ന്യൂഡല്‍ഹി: ലക്ഷദ്വീപില്‍ രണ്ട് നാവികസേനാ താവളങ്ങള്‍ നിര്‍മിക്കും. അഗത്തി, മിനിക്കോയ് ദ്വീപുകളിലാണ് താവളങ്ങള്‍ നിര്‍മിക്കുകയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടുചെയ്തു. തന്ത്രപ്രധാനമായ ലക്ഷദ്വീപില്‍ എയര്‍ ബേസുകള്‍ ഉള്‍പ്പെടെയുള്ള നാവിക താവളങ്ങളാണ് ഇന്ത്യ നിര്‍മിക്കുക. 

To advertise here,

തെക്കുകിഴക്കന്‍ ഏഷ്യയിലേക്കും വടക്കന്‍ ഏഷ്യയിലേക്കും ശതകോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള ചരക്കുകളുമായി കപ്പലുകള്‍ കടന്നുപോകുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലെ 9 ഡിഗ്രി ചാനലിലാണ് മിനിക്കോയ്, അഗത്തി ദ്വീപുകള്‍ സ്ഥിതി ചെയ്യുന്നത്. മാലദ്വീപില്‍ നിന്ന് 524 കിലോമീറ്റര്‍ മാത്രം അകലെയാണ് മിനിക്കോയ് ദ്വീപ്. 

മാര്‍ച്ച് നാലിനോ അഞ്ചിനോ ആകും മിനിക്കോയ് ദ്വീപിലെ നാവികസേനാ താവളത്തിന്റെ ഉദ്ഘാടനം. ഐ.എന്‍.എസ്. ജടായു എന്ന് പേരുള്ള താവളം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ആണ് ഉദ്ഘാടനം ചെയ്യുക. ഐ.എന്‍.എസ്. വിക്രമാദിത്യയും ഐ.എന്‍.എസ്. വിക്രാന്തും ഉള്‍പ്പെടെ 15 യുദ്ധക്കപ്പലുകള്‍ അടങ്ങുന്ന കപ്പല്‍ വ്യൂഹത്തിലാണ് രാജ്‌നാഥ് സിങ് മിനിക്കോയ് ദ്വീപിലേക്ക് പോകുക. യുദ്ധക്കപ്പലുകളില്‍ വെച്ച് സേനാ കമാന്‍ഡര്‍മാരുടെ ആദ്യഘട്ട സംയുക്ത യോഗം ചേരാനും നാവികസേന പദ്ധതിയിടുന്നുണ്ട്. രണ്ടാം ഘട്ടയോഗം മാര്‍ച്ച് ആറിനും ഏഴിനുമായി നടക്കും. 

മിനിക്കോയ് ദ്വീപില്‍ പുതിയ എയര്‍ സ്ട്രിപ് നിര്‍മിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ അഗത്തി ദ്വീപിലെ നിലവിലുള്ള എയര്‍ സ്ട്രിപ്പ് നവീകരിക്കുകയും ചെയ്യും. പുതിയ സേനാതാവളങ്ങള്‍ നിര്‍മിക്കുന്നതിലൂടെ ഇന്തോ-പസഫിക് മേഖലയിലെ ശക്തി വര്‍ധിപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.