ന്യൂഡൽഹി: രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇപ്പോൾ നടക്കുകയാണെങ്കിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം 326 സീറ്റുകൾ നേടി വീണ്ടും അധികാരത്തിലെത്തുമെന്ന് സർവേ. ഇന്ത്യ ടുഡേ-സി വോട്ടർ 'മൂഡ് ഓഫ് ദി നേഷൻ' സർവേയാണ് ഇക്കാര്യം പ്രവചിച്ചത്.
എന്നാൽ, മുൻ സർവേകളെ അപേക്ഷിച്ച് എൻഡിഎയുടെ സീറ്റുകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലെ സർവേയിൽ എൻഡിഎയ്ക്ക് 352 സീറ്റുകളാണ് പ്രവചിച്ചിരുന്നതെങ്കിൽ ഇത്തവണ അത് 326 ആയി കുറഞ്ഞു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ മുദ്രാവാക്യമായ '400 പാർ' എന്ന ലക്ഷ്യത്തിൽനിന്ന് അകലെയാണെങ്കിലും വോട്ടർമാർക്ക് എൻഡിഎയിലുള്ള വിശ്വാസം ഇപ്പോഴും ശക്തമാണെന്നാണ് സർവേ ചൂണ്ടിക്കാണിക്കുന്നത്.
കക്ഷിനില പരിശോധിക്കുമ്പോൾ ബിജെപിക്ക് സ്വന്തമായി 261 സീറ്റുകൾ ലഭിക്കുമെന്നാണ് ഓഗസ്റ്റിലെ സർവേ വ്യക്തമാക്കുന്നത്. ആറ് മാസം മുമ്പത്തെ പ്രവചനത്തിൽ ഇത് 287 സീറ്റുകളായിരുന്നു. എങ്കിലും 2024-ലെ പൊതുതിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ലഭിച്ച 240 സീറ്റുകളേക്കാൾ മികച്ച പ്രകടനമാണിത്. അടുത്ത കാലത്തുണ്ടായ പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധങ്ങൾ ഭരണകക്ഷിക്ക് തിരിച്ചടിയായിട്ടുണ്ട്. അതേസമയം, കോൺഗ്രസ് വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.
കഴിഞ്ഞ ജനുവരിയിൽ കോൺഗ്രസിന് 80 സീറ്റുകൾ പ്രവചിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ അത് 106 സീറ്റുകളായി ഉയരുമെന്ന് സർവേ സൂചിപ്പിക്കുന്നു. 2025 ഓഗസ്റ്റിലെ പ്രവചനമായ 97 സീറ്റുകളേക്കാളും കൂടുതലാണിത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ജനകീയ വിഷയങ്ങൾ ശക്തമായി ഉയർത്തിക്കൊണ്ടുവന്നത് കോൺഗ്രസിന് രാജ്യത്ത് വലിയ രീതിയിൽ സ്വാധീനം നേടിക്കൊടുത്തെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു.
പ്രതിപക്ഷ കൂട്ടായ്മയായ 'ഇന്ത്യ' സഖ്യത്തിന് ഇത്തവണത്തെ സർവേയിൽ 185 സീറ്റുകളാണ് പ്രവചിക്കുന്നത്. ജനുവരിയിലെ സർവേയിൽ ഇത് 182 സീറ്റുകളായിരുന്നു. എന്നാൽ, 2024-ൽ സഖ്യം നേടിയ 234 സീറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണ്. വോട്ട് വിഹിതത്തിൽ എൻഡിഎയ്ക്ക് 45.1 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പ്രവചനം. ജനുവരിയിലെ 47 ശതമാനത്തിൽനിന്നാണ് ഈ കുറവുണ്ടായത്. 2024-ലെ തിരഞ്ഞെടുപ്പിൽ 44 ശതമാനം വോട്ടാണ് സഖ്യത്തിന് ലഭിച്ചിരുന്നത്.
'ഇന്ത്യ' സഖ്യത്തിന്റെ വോട്ട് വിഹിതം 39.1 ശതമാനമായിരിക്കുമെന്നും സർവേ പ്രവചിക്കുന്നു. ജൂലൈ ഒന്നിനും ഓഗസ്റ്റ് 25-നും ഇടയിൽ 25,184 പേരിൽ നേരിട്ട് നടത്തിയ സർവേയുടെയും കഴിഞ്ഞ ആറ് മാസത്തെ ട്രാക്കിങ്ങിന്റെയും അടിസ്ഥാനത്തിലാണ് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ ഫലം തയാറാക്കിയിട്ടുള്ളത്.
Content Highlights: NDA projected to win 326 seats and form government, BJP alone expected to secure 261 seats, Congress shows strong surge with a projected 106 seats, INDIA bloc estimated to win 185 seats, Survey conducted among 25,184 respondents between July 1 and August 25
Published: 28 Aug 2026, 03:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented