മുംബൈ: വൈദ്യുതവാഹനങ്ങളുടെയും മറ്റും നിർമാണത്തിന് ഉപയോഗിക്കുന്ന അപൂർവധാതുക്കൾക്ക് പുതിയ വഴികൾതേടി ഇന്ത്യ. ഇത്തരം ധാതുക്കളുടെ വിതരണത്തിൽ ചൈന നിയന്ത്രണം കടുപ്പിച്ച സാഹചര്യത്തിൽ റഷ്യയിൽനിന്നടക്കം ഇവ എത്തിക്കുന്നതിനും ഇവയുടെ സംസ്കരണത്തിനുള്ള സാങ്കേതികവിദ്യകൾ സ്വായത്തമാക്കുന്നതിനുമാണ് ശ്രമം. റഷ്യൻ കമ്പനികളുമായി സഹകരിച്ച് ശക്തിയേറിയ കാന്തങ്ങൾ തയ്യാറാക്കുന്നതിനുള്ള അപൂർവധാതുക്കൾ ലഭ്യമാക്കുന്നതിന് ഇന്ത്യൻകമ്പനികൾ ശ്രമം തുടങ്ങിയിട്ടുണ്ട്.
അപൂർവ ധാതുക്കൾ സംസ്കരിക്കുന്നതിന് റഷ്യ വികസിപ്പിച്ചെടുത്തിട്ടുള്ള സാങ്കേതികവിദ്യ പരീക്ഷിച്ചുവരുകയാണ്. ഇത് വാണിജ്യവത്കരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുമായി സഹകരിക്കുന്നതിന് റഷ്യ താത്പര്യമറിയിച്ചതായാണ് വിവരം. ഇന്ത്യൻ കമ്പനികളായ ലോഹം, മിഡ് വെസ്റ്റ് എന്നിവയോട് റഷ്യയിലെ സാധ്യതകൾ പരിശോധിക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. റഷ്യൻ പൊതുമേഖലാ കമ്പനികളായ നോർനിക്കൽ, റൊസാറ്റം എന്നിവയുമായി സഹകരിക്കുന്നതിനുള്ള സാധ്യതകളാണ് മുന്നിലുള്ളത്. കൂടാതെ, സിഎസ്ഐആർ, ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിനറൽസ് ആൻഡ് മറ്റീരിയൽസ് ടെക്നോളജി എന്നിവയോടും റഷ്യൻ കമ്പനികളിൽ ലഭ്യമായ സാങ്കേതികവിദ്യ പരിശോധിക്കുന്നതിന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
നിലവിൽ ആഗോളതലത്തിൽ ഇത്തരം മൂലകങ്ങളുടെ സംസ്കരണത്തിൽ 90 ശതമാനവും ചൈനയാണ് നിയന്ത്രിക്കുന്നത്. അമേരിക്ക തീരുവയുദ്ധവുമായി രംഗത്തുവന്നതോടെ ഏപ്രിൽമുതൽ ഇത്തരം മൂലകങ്ങളുടെ കയറ്റുമതി ചൈന നിയന്ത്രിച്ചിരിക്കയാണ്. ഇത് ഇന്ത്യയിൽ വൈദ്യുതവാഹന ഉത്പാദനത്തെ ബാധിച്ചു.
2023-24 സാമ്പത്തിക വർഷം ഇന്ത്യ 2270 ടൺ അപൂർവ ധാതുക്കൾ ഇറക്കുമതിചെയ്തിരുന്നു. ഇതിൽ 65 ശതമാനംവരെ ചൈനയിൽനിന്നാണ്. അപൂർവധാതുക്കളുടെ ലഭ്യത ഉയർത്തുന്നതിനായി സർക്കാർ നടപടികൾ സ്വീകരിച്ചുവരുന്നതായി കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ സൂചിപ്പിച്ചു. ചെമ്പ്, ലിഥിയം, നിക്കൽ, കൊബാൾട്ട് പോലുള്ള മൂലകങ്ങൾക്കായി ചിലി, പെറു തുടങ്ങിയ രാജ്യങ്ങളുമായി ചർച്ചകൾ നടക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
Published: 19 Oct 2025, 09:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented