര്യക്കുറവ് അറിയിച്ചിട്ടും ധൻകർ വഴങ്ങിയില്ല
ജഗ്‌ദീപ് ധൻകർ ഉപരാഷ്ട്രപതിപദം രാജിവെച്ച തിങ്കളാഴ്ച അദ്ദേഹവുമായുള്ള ഉരസൽ പൊട്ടിത്തെറിയിലെത്തുംമുൻപ് അനുനയിപ്പിച്ച് കൂടെനിർത്താൻ കേന്ദ്രസർക്കാർ ശ്രമിച്ചതായി സൂചന. അതിനു വഴങ്ങാതെ തന്റെ ഭാഗം ശരിയെന്ന വാശിയിൽ ധൻകർ തുടർന്നതോടെയാണ് രാജിയിലേക്കെത്തിയത്.
ജസ്റ്റിസ് യശ്വന്ത് വർമയ്ക്കെതിരായ ഇംപീച്ച്‌മെന്റ് നടപടികൾ ലോക്‌സഭയിൽ തങ്ങളുടെ മുൻകൈയിൽ മുന്നോട്ടുകൊണ്ടുപോകാനാണ് കേന്ദ്രം ആഗ്രഹിച്ചത്. അതിനിടെ, രാജ്യസഭയിൽ പ്രതിപക്ഷപ്രമേയം സ്വീകരിക്കാനുള്ള ധൻകറിന്റെ തീരുമാനം സർക്കാരിന് തിരിച്ചടിയായി. അദ്ദേഹത്തെ ഇതിൽനിന്ന് പിന്തിരിപ്പിക്കാൻ കേന്ദ്രം ശ്രമംനടത്തി. സഭാനേതാവും കേന്ദ്രമന്ത്രിയും ബിജെപി അധ്യക്ഷനുമായ ജെ.പി. നഡ്ഡയും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവും ധൻകറിനോട് സംസാരിച്ചു. ഇംപീച്ച്‌മെന്റ് പ്രമേയനടപടി ലോക്‌സഭയിൽ മുന്നോട്ടുപോകുകയാണെന്ന് മന്ത്രി കിരൺ റിജിജു അറിയിച്ചു. രാജ്യസഭയിൽ പ്രതിപക്ഷപ്രമേയം അംഗീകരിക്കാനുള്ള ധൻകറിന്റെ നീക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താത്പര്യക്കുറവുണ്ടെന്നും മന്ത്രി ധരിപ്പിച്ചു.
എന്നാൽ, രാജ്യസഭാ നടപടിച്ചട്ടത്തിന്റെ പരിധിയിലുള്ള കാര്യങ്ങളാണ് ചെയ്യുന്നതെന്ന് പറഞ്ഞ ധൻകർ തീരുമാനത്തിൽനിന്ന് പിന്മാറാൻ തയ്യാറായില്ല. ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകാനും അതിൽ ഒപ്പുവെക്കാനും ധൻകർ പ്രതിപക്ഷാംഗങ്ങളോട് ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുണ്ട്.
Content Highlights: India`s New Vice President Election
Published: 25 Jul 2025, 03:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented