ന്യൂഡല്‍ഹി: സമുദ്രത്തിനടിയിലെ വിലയേറിയ ധാതുക്കള്‍, ഊര്‍ജ്ജം, സമുദ്ര വൈവിധ്യം തുടങ്ങിയവയുടെ പര്യവേക്ഷണം വിഭാവനം ചെയ്യുന്ന 'ഡീപ് ഓഷ്യന്‍ മിഷന്‍' നാല് മാസത്തിനുള്ളില്‍ ആരംഭിക്കും. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്.

To advertise here,

ഭാവിയെ മാറ്റിമറിക്കുന്ന ദൗത്യത്തിന് വേണ്ട അംഗീകാരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അടുത്ത 3-4 മാസത്തിനുള്ളില്‍ ദൗത്യം ആരംഭിക്കാനാകുമെന്നും മന്ത്രാലയം സെക്രട്ടറി എം.രാജീവന്‍ പറഞ്ഞു.

4000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ ദൗത്യം ഇന്ത്യയുടെ വിശാലമായ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണും കോണ്ടിനെന്റല്‍ ഷെല്‍ഫും പര്യവേക്ഷണം ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് ഉത്തേജനം നല്‍കുമെന്ന് മന്ത്രാലയത്തിലെ മറ്റൊരു ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

വിവിധ ആഴക്കടല്‍ സംരംഭങ്ങള്‍ക്കായി സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതും ഈ ദൗത്യത്തില്‍ ഉള്‍പ്പെടുമെന്ന് രാജീവന്‍ പറഞ്ഞു. 

ഭൗമ ശാസ്ത്ര മന്ത്രാലയവും ഡി.ആര്‍.ഡി.ഒ, ഐ.എസ്.ആര്‍.ഒ, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോ ടെക്‌നോളജി, സി.എസ്.ഐ, ആര്‍ തുടങ്ങിയ സ്ഥാപനങ്ങളും ദൗത്യത്തില്‍ പങ്കാളികളാവും. ഡിആര്‍ഡിഒ, ഐ.എസ്.ആര്‍.ഒ എന്നിവരാണ് ദൗത്യത്തിന്റെ ചില സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നത്.

ആഴക്കടലിലേക്ക് മനുഷ്യനെ എത്തിക്കാന്‍ കഴിയുന്ന മുങ്ങിക്കപ്പലിന്റെ രൂപകല്‍പ്പന, വികസനം, പ്രകടനം എന്നിവയാണ് ദൗത്യത്തിന്റെ പ്രധാന വശങ്ങളിലൊന്ന്. ആഴക്കടല്‍ ഖനനത്തിനുള്ള സാധ്യതകള്‍ അന്വേഷിക്കുകയും ആവശ്യമായ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് മറ്റൊരു വശം.

ചൈന, കൊറിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ സജീവമായി നില്‍ക്കുന്ന മേഖയില്‍ ഇന്ത്യന്‍ സാന്നിധ്യം വര്‍ധിപ്പിക്കുമെന്നതിനാല്‍ ദൗത്യത്തിന് തന്ത്രപരമായ പ്രധാന്യം അര്‍ഹിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ച മരിയാന ട്രെഞ്ചിന്റെ ഏറ്റവും താഴെ പാര്‍ക്ക് ചെയ്തിരിക്കുന്ന മുങ്ങിക്കപ്പലില്‍ (വെള്ളത്തിനിടയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ രൂപകല്‍പന ചെയ്ത ചെറിയ കപ്പല്‍) തത്സമയ സംപ്രേക്ഷണം ചൈന പുറത്ത് വിട്ടിരുന്നു. ഏറ്റവും ആഴമേറിയ സമുദ്ര അടിത്തട്ടിലെ ദൗത്യത്തിന്റെ ഭാഗമായിരുന്നു അത്. 

മധ്യ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ 1.5 ലക്ഷം കിലോമീറ്റര്‍ വിസ്തൃതിയിലുള്ള ഭാഗമാണ് ഇന്ത്യ പര്യവേക്ഷണത്തിനായി അടയാളപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ പോളി-മെറ്റാലിക് സള്‍ഫൈഡുകള്‍ പര്യവേക്ഷണം ചെയ്യുന്നതിനായി അന്താരാഷ്ട്ര സമുദ്ര അടിത്തട്ട് അതോറിറ്റിയുമായി 2016-ല്‍ ഇന്ത്യ 15 വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടിരുന്നു.

Content Highlights: India To Launch Deep Sea Mission In 3-4 Months