
ന്യൂഡൽഹി: ബലൂചിസ്ഥാനിലെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പാകിസ്താൻ ഉന്നയിച്ച ആരോപണങ്ങൾ തള്ളി ഇന്ത്യ. ആക്രമണങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ആഭ്യന്തര പരാജയങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള പതിവ് തന്ത്രങ്ങൾ മാത്രമാണിത്- എക്സ് പ്ലാറ്റ്‌ഫോമിൽ പുറത്തിറക്കിയ പ്രസ്താവനയിൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബലൂചിസ്ഥാൻ അക്രമങ്ങളിൽ ഉൾപ്പെട്ട പ്രതികൾക്ക് ഇന്ത്യയുടെ പിന്തുണയുണ്ടെന്ന് പാകിസ്താൻ സൈന്യവും ആഭ്യന്തര മന്ത്രി മോഹ്സിൻ നഖ്‌വിയും ആരോപിച്ചതിന് പിന്നാലെയാണ് ഈ പ്രതികരണം.
ഇരുന്നൂറോളം പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇറാനും അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഈ പ്രവിശ്യയിലെ വിമതർ സുരക്ഷാസേനകളെയും സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം ശക്തമാക്കുകയാണ്.
സംഘർഷമുണ്ടാകുമ്പോഴെല്ലാം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ആവർത്തിക്കുന്നതിനു പകരം, ആ പ്രദേശത്തെ ജനങ്ങളുടെ ദീർഘകാല ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്. അടിച്ചമർത്തൽ, ക്രൂരത, മനുഷ്യാവകാശ ലംഘനങ്ങൾ തുടങ്ങി അവരുടെ ചരിത്രം എല്ലാവർക്കും അറിയാം. ബലൂചിസ്ഥാൻ നിവാസികളുടെ ദീർഘകാല ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിദേശകാര്യ മന്ത്രി വക്താവ് രൺധീർ ജയ്‌സ്വാൾ ആവശ്യപ്പെട്ടു.
സാധാരണക്കാരുടെ വേഷം ധരിച്ച ആക്രമണകാരികൾ ശനിയാഴ്ച ആശുപത്രികൾ, സ്കൂളുകൾ, ബാങ്കുകൾ, വിപണികൾ എന്നിവിടങ്ങളിൽ വെടിയുതിർത്തു എന്ന് പാക് ആഭ്യന്തര മന്ത്രി തലാൽ ചൗധരി പറഞ്ഞു. ആക്രമണകാരികൾ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിച്ചതായും തലാൽ ചൗധരി പറഞ്ഞു.
ക്വെറ്റ, ഗ്വാഡർ, മാസ്ത്യംഗ്, നോഷ്കി ജില്ലകളിൽ ഏതാണ്ട് ഒരേ സമയമായിരുന്നു ആക്രമണങ്ങൾ. സായുധ സംഘങ്ങൾ ഫ്രോണ്ടിയർ കോർപ്സ് ആസ്ഥാനം ഉൾപ്പെടെയുള്ള സുരക്ഷാ സ്ഥാപനങ്ങളിൽ വെടിയുതിർത്തു. ചാവേറാക്രമണങ്ങൾക്ക് ശ്രമിക്കുകയും നഗരപ്രദേശങ്ങളിൽ റോഡുകൾ തടയുകയും ചെയ്തതായി അധികൃതർ പറഞ്ഞു. ഇത് സൈന്യത്തിന്റെയും പോലീസിന്റെയും ഭീകരവാദ വിരുദ്ധ യൂണിറ്റുകളുടെയും വലിയ തോതിലുള്ള തിരിച്ചാക്രമണങ്ങൾക്ക് കാരണമായി.
രണ്ട് ആക്രമണങ്ങളിൽ സ്ത്രീകളായിരുന്നു കുറ്റവാളികൾ എന്നും വിഘടനവാദികൾ സാധാരണക്കാരെയും തൊഴിലാളികളെയും താഴ്ന്ന വരുമാനക്കാരെയും ലക്ഷ്യമിടുന്നത് വർധിച്ചു വരികയാണെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. ഏതെങ്കിലും നഗരമോ തന്ത്രപ്രധാനമായ സ്ഥാപനമോ പിടിച്ചെടുക്കാനുള്ള ആക്രമണകാരികളുടെ ശ്രമങ്ങളെ സുരക്ഷാ സേനകൾ ചെറുത്തുതോൽപ്പിച്ചതായി സൈന്യം അറിയിച്ചു.
ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു. പ്രവിശ്യയിലുടനീളമുള്ള സുരക്ഷാ സേനകളെ ലക്ഷ്യമിട്ട് "ഹെറോഫ്" അഥവാ "കറുത്ത കൊടുങ്കാറ്റ്" എന്നറിയപ്പെടുന്ന ഏകോപിത ഓപ്പറേഷൻ നടത്തിയതായി ഗ്രൂപ്പ് അവകാശപ്പെട്ടു.
Content Highlights: India refutes Pakistan`s allegations linking it to Balochistan attacks. India calls claims baseless, suggesting Pakistan divert from internal failures. Read details.
Published: 02 Feb 2026, 10:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented