2022-ൽ ട്വിറ്റർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടിൽ നിക്ഷേപകരെ ബോധപൂർവം തെറ്റിദ്ധരിപ്പിച്ചുവെന്ന ആരോപണത്തിൽ ശതകോടീശ്വര വ്യവസായി ഇലോൺ മസ്ക് കുറ്റക്കാരനാണെന്ന് സാൻ ഫ്രാൻസിസ്കോയിലെ ഫെഡറൽ കോടതി. 44 ബില്യൺ ഡോളറിന്റെ ഏറ്റെടുക്കൽ നടപടികൾക്കിടയിൽ, കമ്പനിയുടെ ഓഹരി വില കുറയ്ക്കുന്നതിനായി മസ്ക് വ്യാജ പ്രസ്താവനകൾ നടത്തിയെന്ന് കോടതി കണ്ടെത്തി.

To advertise here,

പ്ലാറ്റ്‌ഫോമിലെ വ്യാജ അക്കൗണ്ടുകളുടെ (Bots) എണ്ണത്തെക്കുറിച്ച് മസ്ക് നടത്തിയ രണ്ട് പ്രസ്താവനകൾ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ജൂറി വിലയിരുത്തി. ട്വിറ്റർ ഇടപാട് "താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്ന" മസ്കിന്റെ ട്വീറ്റിനെത്തുടർന്ന് കമ്പനിയുടെ ഓഹരി വില 8 ശതമാനം ഇടിഞ്ഞു. ഇത് നിക്ഷേപകർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കാൻ കാരണമായി.

2022 മേയ് 13-നും ഒക്ടോബർ 4-നും ഇടയിൽ മസ്ക് കൃത്രിമമായി താഴ്ത്തിയ വിലയ്ക്ക് ട്വിറ്റർ ഓഹരികൾ വിറ്റുവെന്ന് അവകാശപ്പെടുന്ന നിക്ഷേപകർ ഉൾപ്പെട്ടതാണ് ഈ കേസ്.

തന്റെ നീക്കങ്ങൾ നിക്ഷേപകർ തിരിച്ചറിയുന്നതിനുമുമ്പ് കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഓഹരികൾ വാങ്ങുന്നതിന് വേണ്ടി 2022-ൽ ട്വിറ്ററിലെ തന്റെ ആദ്യകാല ഓഹരി പങ്കാളിത്തം വെളിപ്പെടുത്താൻ മസ്ക് വൈകിയെന്നാരോപിച്ച് യു.എസ്. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ നൽകിയ സിവിൽ കേസ് ഒത്തുതീർപ്പാക്കാൻ മസ്ക് പ്രത്യേകം ചർച്ചകൾ നടത്തിവരികയാണ്

മസ്ക് നൽകേണ്ടിവരുന്ന നഷ്ടപരിഹാര തുക ഏകദേശം 2.5 ബില്യൺ മുതൽ 2.6 ബില്യൺ ഡോളർ വരെ (ഏകദേശം 21,000 കോടി രൂപയിലധികം) ആയിരിക്കുമെന്നാണ് പരാതിക്കാരുടെ അഭിഭാഷകർ പറയുന്നത്..

ബോട്ട് അക്കൗണ്ടുകളെക്കുറിച്ച് തനിക്ക് ന്യായമായ ആശങ്കകളുണ്ടായിരുന്നുവെന്ന് മസ്കിന്റെ അഭിഭാഷകർ വാദിച്ചെങ്കിലും, ഓഹരി വില കുറയ്ക്കാൻ അദ്ദേഹം ബോധപൂർവം ശ്രമിച്ചെന്ന നിക്ഷേപകരുടെ വാദമാണ് ജൂറി സ്വീകരിച്ചത്,.

ഈ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മസ്കിന്റെ നിയമസംഘം അറിയിച്ചു. ട്വിറ്റർ ഏറ്റെടുത്ത ശേഷം മസ്ക് കമ്പനിയെ 'X' എന്ന് പുനർനാമകരണം ചെയ്യുകയും തന്റെ എഐ കമ്പനിയായ xAI-യുമായും പിന്നീട് സ്പേസ് എക്സുമായും (SpaceX) ലയിപ്പിക്കുകയും ചെയ്തിരുന്നു,. മുൻപ് ടെസ്‌ലയുമായി ബന്ധപ്പെട്ട കേസുകളിൽ മസ്ക് വിജയിച്ചിരുന്നെങ്കിലും, ഇത്തവണ വലിയൊരു തുക നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നാണ് സൂചന,.