വാഷിങ്ടണ്‍: പഹല്‍ഗാം ഭീകരാക്രണത്തെ തുടര്‍ന്ന് നിരപരാധികളാണെന്ന് തെറ്റിധരിപ്പിക്കാനുള്ള പാക്‌സംഘത്തിന്റെ ഉദ്ദേശ്യത്തെ പൊളിച്ചടുക്കി ശശി തരൂരും സംഘവും. ശശി തരൂര്‍ എംപിയുടെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച യുഎസിലെത്തിയ സമയത്തുതന്നെ ഇന്ത്യയുടെ നടപടി അനുകരിച്ച് പാകിസ്താന്റെ ഭാഗം വിശദീകരിക്കാനായി മുന്‍ പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പാക് പ്രതിനിധിസംഘവും യുഎസിലെത്തിച്ചേര്‍ന്നിരുന്നു. ഇവരുടെ ശ്രമങ്ങളെയാണ് തരൂരിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം പാടെ തകര്‍ത്തത്. 

To advertise here,

"തങ്ങളും ഭീകരപ്രവര്‍ത്തനത്തിന്റെ ഇരകളാണെന്നാണ് പാകിസ്താന്‍ അവകാശപ്പെടാന്‍ പോകുന്നത്. ഭീകരാക്രണമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇന്ത്യയിലേക്കാള്‍ പാകിസ്താനിലാണ് കൂടുതല്‍. ആരുടെ തെറ്റാണിത്? പത്തുകൊല്ലം മുന്‍പ് ഹിലാരി ക്ലിന്റണ്‍ പറഞ്ഞ പ്രശസ്തമായ ഒരു പ്രസ്താവനയുണ്ട്. നിങ്ങളുടെ വീട്ടുമുറ്റത്ത് വിഷപ്പാമ്പുകളെ വളര്‍ത്തിയാല്‍ അത് അയല്‍ക്കാരെ മാത്രമേ കൊത്തൂവെന്ന് ഒരിക്കലും കരുതരുതെന്ന്. പാകിസ്താന്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഭീകരാക്രമണങ്ങള്‍ അങ്ങനെ സംഭവിച്ചതാണ്. പാകിസ്താനില്‍ ആക്രമണങ്ങള്‍ നടത്തുന്ന തെഹ്‌രീക്- ഇ- താലിബാന്‍ എങ്ങനെയുണ്ടായി, താലിബാനില്‍നിന്ന് വേര്‍പ്പെട്ടാണ് തെഹ്‌രീക്-ഇ- താലിബാന്‍ ഉണ്ടായത്, താലിബാനെ സൃഷ്ടിച്ചതാരാണ്? എല്ലാവര്‍ക്കും അതിന്റെ ഉത്തരമറിയാം. പാകിസ്താന്‍ ആത്മപരിശോധന നടത്തട്ടെ. സ്വന്തം നിരപരാധിത്വവും നിഷേധാത്മകതയും വാദിച്ചുകൊണ്ട് ലോകം ചുറ്റി അപേക്ഷിക്കുന്നതിനു മുന്‍പ് തങ്ങള്‍ ആരാണെന്നുള്ള തിരിച്ചറിവ് ഉണ്ടാകുന്നത് നന്നായിരിക്കും", ശശി തരൂര്‍ പറഞ്ഞു. 

പാകിസ്താന്റെയും ഇന്ത്യയുടെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ തമ്മിലുള്ള സഹകരണം ദക്ഷിണേഷ്യയിലെ ഭീകരവാദത്തെ ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുമെന്ന് ബിലാവല്‍ ഭൂട്ടോ അഭിപ്രായപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് തരൂരിന്റെ വിമർശനം.  'എനിക്ക് പൂര്‍ണ്ണമായും ഉറപ്പുണ്ട്, ഐഎസ്‌ഐയും റോയും ഈ ശക്തികള്‍ക്കെതിരെ പോരാടാന്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെങ്കില്‍, ഇന്ത്യയിലും പാകിസ്താനിലും ഭീകരപ്രവര്‍ത്തനം ഗണ്യമായി കുറയുന്നത് നമുക്ക് കാണാന്‍ സാധിക്കും' ബിലാവല്‍ ഭൂട്ടോ പറഞ്ഞു. ദക്ഷിണേഷ്യയില്‍ ഇടപെടുന്നത് തുടരണമെന്നുമെന്നും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. സമീപകാല വെടിനിര്‍ത്തലിന് ശേഷവും സംഘര്‍ഷ സാധ്യത കുറയുകയല്ല, വര്‍ധിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

അതേസമയം ബിലാവലിന്റെ നേതൃത്വത്തിലുള്ള സംഘത്തെ സമാധാനസംഘമെന്ന് വിളിക്കുന്നതിന്റെ വിരോധാഭാസത്തെ ബിജെപി എംപി തേജസ്വി സൂര്യ പരിഹസിച്ചു. "പാക് പ്രതിനിധി സംഘം സമാധാനത്തിന്റെ ഭാഷ സംസാരിക്കുന്നത് വിരോധാഭാസമായിരിക്കുന്നു. ചെകുത്താന്‍ വേദമോതുന്നതിന് സമാനമാണത്. പരാജയം മാത്രം രുചിച്ച ജനറല്‍മാര്‍ക്ക് ഫീല്‍ഡ് മാര്‍ഷല്‍മാരായി സ്ഥാനക്കയറ്റം നല്‍കി കപടവീരന്‍മാരെ സൃഷ്ടിക്കാനുള്ള ശ്രമം മാത്രമാണത്. ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്ത വിലകുറഞ്ഞ, യുദ്ധത്തില്‍ ഒരുപകാരവുമില്ലാത്ത സൈനികഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ കൊണ്ടാണ് പാകിസ്താന്‍ നിലനിന്നുപോരുന്നത്. അതുകൊണ്ടുതന്നെ അതിര്‍ത്തിക്കപ്പുറമുള്ള മികച്ച നിലവാരമുള്ള മികവുറ്റ സൈനികോപകരണങ്ങളും കരുത്തുറ്റ ജനാധിപത്യനേതൃത്വവും പാകിസ്താന് അത്രക്കങ്ങ് സഹിക്കാനാകാത്തത്", തേജസ്വി സൂര്യ പറഞ്ഞു.