
മ്യൂണിക്ക്: റഷ്യയിൽനിന്ന് കൂടുതൽ എണ്ണ വാങ്ങില്ലെന്ന് ഇന്ത്യ ഉറപ്പുനൽകിയെന്ന യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ അവകാശവാദത്തിന് പിന്നാലെ, വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. രാജ്യത്തിന്റെ 'തന്ത്രപരമായ സ്വയംഭരണത്തിൽ' വിട്ടുവീഴ്ചയില്ലെന്ന്, മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിൽ സംസാരിക്കവേ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ആവർത്തിച്ചു. തീരുമാനങ്ങളെടുക്കുന്നതിൽ ഇന്ത്യ എപ്പോഴും സ്വതന്ത്ര ചിന്താഗതി പുലർത്തും. എണ്ണയുടെ ലഭ്യത, ചെലവ് എന്നിവ വിലയിരുത്തി കമ്പനികളാണ് അതിൽ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയുടെ ഊർജമേഖലയ്ക്കുമേൽ യു.എസ്. പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് റൂബിയോയുടെ പരാമർശം. നേരത്തേ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സമാനമായ അവകാശവാദമുന്നയിച്ചിരുന്നു. ഇന്ത്യ റഷ്യൻ എണ്ണ ഒഴിവാക്കി യു.എസിൽനിന്ന് കൂടുതൽ വാങ്ങുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. റൂബിയോയ്ക്ക് മറുപടിയായി, തീരുമാനങ്ങളെടുക്കുന്നതിൽ ഇന്ത്യ എപ്പോഴും സ്വതന്ത്ര ചിന്താഗതി പുലർത്തുമെന്ന് ജയ്ശങ്കർ പറഞ്ഞു. ഇന്ത്യ ചരിത്രപരമായിത്തന്നെ പിന്തുടർന്നുവരുന്ന രീതിയാണത്. എണ്ണയുടെ ലഭ്യത, ചെലവ്, അപകടസാധ്യത എന്നിവ വിലയിരുത്തി കമ്പനികളാണ് അക്കാര്യത്തിൽ തീരുമാനമെടുക്കുക. ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് രാജ്യങ്ങൾ നിലപാടുകളിൽ മാറ്റം വരുത്താറുണ്ടെങ്കിലും ഇന്ത്യയുടെ അടിസ്ഥാന നിലപാടുകളിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യ റഷ്യൻ എണ്ണ ഉപേക്ഷിക്കുമെന്ന വാർത്തകൾ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് തള്ളി. യു.എസ്. ഉദ്യോഗസ്ഥർ മാത്രമാണ് ഇത്തരമൊരു കാര്യം പറയുന്നത്. ഇന്ത്യൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായ പ്രസ്താവനകളുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഇന്ത്യയുടെ ഊർജ ആവശ്യങ്ങളിൽ വലിയൊരു ഭാഗം റഷ്യയിൽനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ആകെ ക്രൂഡ് ഓയിലിന്റെ 35 ശതമാനം റഷ്യയിൽ നിന്നാണ്.
Content Highlights: India's Stance on Russian Oil: US Sanctions and Strategic Autonomy
Published: 15 Feb 2026, 03:37 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented