ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ നിര്‍മിത മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ കൂ (Koo). പ്രസിഡന്റ് മുഹമ്മദു ബുഹാരിയുടെ ട്വീറ്റ്, നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി നീക്കം ചെയ്തതിന് പിന്നാലെ നൈജീരിയ ട്വിറ്ററിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് കളംപിടിക്കാനുള്ള ശ്രമം കൂ ആരംഭിച്ചത്.
കൂ ഇന്ത്യ നൈജീരിയയില്‍ ലഭ്യമാണെന്നും അവിടത്തെ പ്രാദേശിക ഭാഷകളില്‍ ലഭ്യമാക്കാന്‍ തങ്ങള്‍ ആലോചിക്കുന്നുവെന്നും കമ്പനിയുടെ സഹസ്ഥാപകന്‍ അപ്രമേയ രാധാകൃഷ്ണ ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്റെ പോസ്റ്റിന് പിന്നാലെ നിര്‍ദേശങ്ങളും ആശംസകളുമായി നിരവധിപേരാണ് രംഗത്തെത്തിയത്.
അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് പൂര്‍വ്വ വിദ്യാര്‍ത്ഥി അപ്രമേയ രാധാകൃഷ്ണയും മായങ്ക് ബിദാവത്കയും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് കൂ പ്ലാറ്റ് ഫോം അവതരിപ്പിച്ചത്. ഇന്ത്യയുടെ ആത്മനിര്‍ഭര്‍ ഭാരത് ആപ്പ് ഇന്നൊവേഷന്‍ ചലഞ്ചിന്റെ ഭാഗമായാണ് കൂ വികസിപ്പിക്കപ്പെട്ടത്. മത്സരത്തിലെ സോഷ്യല്‍ വിഭാഗത്തില്‍ കൂ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാത്തിലും കൂ വിനെ പ്രശംസിക്കുകയുണ്ടായി. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളും കൂ പ്ലാറ്റ്ഫോമിന്റെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്. വിവിധ പ്രാദേശിക ഭാഷകള്‍ കൂവില്‍ ലഭ്യമാണ്. മഞ്ഞ നിറത്തിലുള്ള തീം ആണ് കൂ തിരഞ്ഞെടുത്തിരിക്കുന്നത്. കമ്പ്യൂട്ടറിലും മൊബൈലിലും കൂ ഉപയോഗിക്കാനാവും.
ട്വിറ്ററിന് സമാനമായാണ് കൂ പ്ലാറ്റ്ഫോമിന്റേയും രൂപകല്‍പന. ഇതില്‍ നമ്മള്‍ പങ്കുവെക്കുന്ന പോസ്റ്റിനെ കൂ എന്നാണ് വില്‍ക്കുക. റീട്വീറ്റിന് പകരമായി റീ കൂ എന്നും റീട്വീറ്റ് വിത്ത് കമന്റിന് പകരമായ റീ കൂ വിത്ത് കമന്റ് എന്നീ സൗകര്യവും കൂവിലുണ്ട്. ഫെയ്സ്ബുക്കിലെ ലൈക്ക് ബട്ടന് സമാനമാണ് കൂവിലെ ലൈക്ക് ബട്ടന്‍.
Content Highlights: India's Koo Eyes Nigeria's Social Media Scene After Country Bans Twitter
Published: 05 Jun 2021, 04:32 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented