
അമിത് ഷാ, മാവോയിസ്റ്റ് ഓപ്പറേഷനിലേര്പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ |ഫോട്ടോ:ANI,PTI
ന്യൂഡല്‍ഹി: വര്‍ഷങ്ങള്‍ നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ രാജ്യത്ത് നിന്ന് നക്‌സലിസം തുടച്ചുനീക്കുന്നതിന്റെ അന്തിമ ഘട്ടത്തിലേക്ക് സുരക്ഷാ സേന അടുക്കുന്നു. ഉന്നത മാവോവാദി കമാന്‍ഡര്‍ മദ്‌വി ഹിദ്മയെ വധിച്ചതോടെ നിരോധിത സംഘടന മാനസികമായി തളര്‍ന്നതായാണ് സുരക്ഷാവൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. ഇതിനകം തന്നെ പിളര്‍ന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)ക്ക് രണ്ട് പ്രായമായ കമാന്‍ഡര്‍മാര്‍ മാത്രമാണ് അവശേഷിക്കുന്നതെന്നും സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കി.
ഒരുകാലത്ത് പ്രാദേശിക തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുകയും സൈനിക വിഭാഗത്തില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്ത ദേവുജി, സായുധ പോരാട്ടത്തിന്റെ പ്രതാപകാലത്ത് സോണല്‍ കമ്മിറ്റികളെ സജീവമാക്കി നിര്‍ത്തിയ ഭരണപരമായ ബുദ്ധികേന്ദ്രം ഗണേഷ് ഉയ്‌കെ എന്നിവരാണ് അവശേഷിക്കുന്ന കമാന്‍ഡര്‍മാര്‍. എന്നാല്‍ ഇരുവരും ഗുരുതരമായ രോഗങ്ങളാല്‍ വലയുകയും, വിശ്വസ്ത പ്രവര്‍ത്തകരുടെ സഹായത്താല്‍ കഴിയുകയുമാണ്.
ഇതിനിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) യുടെ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍, 'ആയുധ പോരാട്ടം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതിന്' 2026 ഫെബ്രുവരി 15 വരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് സമയം ആവശ്യപ്പെട്ട് കത്തയച്ചു.
മഹാരാഷ്ട്ര-മധ്യപ്രദേശ്-ഛത്തീസ്ഗഢ് പ്രത്യേക സോണല്‍ കമ്മിറ്റി എഴുതിയ കത്തില്‍, 'അനിഷ്ടസംഭവങ്ങളില്ലാത്ത കീഴടങ്ങലിന്' സൗകര്യമൊരുക്കുന്നതിനായി അതത് സംസ്ഥാനങ്ങളിലെ ഓപ്പറേഷനുകള്‍ നിര്‍ത്തിവെക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് എന്നിവരോട് മാവോവാദികള്‍ ആവശ്യപ്പെട്ടു. പ്രത്യേക സോണല്‍ കമ്മിറ്റിയുടെ വക്താവായ അനന്ത് ഒപ്പിട്ട കത്ത് നവംബര്‍ 22-നാണ് പുറത്തിറക്കിയിരിക്കുന്നത്.
'രാജ്യത്തും ലോകത്തും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, ആയുധങ്ങള്‍ ഉപേക്ഷിച്ച് സായുധ സമരം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നമ്മുടെ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും പോളിറ്റ്ബ്യൂറോ അംഗവുമായ സഖാവ് സോനു അടുത്തിടെയെടുത്ത തീരുമാനത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു' കത്തില്‍ പറയുന്നു.
രണ്ട് മാസം മുന്‍പ് സെപ്റ്റംബറില്‍ മല്ലോജുല വേണുഗോപാല്‍ റാവു എന്ന സോനു എഴുതിയ ഒരു കത്തിനെക്കുറിച്ചായിരുന്നു അനന്തിന്റെ പരാമര്‍ശം. 'പാര്‍ട്ടിയെ രക്ഷിക്കാന്‍ സായുധ സമരം നിര്‍ത്തുന്നതാണ് ഏറ്റവും നല്ലത്' അദ്ദേഹം അതില്‍ പറഞ്ഞിരുന്നു. ഒക്ടോബറില്‍ സോനു മഹാരാഷ്ട്രയില്‍ കീഴടങ്ങുകയും ചെയ്തു. ഇതിന് പിന്നാലെ ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ മാവോയിസ്റ്റ് അണികളില്‍ നിന്ന് തുടര്‍ച്ചയായി കീഴടങ്ങലുകള്‍ ഉണ്ടായി. കഴിഞ്ഞയാഴ്ചയാണ് ആന്ധ്രാപ്രദേശില്‍ നടന്ന ഏറ്റുമുട്ടലില്‍ ഉന്നത നക്‌സല്‍ നേതാവ് മദ്‌വി ഹിദ്മ കൊല്ലപ്പെട്ടത്.
'ഞങ്ങള്‍ക്കും ആയുധങ്ങള്‍ ഉപേക്ഷിക്കാനും സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതി അംഗീകരിക്കാനും ആഗ്രഹമുണ്ട്. എന്നാല്‍, ഇതിന് സമയം നല്‍കണമെന്ന് ഞങ്ങള്‍ മൂന്ന് സംസ്ഥാന സര്‍ക്കാരുകളോടും അഭ്യര്‍ത്ഥിക്കുന്നു' മാവോവാദികള്‍ സര്‍ക്കാരുകള്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു.
'ഈ തീരുമാനം കൂട്ടായി എടുക്കാന്‍ കുറച്ച് സമയമെടുക്കും. ഞങ്ങളുടെ സഖാക്കളുമായി കൂടിയാലോചിക്കാനും ഈ സന്ദേശം അവരിലേക്ക് എത്തിക്കാനും ഞങ്ങള്‍ക്ക് സമയം വേണം'എന്നും കത്തില്‍ പറയുന്നു.
രാജ്യത്ത് നക്‌സലിസം അവസാനിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നല്‍കിയ സമയപരിധിക്കുള്ളില്‍ നിന്നുകൊണ്ടാണ് തങ്ങളുടെ ആവശ്യമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
2026 മാര്‍ച്ച് 31-നകം രാജ്യത്ത് നക്‌സലിസം അവസാനിപ്പിക്കുമെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ സമയപരിധി നിശ്ചയിച്ചിട്ടുള്ളത്. 'ഫെബ്രുവരി 15 വരെ സമയം നല്‍കണം. അതുവരെ, മൂന്ന് സംസ്ഥാന സര്‍ക്കാരുകളും സംയമനം പാലിക്കണമെന്നും അവരുടെ സുരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു' കത്തില്‍ പറയുന്നു. ഇത്രയധികം സമയം ചോദിക്കുന്നതില്‍ തങ്ങള്‍ക്ക് ഗൂഢോദ്ദേശ്യങ്ങളൊന്നുമില്ലെന്നും മാവോവാദികള്‍ വ്യക്തമാക്കി.
സായുധ പോരാട്ടം അവസാനിപ്പിക്കാനുള്ള തങ്ങളെടുത്ത തീരുമാനം ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യണമെന്ന് കത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. രാജ്യത്തിന്റെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തങ്ങളുടെ 'സഖാക്കള്‍ക്ക്' ഇക്കാര്യം അറിയാനുള്ള ഏറ്റവും നല്ല മാര്‍ഗം ഇതാണ്. തങ്ങള്‍ക്ക് മറ്റ് ആശയവിനിമയ മാര്‍ഗങ്ങളില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഛത്തീസ്ഗഢിലെ സുഖ്മ ജില്ലയില്‍ തലയ്ക്ക് 48 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച ഒന്‍പത്‌പേരുള്‍പ്പെടെ 15 മാവോവാദികള്‍ കഴിഞ്ഞ ദിവസം പോലീസില്‍ കീഴടങ്ങിയിരുന്നു. അഞ്ചു സ്ത്രീകളുള്‍പ്പെടെ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയിലെ അംഗങ്ങളാണ് കീഴടങ്ങിയതെന്ന് പോലീസ് സൂപ്രണ്ട് കിരണ്‍ ചവാന്‍ പറഞ്ഞു. കീഴടങ്ങിയവര്‍ക്ക് സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതിപ്രകാരം 50,000 രൂപവീതം സഹായം നല്‍കി. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഛത്തീസ്ഗഢില്‍ ഉന്നതനേതാക്കള്‍ ഉള്‍പ്പെടെ 2150-ലധികം മാവോവാദികള്‍ കീഴടങ്ങിയിട്ടുണ്ട്.
Content Highlights: India`s security forces are in the final stages of eradicating Naxalism
Published: 25 Nov 2025, 11:20 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented