ഒരു സാധാരണ വിമാനത്താവളമായി ഇതിനെ കണക്കാക്കാനാകില്ല. മറിച്ച് ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തിലേക്കുള്ള കവാടമെന്ന് വിശേഷിപ്പിക്കാം. ലോകപ്രശസ്ത ഖജുരാഹോ ക്ഷേത്രസമുച്ചയത്തിലേക്കുള്ള പ്രവേശന കവാടമായ ഖജുരാഹോ വിമാനത്താവളം യാത്രക്കാരുടെ സംതൃപ്തിയിൽ രാജ്യത്തുതന്നെ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.

To advertise here,

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (AAI) 2026 ദേശീയ കസ്റ്റമർ സാറ്റിസ്ഫാക്ഷൻ ഇൻഡക്സിലാണ് മധ്യപ്രദേശിലെ ഖജുരാഹോ വിമാനത്താവളം ഒന്നാം സ്ഥാനം നേടിയത്. യാത്രക്കാരിൽ നിന്ന് നേരിട്ട് ശേഖരിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കിങ് തയ്യാറാക്കിയത്. ഭോപ്പാലിലെ രാജാ ഭോജ് വിമാനത്താവളം മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ചെക്ക്-ഇൻ നടപടിക്രമങ്ങൾ, സുരക്ഷാ പരിശോധന, ടെർമിനലിന്റെ വൃത്തിയും ശുചിത്വവും, കാത്തിരിപ്പ് സമയം, ജീവനക്കാരുടെ പെരുമാറ്റം, ഭക്ഷണ സൗകര്യങ്ങൾ, വിവരസേവനങ്ങൾ, മൊത്തത്തിലുള്ള യാത്രാനുഭവം തുടങ്ങിയ ഘടകങ്ങളാണ് വിലയിരുത്തലിൽ പരിഗണിച്ചത്. എല്ലാ മേഖലകളിലും ഉയർന്ന നിലവാരം പുലർത്തിയതാണ് ഖജുരാഹോയെ രാജ്യത്തെ ഏറ്റവും മികച്ച വിമാനത്താവളമാക്കിയത്.

വിമാനത്താവളത്തിൽനിന്ന് തുടങ്ങുന്ന ഖജുരാഹോ അനുഭവം

ഖജുരാഹോ പട്ടണത്തിൽ നിന്ന് വെറും മൂന്ന് കിലോമീറ്റർ മാത്രം അകലെയാണ് വിമാനത്താവളം. ടെർമിനലിലേക്ക് കടന്നെത്തുന്ന യാത്രക്കാരെ സ്വാഗതം ചെയ്യുന്നത് പ്രദേശത്തിന്റെ കലാ-സംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ശിൽപ്പങ്ങളും അലങ്കാരങ്ങളുമാണ്. പുറത്തേക്കിറങ്ങുന്നതിന്റെ മുമ്പേ ഖജുരാഹോയുടെ ചരിത്രവും കലാപാരമ്പര്യവും സന്ദർശകർക്ക് അനുഭവിക്കാൻ കഴിയുന്ന രീതിയിലാണ് വിമാനത്താവളത്തിന്റെ രൂപകൽപ്പന. ആധുനിക ചെക്ക്-ഇൻ കൗണ്ടറുകൾ, വേഗത്തിലുള്ള സുരക്ഷാ പരിശോധന, വിശാലമായ കാത്തിരിപ്പ് മേഖല, ഭക്ഷണശാലകൾ, ഷോപ്പുകൾ എന്നിവ യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നു.

ലോക പൈതൃകത്തിലേക്കുള്ള കവാടം

1978-ൽ പ്രവർത്തനം ആരംഭിച്ച ഖജുരാഹോ വിമാനത്താവളം, യുനെസ്‌കോ ലോകപൈതൃക പട്ടികയിൽ ഉൾപ്പെട്ട ഖജുരാഹോ ക്ഷേത്രസമുച്ചയത്തിലേക്കുള്ള പ്രധാന പ്രവേശന കവാടമാണ്. അതിമനോഹരമായ ശില്പകലയും സൂക്ഷ്മ കൊത്തുപണികളും കൊണ്ട് ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന ഈ ക്ഷേത്രങ്ങൾ കാണാൻ എത്തുന്നവരുടെ എണ്ണം ഓരോ വർഷവും വർധിച്ചുകൊണ്ടിരിക്കുകയാണ്.

മെച്ചപ്പെട്ട വിമാന സർവീസുകളും യാത്രാസൗകര്യങ്ങളും ഖജുരാഹോയിലേക്കുള്ള ആഭയന്തര-വിദേശ വിനോദസഞ്ചാരികളുടെ എണ്ണം ഇനിയും ഉയർത്തുമെന്നാണ് പ്രതീക്ഷ. വിമാനത്താവളങ്ങളുടെ മത്സരം ഇനി റൺവെയിലോ യാത്രക്കാരുടെ എണ്ണത്തിലോ മാത്രമല്ല. യാത്രക്കാരന് ലഭിക്കുന്ന അനുഭവമാണ് നിർണായകമാകുന്നത്. ആ അനുഭവത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും മുന്നിലുള്ളത് ഖജുരാഹോ വിമാനത്താവളമാണ്.