ന്യൂഡല്‍ഹി: ആണവോര്‍ജമേഖലയില്‍ സ്വകാര്യകമ്പനികള്‍ക്ക് പ്രവേശനമനുവദിക്കുന്ന സുപ്രധാന നയംമാറ്റത്തിന് വഴിതുറന്ന് പുതിയ ആണവോര്‍ജബില്‍ (സസ്റ്റെയ്നബിള്‍ ഹാര്‍നസിങ് ആന്‍ഡ് അഡ്വാന്‍സ്മെന്റ് ഓഫ് ന്യൂക്ലിയര്‍ എനര്‍ജി ഫോര്‍ ട്രാന്‍സ്ഫോമിങ് ഇന്ത്യ ബില്‍ -ശാന്തി ബില്‍) ലോക്സഭ പാസാക്കി. ആണവ അപകടമുണ്ടായാല്‍ നഷ്ടപരിഹാരബാധ്യത ആണവോര്‍ജ ഉത്പന്ന വിതരണക്കാര്‍ക്ക് ഒഴിവാക്കിനല്‍കുന്ന വ്യവസ്ഥയ്‌ക്കെതിരേ ആശങ്കയും വിമര്‍ശനവുമുയര്‍ത്തിയ പ്രതിപക്ഷം, ബില്‍ പാര്‍ലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിടാത്തതില്‍ പ്രതിഷേധിച്ച് സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
ബില്ലിലെ പതിനേഴാം വകുപ്പിലാണ് നഷ്ടപരിഹാരബാധ്യത എടുത്തുകളയുന്ന സുപ്രധാന ഭേദഗതിവരുത്തിയത്.
വിദേശകമ്പനികള്‍ ഇന്ത്യയിലേക്ക് ഉത്പന്നവിതരണത്തിന് മടിച്ചുനില്‍ക്കുന്നത് ഈ വ്യവസ്ഥ കാരണമാണെന്ന നിഗമനത്തിലാണ് ഇത്തരമൊരു നീക്കം നടത്തിയത്.
ആണവദുരന്തമുണ്ടായാല്‍ അത് രാജ്യത്തിന് വന്‍ അപകടം വരുത്തിവെക്കുന്നതാണെന്ന് ചര്‍ച്ച തുടങ്ങിവെച്ച കോണ്‍ഗ്രസ് അംഗം മനീഷ് തിവാരി ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി. പുതിയ കാലത്തിനനുസരിച്ചുള്ള സുരക്ഷാസജ്ജീകരണങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി ജിതേന്ദ്ര സിങ് മറുപടി നല്‍കി. 2047-ഓടെ ഇന്ത്യയില്‍ ആണവോര്‍ജ ഉത്പാദനശേഷി 100 ജിഗാവാട്ടായി ഉയര്‍ത്തുകയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. 1962-ലെ ആണവോര്‍ജനിയമവും 2010-ലെ ആണവബാധ്യതാനിയമവും പിന്‍വലിച്ചാണ് പുതിയ ബില്‍ കൊണ്ടുവന്നത്.
ജനങ്ങളുടെ സുരക്ഷാവശ്യങ്ങളെ മറികടന്ന് മൂലധനം ആര്‍ജിക്കാനുള്ള നീക്കം ശരിയല്ലെന്ന് ശശി തരൂര്‍ പറഞ്ഞു. മതിയായ സുരക്ഷാസജ്ജീകരണങ്ങളില്ലാതെ ആണവോര്‍ജമേഖലയെ സ്വകാര്യവത്കരിച്ച് നടത്തുന്ന വികസനം അപകടകരമാണ്- തരൂര്‍ പറഞ്ഞു.
Content Highlights: India`s Lok Sabha passes new Nuclear Bill, allowing private firms and amending liability clauses. Learn about the implications and the government`s targets.
Published: 18 Dec 2025, 08:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented