ന്യൂഡല്‍ഹി: ഡിഎന്‍എ അടിസ്ഥാനപ്പെടുത്തിയുളള കാട്ടാനകളുടെ രാജ്യത്തെ ആദ്യത്തെ കണക്കെടുപ്പ് പൂര്‍ത്തിയായി. ഇതുപ്രകാരം രാജ്യത്ത് 18,255-നും 26,645-നുമിടയിലാണ് കാട്ടാനകളുടെ എണ്ണം. ശരാശരി 22,466 കാട്ടാനകളാണ് രാജ്യത്തുള്ളത്. 2017-ലെ കണക്കുമായി താരമത്യം ചെയ്യുമ്പോള്‍ ഇത് വളരെ ചെറുതാണ്. 27,312 കാട്ടാനകളായിരുന്നു രാജ്യത്ത് 2017-ലുണ്ടായിരുന്നത്. എന്നാല്‍ എണ്ണമെടുക്കലിന്റെ രീതി മാറിയതിനാലും ഡിഎന്‍എ അടിസ്ഥാനമാക്കിയുള്ള എണ്ണമെടുക്കല്‍ ആദ്യമായ് നടന്നതിനാലും രണ്ട് കണക്കുകളെ തമ്മില്‍ താരതമ്യം ചെയ്യാനാവില്ലെന്ന് അധികൃതര്‍ പറയുന്നു.
2021-ല്‍ ആരംഭിച്ച സര്‍വേയുടെ റിപ്പോര്‍ട്ടാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കാട്ടാനകളുടെ പിണ്ടത്തില്‍നിന്ന് ഡിഎന്‍എ ഫിംഗര്‍പ്രിന്റിങ്ങിലൂടെയാണ് കാട്ടാനകളുടെ എണ്ണം ഇത്തവണ കണക്കാക്കിയത്. പ്രദേശം തിരിച്ചുള്ള കണക്കനുസരിച്ച് പശ്ചിമഘട്ടത്തിലാണ് ഏറ്റവുമധികം കാട്ടാനകളുള്ളത്. 11,934 കാട്ടാനകളാണ് ഇവിടെയുള്ളത്. സംസ്ഥാനം തിരിച്ചുള്ള കണക്ക് പ്രകാരം കര്‍ണാടകത്തിലാണ് ഏറ്റവുമധികം കാട്ടാനകളുള്ളത്. 6,013 എണ്ണം. തൊട്ടുപിന്നാലെ അസമാണ് (4,159). തമിഴ്‌നാട് (3,136), കേരളം (2,785), ഉത്തരാഖണ്ഡ് (1,792), ഒഡിഷ (912), അരുണാചല്‍പ്രദേശ് (617 ), മേഘാലയ (677), നാഗാലന്‍ഡ് (252), ത്രിപുര (153) എന്നിങ്ങനെ പോകുന്നു കണക്കുകള്‍.
ഉപഗ്രഹ വിവരം, എം-സ്‌ട്രൈപ്പ്‌സ് ആപ്പ് എന്നിവയുടെ കൂടി സഹായത്തോടെയാണ് ഇത്തവണത്തെ എണ്ണമെടുക്കല്‍ പൂര്‍ത്തിയാക്കിയത്. പരിസ്ഥിതി മന്ത്രാലയം പ്രൊജക്ട് എലിഫന്റ്, വൈല്‍ഡ്‌ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടിയാണ് സര്‍വേ സംഘടിപ്പിച്ചത്. ലോകത്തില്‍ ശേഷിക്കുന്ന ഏഷ്യന്‍ ആനകളുടെ 60 ശതമാനത്തിന്റെയും ആവാസവ്യവസ്ഥ കൂടിയാണ് ഇന്ത്യ.
Content Highlights: Wild Elephant Number in India stands at 22,466
Published: 16 Oct 2025, 07:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented