ന്യൂഡല്‍ഹി: അറബിക്കടല്‍ തീരത്ത് ഇന്ത്യയുടെ ഓപ്പറേഷന്‍ ത്രിശൂല്‍ എന്ന സംയുക്ത സൈനികാഭ്യാസത്തില്‍ വിറച്ച് പാകിസ്താന്‍. ഇന്ത്യ മറ്റൊരു ഓപ്പറേഷന്‍ സിന്ദൂറിന് കോപ്പുകൂട്ടുകയാണെന്ന ധാരണയില്‍ അതീവ ജാഗ്രതയിലാണ് പാക് സൈന്യമെന്നാണ് ഇന്ത്യന്‍ ഇന്റലിജന്‍സിന് ലഭിച്ച വിവരം. തെഹ്‌രികെ താലിബാന്‍ പാകിസ്താന്‍, ബലൂച് ലിബറേഷന്‍ ആര്‍മി തുടങ്ങിയ സംഘടനകളില്‍ നിന്നുള്ള ആഭ്യന്തര ഭീഷണികളില്‍ നട്ടംതിരിയുന്നതിനിടെയാണ് ഇന്ത്യ ഓപ്പറേഷന്‍ ത്രിശൂല്‍ എന്നപേരില്‍ സൈനികാഭ്യാസം നടത്തുന്നത്. ഇത് കുറച്ചൊന്നുമല്ല പാകിസ്താനെ വലയ്ക്കുന്നത്. ഈ സമ്മര്‍ദ്ദങ്ങള്‍ക്ക് പുറമെയാണ് കിഴക്കന്‍ അതിര്‍ത്തിയില്‍ അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടവുമായുള്ള സംഘര്‍ഷങ്ങള്‍. തങ്ങളുടെ കിഴക്കും പടിഞ്ഞാറും ഒരേപോലെ സമ്മര്‍ദ്ദത്തിലാക്കുക എന്നതാണ് ഇന്ത്യയുടെ തന്ത്രമെന്നാണ് പാകിസ്താന്‍ കരുതുന്നത്.

To advertise here,

പാക് സൈന്യം അങ്ങേയറ്റത്തെ സമ്മര്‍ദ്ദത്തിലാണ് എന്നത് വ്യക്തം. ഇത് വ്യക്തമാക്കുന്നതാണ് പാകിസ്താന്‍ സായുധ സേനയുടെ മാധ്യമ-പൊതുജന സമ്പര്‍ക്ക വിഭാഗമായ ഇന്റര്‍-സര്‍വീസസ് പബ്ലിക് റിലേഷന്‍സിന്റെ (ഐഎസ്പിആര്‍) ഡയറക്ടര്‍ ജനറല്‍ (ഡിജി) ലെഫ്റ്റനന്റ് ജനറല്‍ (എല്‍ജി) അഹമ്മദ് ഷെരീഫ് ചൗധരിയുടെ പ്രതികരണം. 'ഇത്തവണ ഞങ്ങളുടെ പ്രതികരണം കൂടുതല്‍ ശക്തമായിരിക്കുമെന്ന് ഇന്ത്യ അറിഞ്ഞിരിക്കണം, പാകിസ്താന്‍ ഇന്ത്യയുടെ സംയുക്ത സൈനികാഭ്യാസം നിരീക്ഷിച്ചുവരികയാണ്. അറബിക്കടലില്‍ ഇന്ത്യ മറ്റൊരു ആക്രമണത്തിന് തയ്യാറെടുക്കുകയാണ്,' -

റാവല്‍പിണ്ടിയില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സൈനികാഭ്യാസത്തിനോടുള്ള ഉത്കണ്ഠയാണ് ഈ വാക്കുകളില്‍ കൂടി പുറത്തുവന്നത്. ആഭ്യന്തര സുരക്ഷാ പ്രതിസന്ധികളെ നിയന്ത്രിക്കാനാകാത്തതിന്റെ സമ്മര്‍ദ്ധവും കോപവുമാണ് ഇന്ത്യയുടെ സൈനികാഭ്യാസത്തിനോട് തീര്‍ക്കുന്നതെന്നാണ് ഇന്റലിജന്‍സ് വിലയിരുത്തുന്നത്.

ഇന്ത്യ ഒരു സുരക്ഷാ ഭീഷണിയാണെന്ന് വരുത്തി തീര്‍ത്ത് രാജ്യത്തിനകത്ത് ഐക്യം നിലനിര്‍ത്താനുള്ള വിഫല ശ്രമമാണ് ഇത്തരം വാചകങ്ങളിലൂടെ പുറത്തുവരുന്നത്. ടിടിപിയുടെയും ബലൂച് വിഘടനവാദികളുടെയും നിരന്തര ആക്രമണങ്ങളില്‍ വലയുന്നതിനിടെയാണ് ഇന്ത്യ സൈനികാഭ്യാസവുമായി വരുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് മുമ്പ് ഇന്ത്യ സൈനികാഭ്യാസം നടത്തിയിരുന്നു. എന്നാല്‍ അത് മൂന്ന് സേനകളും വേവ്വേറെയായിട്ടാണ് നടത്തിയത്.

നവംബര്‍ 3-ന് ആരംഭിച്ച സംയുക്ത സൈനികാഭ്യാസമായ 'ത്രിശൂല്‍', ഇന്ത്യന്‍ കര, നാവിക, വ്യോമസേനകളെ ഒരുമിപ്പിച്ച് അറബിക്കടല്‍ മുതല്‍ ആകാശം വരെ വ്യാപിച്ചുകിടക്കുന്ന ഒരു വലിയ യുദ്ധപരിശീലനമാണ്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള ഇത്തരത്തിലുള്ള ആദ്യ അഭ്യാസമാണിത്, ഇത് നവംബര്‍ 13 വരെ തുടരും. ഈ വലിയ അഭ്യാസം സംയോജിത യുദ്ധം, ദ്രുതഗതിയിലുള്ള സൈനിക വിന്യാസം, സമുദ്ര ആധിപത്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് പരിശീലിക്കുന്നത്. പതിവ് സ്വഭാവത്തിലുള്ളതാണെങ്കിലും, ഈ സൈനികാഭ്യാസം പാകിസ്താനെ അതീവ ജാഗ്രതയിലാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയുടെ 'ത്രിശൂല്‍' സംയുക്ത സൈനികാഭ്യാസത്തെത്തുടര്‍ന്നുള്ള പരിഭ്രാന്തിയെ തുടര്‍ന്ന് തുടര്‍ച്ചയായി നോട്ടാം മുന്നറിയിപ്പുകള്‍ പുറപ്പെടുവിക്കുകയാണ് പാകിസ്താന്‍. ഏറ്റവും പുതിയ മുന്നറിയിപ്പില്‍

നവംബര്‍ ഒന്നുമുതല്‍ നവംബര്‍ 30 വരെ പാകിസ്താന്റെ വ്യോമാതിര്‍ത്തിയുടെ വലിയൊരു ഭാഗം, പ്രത്യേകിച്ച് തെക്കന്‍, തീരദേശ മേഖലകളില്‍ അടച്ചിട്ടിരിക്കുകയാണ്. ഇതില്‍ നിന്നുതന്നെ പാകിസ്താന്റെ പരിഭ്രാന്തിയുടെ ആഴം വ്യക്തമാണ്.