ചെന്നൈ: 2025-ല്‍ തമിഴ്‌നാട്ടിലെ കാട്ടാനകളുടെ എണ്ണം 3,170 ആയി ഉയര്‍ന്നതായി സര്‍വേ റിപ്പോര്‍ട്ട്. മുന്‍പ് ഇത് 3,063 ആയിരുന്നു. അതായത് 107 എണ്ണത്തിന്റെ വര്‍ധന. സംസ്ഥാന വനംവകുപ്പ് മന്ത്രി ആര്‍എസ് രാജ കണ്ണപ്പന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച് വിവരങ്ങളുള്ളത്.

To advertise here,

മുതുമല കടുവ സങ്കേതത്തിലാണ് ഏറ്റവുമധികം കാട്ടാനകളുള്ളത്. 325 കാട്ടാനകൾ. തൊട്ടുപിന്നാലെ ഗൂഡലൂര്‍ ഫോറസ്റ്റ് ഡിവിഷനും ആനമല കടുവ സങ്കേതവുമാണുള്ളത്. മേയ് 23 മുതല്‍ 25 വരെ കര്‍ണാടകവുമായി സഹകരിച്ചാണ് സര്‍വേ സംഘടിപ്പിച്ചത്. കടുവ സങ്കേതങ്ങള്‍, വന്യജീവി സങ്കേതം, ദേശീയോദ്യാനം എന്നിവയടങ്ങുന്ന 26 ഫോറസ്റ്റ് ഡിവിഷനുകളിലാണ് സര്‍വേ നടത്തിയത്. ശാസ്ത്രീയ അടിത്തറയുള്ള വന്യജീവി പരിപാലനവും സംരക്ഷണപ്രവര്‍ത്തനങ്ങളുമാണ് സംസ്ഥാനത്ത് കാട്ടാനകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായതെന്ന് മന്ത്രി ആര്‍എസ് രാജ കണ്ണപ്പന്‍ പ്രതികരിച്ചു.

ആവാസവ്യവസ്ഥ പുനഃസ്ഥാപനം, അധിനിവേശ സ്പീഷിസുകളെ പൂര്‍ണമായും ഒഴിവാക്കല്‍, ജലലഭ്യത ഉറപ്പുവരുത്തല്‍, അതിനൂതന സാങ്കേതികവിദ്യയുടെ സഹായം എന്നിവയില്‍ സംസ്ഥാനം ശ്രദ്ധകേന്ദ്രീകരിച്ച് നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് കാട്ടാനകളുടെ എണ്ണം ഉയര്‍ന്നതെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു വ്യക്തമാക്കി. 'ഞങ്ങളുടെ കാടുകളിലെ പ്രധാന ഘടകമാണ് ഞങ്ങളുടെ സാംസ്‌കാരിക മുഖമുദ്ര കൂടിയായ ആനകള്‍. അവയുടെ എണ്ണം ഉയരുന്നത് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഫലം ചെയ്യുന്നുവെന്നതിന്റെ സൂചനയാണ്', സുപ്രിയ സാഹു ചൂണ്ടിക്കാട്ടി.