ന്യൂഡൽഹി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് പാകിസ്താന്റെ പരാതിയിൽ ഹേഗിലെ ആർബിട്രേഷൻ കോടതി (CoA) പുറപ്പെടുവിച്ച ഉത്തരവുകൾ ഇന്ത്യ തള്ളി. കോടതി നടത്തുന്ന നടപടികൾ നിയമവിരുദ്ധമാണെന്ന് ആവർത്തിച്ച ഇന്ത്യ, കോടതിയുടെ പ്രവർത്തനങ്ങൾക്കോ ഉത്തരവുകൾക്കോ നിയമസാധുതയില്ലെന്നും വ്യക്തമാക്കി. അതിനാൽ കോടതി നിർദേശപ്രകാരമുള്ള രേഖകൾ ഹാജരാക്കാനോ വാദങ്ങളിൽ പങ്കെടുക്കാനോ ഇന്ത്യ തയ്യാറല്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയുടെ ബഗ്ലിഹാർ, കിഷൻഗംഗ ജലവൈദ്യുത പദ്ധതികളുടെ ലോഗ് ബുക്കുകൾ ഹാജരാക്കാൻ ആർബിട്രേഷൻ കോടതി നിർദ്ദേശിച്ചിരുന്നു. ഈ പദ്ധതികളിലെ ജലസംഭരണത്തിന്റെ അളവ് പരിശോധിക്കാനായിരുന്നു കോടതിയുടെ ഈ നീക്കം. എന്നാൽ, കോടതിയുടെ ഉത്തരവുകൾക്ക് നിയമസാധുതയില്ലാത്തതിനാൽ ലോഗ് ബുക്കുകൾ ഹാജരാക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. സാങ്കേതിക തർക്കങ്ങൾ പരിഹരിക്കാൻ 'സ്വതന്ത്ര വിദഗ്ദ്ധനെ' നിയമിക്കുന്നതിന് പകരം പാകിസ്താൻ ആർബിട്രേഷൻ കോടതിയെ സമീപിച്ചത് കരാറിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ ഫെബ്രുവരി 2, 3 തീയതികളിൽ കോടതി വാദം കേൾക്കാൻ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ അതിൽ പങ്കെടുക്കില്ല,. ഇന്ത്യയുടെ അഭാവത്തിൽ പാകിസ്താന്റെ വാദങ്ങൾ മാത്രം കേട്ട് നടപടികളുമായി മുന്നോട്ട് പോകാനാണ് കോടതിയുടെ നീക്കം.
2025 ഏപ്രിൽ 22-ന് പഹൽഗാമിൽ പാകിസ്താൻ ഭീകരർ നടത്തിയ ആക്രമണത്തെത്തുടർന്ന് ഏപ്രിൽ 23-നാണ് ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ച് ഉത്തരവിട്ടത്. ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്താനുമായി ജലസഹകരണം സാധ്യമല്ലെന്ന ഇന്ത്യയുടെ വ്യക്തമായ സന്ദേശമായിരുന്നു ഈ നീക്കം.
പാകിസ്താന്റെ കൃഷിയുടെ 80-90 ശതമാനവും സിന്ധു നദിയിലെ ജലത്തെയാണ് ആശ്രയിക്കുന്നത്. നിലവിൽ പാകിസ്ഥാനിലെ പ്രധാന ജലസംഭരണികളായ തർബേല, മംഗ്ല എന്നിവയിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ താഴ്ന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ നിലപാട് പാകിസ്താനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Content Highlights: India rejects Hague court rulings on the Indus Water Treaty, calling proceedings illegal. Learn why India won`t participate in upcoming hearings.
Published: 02 Feb 2026, 06:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented