ന്യുഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ യജ്ഞം എന്ന വിശേഷണത്തോടെ തുടങ്ങിയ ഇന്ത്യയുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഒന്‍പത് മാസങ്ങള്‍ പിന്നിടുമ്പോള്‍ ഒരു വലിയ നാഴികകല്ല് പിന്നിടുകയാണ് രാജ്യം. ഇന്ന് രാവിലെ 9.47-ഓടെ രാജ്യത്ത് നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 100 കോടി പൂര്‍ത്തിയാക്കി.  ചൈനയ്ക്ക് ശേഷം നൂറ് കോടി വാക്‌സിനേഷന്‍ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഈ നേട്ടം ആഘോഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ വലിയ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

വ്യാഴാഴ്ച രാവിലെ 9.47നാണ് രാജ്യത്ത് ഇതുവരെയുള്ള പ്രതിരോധ കുത്തിവെയ്പുകളുടെ എണ്ണം 100 കോടി കഴിഞ്ഞതായി കോവിന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തിയത്. 275 ദിവസങ്ങള്‍ കൊണ്ടാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്. 18 വയസിന് മുകളിലുള്ളവരില്‍ 75 ശതമാനം പേര്‍ക്ക് ആദ്യ ഡോസും 31 ശതമാനം പേര്‍ക്ക് രണ്ട് ഡോസും നല്‍കി.

യോഗ്യതയുള്ള എല്ലാവരും കാലതാമസം കൂടാതെ കുത്തിവെപ്പ് എടുക്കണമെന്നും 'ചരിത്രപരമായ' ഈ യാത്രയില്‍ എല്ലാവരും അവരുടേതായ കൈയൊപ്പ് ചാര്‍ത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അഭ്യര്‍ത്ഥിച്ചു. ഇന്ന് ചെങ്കോട്ടയില്‍ നടക്കുന്ന ചടങ്ങില്‍ ഗായകന്‍ കൈലാഷ് ഖേര്‍ തയാറാക്കിയ ഒരു ഗാനവും ഒരു വീഡിയോയും അദ്ദേഹം പുറത്തിറക്കും. 1400 കിലോഗ്രാമോളം ഭാരം വരുന്ന ഏറ്റവും വലിയ ദേശീയ പതാക ചെങ്കോട്ടയില്‍ നടക്കുന്ന ഈ ചടങ്ങില്‍ ഉയര്‍ത്തുമെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ട്രെയിനുകളിലും വിമാനങ്ങളിലും കപ്പലുകളിലും ഉച്ചഭാഷിണികളിലൂടെ വാക്‌സിനേഷന്‍ നൂറ് കോടി കടക്കുന്നതിന്റെ അറിയിപ്പുകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ വേണ്ട നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. സെക്കന്റില്‍ 700 ഡോസ് വാക്‌സിന്‍ ഡോസുകളാണ് രാജ്യത്ത് നല്‍കിക്കൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ നൂറ് കോടി തികയ്ക്കുന്ന വ്യക്തിയെ കണ്ടെത്താന്‍ പ്രയാസമായിരിക്കുമെന്ന് ദേശീയ ആരോഗ്യ അതോറിറ്റി മേധാവി ആര്‍. എസ്. ശര്‍മ്മ ദേശീയ മാധ്യമത്തോട് പറഞ്ഞു.

Content Highlights: India to complete 100 crore vaccination doses today, Huge celebrations planned by central government