ന്യൂഡൽഹി: വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ 'പോസിറ്റീവ്' ആയി പുരോഗമിക്കുന്നുവെന്ന് ഇന്ത്യയും യുഎസ്സും.  ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെ ഇതാദ്യമായാണ് വ്യാപാരകരാറുമായി ബന്ധപ്പെട്ട് ഇരുരാജ്യവും ചർച്ചയ്ക്കിരിക്കുന്നത്. ആറാം ഘട്ട ചർച്ചകൾക്ക് മുന്നോടിയായി ഇന്ന് നടന്ന ചർച്ചകൾ അവസാനിച്ചു. 

To advertise here,

കഴിഞ്ഞ ദിവസമാണ് യുഎസ് പ്രതിനിധി സംഘം ചർച്ചകൾക്കായി ഡൽഹിയിൽ എത്തിയത്. യുഎസ് വ്യാപാരരംഗത്തെ പ്രധാന ഇടനിലക്കാരനായ ബ്രെൻഡൻ ലിഞ്ചും സംഘവുമാണ് ഡൽഹിയിൽ എത്തിയത്. യുഎസ് വ്യാപാര പ്രതിനിധി ബ്രെൻഡൻ ലിഞ്ചും വാണിജ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് അഗർവാളും തമ്മിൽ ഉഭയകക്ഷി വ്യാപാര കരാറിൽ നടന്ന ചർച്ചകൾ ശുഭസൂചകമായിരുന്നുവെന്ന് യുഎസ് എംബസി വക്താവ് ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. 

തിങ്കളാഴ്ചയാണ് ബ്രെൻഡൻ ലിഞ്ചും സംഘവും ചർച്ചയ്ക്കായ് ഡൽഹിയിൽ എത്തിയത്. എന്നാൽ ഇത് ഉഭയകക്ഷി കരാറിന്മേലുള്ള ആറാംഘട്ട ചർച്ചകൾക്ക് വേണ്ടിയല്ല. അതിന് മുന്നോടിയായുള്ള ചർച്ചകൾ മാത്രമാണ് ഇതെന്ന് കേന്ദ്ര സർക്കാർവൃത്തങ്ങൾ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.ഓഗസ്ത് 25നും 29നും ഇടയിൽ നടക്കേണ്ടിയിരുന്ന ചർച്ചകൾ മാറ്റിവെച്ചിരുന്നു. ഈ വർഷം അവസാനത്തോടെ ഇന്ത്യ-യുഎസ് കരാർ യാഥാർഥ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ചർച്ചകൾ ഫലം കാണുമെന്ന പ്രതീക്ഷയാണ് ഇന്ത്യയും അമേരിക്കയും പങ്കുവെച്ചിരിക്കുന്നത്. 'ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തടസ്സങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. വരും ആഴ്ചകളില്‍ എന്റെ ഉറ്റ സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി സംസാരിക്കാനായി ഞാന്‍ കാത്തിരിക്കുകയാണ്. നമ്മുടെ മഹത്തായ രണ്ട് രാജ്യങ്ങള്‍ക്കും വിജയകരമായ ഒരു ഒത്തുതീര്‍പ്പിലെത്താന്‍ ഒരു പ്രയാസവുമുണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. 

സമാനമായ പ്രതികരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയത്. 'ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളുമാണ്. നമ്മുടെ വ്യാപാര ചര്‍ച്ചകള്‍ അതിരുകളില്ലാത്ത സാധ്യതകള്‍ക്ക് വഴിയൊരുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ചര്‍ച്ചകള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ നമ്മുടെ സംഘങ്ങള്‍ പ്രവര്‍ത്തിച്ചുവരികയാണ്. പ്രസിഡന്റ് ട്രംപുമായി സംസാരിക്കുന്നതിനായി ഞാനും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. നമ്മുടെ രണ്ട് ജനതയ്ക്കും വേണ്ടി കൂടുതല്‍ ശോഭനവും സമൃദ്ധവുമായ ഒരു ഭാവി ഉറപ്പാക്കാന്‍ നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി കുറിച്ചു.