ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനുപിന്നാലെ സിന്ധു നദീജലക്കരാര്‍ മരവിപ്പിച്ച തീരുമാനം ഇന്ത്യ പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പാകിസ്താന്‍ ഒന്നിനുപിറകെ ഒന്നായി നാല് കത്തുകളയച്ചതായി റിപ്പോര്‍ട്ട്. ജലലഭ്യതക്കുറവ് കാരണം പാകിസ്താന്‍ രൂക്ഷമായ വരൾച്ച അനുഭവിക്കുകയാണെന്നാണ് സൂചന. പാകിസ്താനിലേയും പാക് അധിനിവേശ കശ്മീരിലേയും ഭീകരതാവളങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷവും പാകിസ്താന്‍ കരാര്‍വിഷയത്തില്‍ കത്തയച്ചതായാണ് സൂചന. 

To advertise here,

ഭീകരതയും വ്യാപാരവും ഒന്നിച്ചു മുന്നോട്ടുപോകില്ലെന്നും രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പരസ്പരവിശ്വാസവും സൗഹൃദവും അടിസ്ഥാനമാക്കി തയ്യാറാക്കിയ സിന്ധു നദീജലക്കരാറിന്റെ അന്തഃസത്തയ്‌ക്കെതിരെയാണ് പാകിസ്താന്‍ പ്രവര്‍ത്തിച്ചതെന്നും ഔദ്യോഗികവൃത്തങ്ങള്‍ സൂചിപ്പിച്ചു. പാക് ജലമന്ത്രാലയം സെക്രട്ടറി സെയ്ദ് അലി മുര്‍താസ ജല്‍ ശക്തി മന്ത്രാലയത്തിന് കത്തുകളയയ്ക്കുകയും ആ കത്തുകള്‍ വിദേശകാര്യമന്ത്രാലയത്തിന് കൈമാറുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. 

ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താന്‍ നല്‍കി വരുന്ന പിന്തുണ അവസാനിപ്പിക്കാതെ കരാര്‍ മരവിപ്പിച്ച നടപടിയില്‍ ഇളവ് വരുത്താന്‍ ഉദ്ദേശ്യമില്ലെന്ന് ഇന്ത്യ പലയാവര്‍ത്തി വ്യക്തമാക്കി. ഇന്ത്യയുടെ കടുത്ത നിലപാടുകള്‍ തങ്ങള്‍ക്ക് കൂടുതല്‍ പ്രതികൂലമായേക്കുമെന്ന കാര്യത്തില്‍ വ്യക്തതയുള്ളതിനാല്‍ ഇന്ത്യയുമായുള്ള സാമാധാനചര്‍ച്ചകള്‍ക്ക് പാകിസ്താന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുമുണ്ട്. സിന്ധു നദിയില്‍ നിന്നുള്ള ജലത്തിന്റെ കാര്യത്തില്‍ എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്ന് പാകിസ്താനിലെ പ്രമുഖ രാഷ്ട്രീയനേതാക്കള്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.